'പോണ്‍' കാണുന്നതും പുരുഷ ലൈംഗികജീവിതവും തമ്മില്‍ ബന്ധം; പഠനം പറയുന്നത്...

By Web TeamFirst Published Oct 21, 2021, 11:33 PM IST
Highlights

പഠനത്തില്‍ പങ്കെടുത്ത 38 ശതമാനം പേരും 16 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ്. 29 ശതമാനം പേര്‍ 26 മുതല്‍ 35 വരെ പ്രായമുള്ളവര്‍. 22 ശതമാനം പേര്‍ 36 മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെയുള്ളവരും. നാല്‍പത്തിയഞ്ചിന് മുകളിലുള്ള പത്ത് ശതമാനം പേരാണ് പഠനത്തില്‍ പങ്കെടുത്തിട്ടുള്ളത്

ഇന്റര്‍നെറ്റിന്റെ ഉപയോഗം സാര്‍വത്രികമായതോടെ 'പോണോഗ്രാഫി'യും വളര്‍ന്നു. 'പോണ്‍' കാണുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. പോണുമായി ബന്ധപ്പെട്ട മനശാസ്ത്രം, ലൈംഗികജീവിതം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പല പഠനങ്ങളും ഉണ്ടായി. ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും ഇക്കാലയളവിനുള്ളില്‍ ഇത് സംബന്ധിച്ച് ഗവേഷകരില്‍ നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും വന്നു. 

ഇതുമായി ചേര്‍ത്തുവയ്ക്കാവുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പോണ്‍ കാണുന്ന പുരുഷന്മാരും അവരുടെ ലൈംഗികജീവിതവും എന്ന വിഷയത്തില്‍ ബെല്‍ജിയം, ഡെന്മാര്‍ക്ക്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 

വിഷയവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ തയ്യാറാക്കിയ ചോദ്യാവലിക്ക് ഓണ്‍ലൈനായി മൂവ്വായിരത്തിലധികം പുരുഷന്മാര്‍ മറുപടി നല്‍കി. ബെല്‍ജിയം, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചില നിരീക്ഷണങ്ങള്‍ പങ്കുവച്ചു. 

എത്രമാത്രം പോണ്‍ ആണ് പുരുഷന്മാര്‍ കാണുന്നത് എന്നതും അവരുടെ ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ 35 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികതയെക്കാള്‍ ആസ്വാദ്യകരം പോണ്‍ കാണുന്നതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. അതുപോലെ 23 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികജീവിതത്തില്‍ അസംതൃപ്തി, ഉദ്ധാരണപ്രശ്‌നം എന്നിങ്ങനെയുള്ള വിഷമതകള്‍ നേരിടുന്നതായും രേഖപ്പെടുത്തി. ഈ 23 ശതമാനം പേരും മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 


പോണും, ലൈംഗികജീവിതവും തമ്മില്‍ ബന്ധമുള്ളതായി വിവിധ രീതിയില്‍ സ്ഥിരീകരിക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ ഇത്രയധികം പേര്‍ ലൈംഗികപ്രശ്‌നങ്ങള്‍ നേരിടുന്നതായി അഭിപ്രായപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണങ്ങളിലേക്ക് എത്തിയിരിക്കുന്നത് എന്നതിനാലും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായിട്ടുള്ള വിഭാഗമാണ് ഇതില്‍ കൂടുതല്‍ പങ്കെടുത്തത് എന്നതിനാലും പൂര്‍ണമായും ആധികാരികമായ പഠനമാണിതെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. 

അതേസമയം ഭാവിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയവും വിപുലവുമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിവരങ്ങള്‍ ഇതില്‍ നിന്ന് എടുക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. 

മുപ്പത്തിയഞ്ചാമത് 'യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് യൂറോളജി വെര്‍ച്വല്‍ കോണ്‍ഗ്രസി'ല്‍ ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനം പുരുഷന്മാരും പോണ്‍ കാണുമ്പോള്‍ വൈകാരിക തീവ്രത വര്‍ധിപ്പിക്കുന്ന രംഗങ്ങള്‍ക്കായി ദൃശ്യം ഫോര്‍വേര്‍ഡ് ചെയ്ത് കാണുന്നുവെന്നും 20 ശതമാനം പേര്‍ മുമ്പ് കണ്ട ദൃശ്യങ്ങളെക്കാള്‍ തീവ്രതയുള്ള ദൃശ്യങ്ങള്‍ക്കായി ഓരോ തവണയും അന്വേഷിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഇത്തരം പ്രവണതകളെല്ലാം യഥാര്‍ത്ഥമായ ലൈംഗികജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബാധിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 

 

 

പഠനത്തില്‍ പങ്കെടുത്ത 38 ശതമാനം പേരും 16 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ്. 29 ശതമാനം പേര്‍ 26 മുതല്‍ 35 വരെ പ്രായമുള്ളവര്‍. 22 ശതമാനം പേര്‍ 36 മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെയുള്ളവരും. നാല്‍പത്തിയഞ്ചിന് മുകളിലുള്ള പത്ത് ശതമാനം പേരാണ് പഠനത്തില്‍ പങ്കെടുത്തിട്ടുള്ളത്. പങ്കാളിയോ കാമുകിയോ ഇല്ലാത്തവര്‍, പുതുതായി പങ്കാളിയോ കാമുകിയോ ഉണ്ടായവര്‍, ദീര്‍ഘകാലമായി പങ്കാളിയുള്ളവര്‍, വിഭാര്യര്‍, വിവാഹമോചിതര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലും പെട്ട പുരുഷന്മാര്‍ പഠനത്തില്‍ പങ്കെടുത്തതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

Also Read:- രാത്രികാല ഉദ്ധാരണങ്ങൾ ട്രാക്ക് ചെയ്യുന്ന യന്ത്രം; തിരിച്ചറിയാനാവുക മറ്റു പല ആരോഗ്യപ്രശ്നങ്ങളും

click me!