World Mental Health Day 2022 : ലോക മാനസികാരോഗ്യ ദിനം ; വിഷാദരോഗം എങ്ങനെ തിരിച്ചറിയാം?

By Priya VargheseFirst Published Oct 9, 2022, 3:30 PM IST
Highlights

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കൊവിഡിന് മുൻപ് 2019 തന്നെ എട്ടു പേരിൽ ഒരാളിൽ മാനസിക പ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. കൊവിഡിന്റെ ആദ്യ നാളുകളിൽ തന്നെ വിഷാദരോഗവും ഉത്കണ്ഠയും അപ്പോഴുള്ളതിലും 25% അധികം ആളുകളിൽ കൂടിയതായി കണക്കുകൾ വന്നിരുന്നു. 

ഓക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യവും സുസ്ഥിതിയും ലോകത്താകമാനം മുൻഗണന കൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഈ വർഷം ചർച്ച ചെയ്യുന്നത്. കോവിഡ് മഹാമാരിയോടുകൂടി ആളുകളുടെ മാനസികാരോഗ്യം വലിയ നിലയിൽ ബാധികപ്പെട്ടിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കൊവിഡിന് മുൻപ് 2019 തന്നെ എട്ടു പേരിൽ ഒരാളിൽ മാനസിക പ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. കൊവിഡിന്റെ ആദ്യ നാളുകളിൽ തന്നെ വിഷാദരോഗവും ഉത്കണ്ഠയും അപ്പോഴുള്ളതിലും 25% അധികം ആളുകളിൽ കൂടിയതായി കണക്കുകൾ വന്നിരുന്നു. 

കേരളത്തിലെ ആളുകളുടെ മാനസികാരോഗ്യവും വലിയ രീതിയിൽ ബാധിക്കപ്പെട്ട പല സംഭവങ്ങളും നാം ഓരോ ദിവസവും കേൾക്കുന്നുണ്ട്. ഗാർഹിക പീഡനങ്ങൾ, കുട്ടികളുടെ ആത്മഹത്യ, കൗമാരക്കാരിലെ മയക്കുമരുന്ന് ഉപയോഗം, കുടുംബങ്ങളിൽ സംശയരോഗം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ, കൊലപാതകങ്ങൾ ഇങ്ങനെ നീണ്ടുപോകുന്ന പട്ടിക. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞാൻ കാണാൻ ഇടയായ കേസുകളുടെ അവലോകനം. 

സ്മാർട്ട് ഫോൺ വില്ലനാകുമ്പോൾ...
  
കുട്ടികൾക്ക് സ്കൂളിൽ പോകാനാവാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പല കുട്ടികളുടെയും ജീവിതത്തിൽ സ്മാർട്ട് ഫോൺ വില്ലനായി മാറിയ കാഴ്ചയാണ് കണ്ടത്. ക്ലാസുകൾ ശ്രദ്ധിക്കാനാവാതെ ഗേമുകളിലേക്കും സോഷ്യൽ മീഡിയയ്ക്കും അഡിക്റ്റായി മാറിയ സംഭവങ്ങളാണ് ഏറെയും. ഈ സ്മാർട്ഫോൺ അഡിക്ഷൻ കൊണ്ടുതന്നെ കുട്ടികളുടെ സ്വഭാവത്തിൽ കാര്യമായ വ്യതിയാനം സംഭവിച്ചു. 

മാതാപിതാക്കളുമായി നിരന്തരം വഴക്കുകൾ, ദേഷ്യം, വിഷാദം, മരിക്കണം എന്ന തോന്നൽ, ഉറക്കമില്ലായ്മ എന്നിങ്ങനെ വലിയ സ്വഭാവപ്രശ്നങ്ങൾ അവരിൽ കൂടിവന്നു. ഫോണുകൾ ബലമായി പിടിച്ചു വെക്കാൻ ശ്രമിച്ച മാതാപിതാക്കൾ ആത്മഹത്യാ ഭീഷണി മുതൽ അക്രമ സ്വഭാവം വരെ പ്രകടമാക്കുന്ന മക്കളുടെ പ്രതികരണത്തിൽ മനംനൊന്തു. ചില കുട്ടികൾ ഫോൺ ഇല്ലെങ്കിൽ ജീവിതം തന്നെ അർത്ഥമില്ലാത്തതാണ് എന്ന് ചിന്തയിൽ ആത്മഹത്യ ചെയ്യുന്ന കാഴ്ചവരെ വാർത്തകളിലൂടെ കണ്ടു. 

കുട്ടികളിൽ മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ഭയം രൂപപ്പെട്ടു, ആത്മവിശ്വാസം നഷ്ടപ്പെട്ടു. സ്വയം പഴിക്കുന്ന ചിന്തകളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഒരു മാർഗ്ഗം എന്ന നിലയിൽ ഫോണിൽ അഭയം പ്രാപിച്ച കുട്ടികൾ നിരവധിയാണ്.
കൗമാരക്കാരിലും മുതിർന്നവരിലും സോഷ്യൽ മീഡിയയിലൂടെ  അപകടകരമായ ബന്ധങ്ങളിൽ ചെന്നുപെട്ട് വിഷാദത്തിലേക്കു വീണുപോയ നിരവധിപ്പേരുണ്ട്. 

ഓൺലൈൻ ഗാംബ്ലിങ് അഡിക്ഷൻ...

ഓൺലൈൻ ഗാംബ്ലിങ് കുടുംബ സമാധാനവും സമ്പത്തും തകർത്തുകളഞ്ഞ സംഭവങ്ങൾ നിരവധിയാണ്. അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്ന് നുണ പറഞ്ഞുകൊണ്ട് ഉറ്റ സുഹൃത്തുക്കളെയും ബന്ധുക്കളെയും വരെ കബളിപ്പിക്കുകയും ജോലി നഷ്ടപ്പെടുകയും വരെ ചെയ്ത ആളുകൾ നിരവധിയാണ്. 

മദ്യവും മയക്കു മരുന്നും ഗാർഹിക പീഡനവും...

മദ്യത്തിൻറെ സ്വാധീനം പങ്കാളിയെ ഉപദ്രവിക്കാനുള്ള സാധ്യതകൂട്ടുന്നു. ലോക്ക്ഡൌണിൽ മദ്യത്തിൻറെ ലഭ്യത കുറഞ്ഞപ്പോൾ  അതിനോടു പൊരുത്തപ്പെടാൻ കഴിയാതെ വന്നവരിൽ  അക്രമ സ്വഭാവം കൂടിയിരുന്നു. മദ്യം ഉപയോഗിച്ച് രണ്ടു മണിക്കൂറിനുള്ളിലാണ്‌ 60% ആളുകളും പങ്കാളിയെ ആക്രമിക്കുന്നത് എന്നാണ് ഒരു പഠനം പറയുന്നത്. അക്രമ സ്വഭാവം കാണിക്കുന്ന വ്യക്തിത്വത്തിൻറെ പ്രത്യേകതകൾ എടുത്തുചാട്ടം, ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വരിക, കുറ്റകൃത്യവാസന, ക്രൂരത, കുറ്റബോധം ഇല്ലായ്മ, അസൂയ, പ്രകോപനം ഉണ്ടായാൽ അക്രമാസക്തരാവുന്നത് സാധാരണമാണ് എന്ന തെറ്റായ മനോഭാവം വച്ചുപുലർത്തുക, സഹാനുഭൂതി ഇല്ലായ്മ എന്നിവയാണ്. ഇത് കൃത്യമായ ചികിത്സ ലഭിക്കാതെ വരുമ്പോൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്. കൗമാരപ്രായക്കാരിൽ ആൺപെൺ വ്യത്യാസമില്ലാതെ മയക്കു മരുന്നുപയോഗവും ലഭ്യതയും കൂടിവരുന്ന കാഴ്ചയാണ് ഉണ്ടായത്. ഇതോടൊപ്പം തന്നെ ലൈംഗികതെയെക്കുറിച്ചു തെറ്റായ ധാരണകൾ രൂപപ്പെടുക, പോർണോഗ്രഫി അഡിക്ഷൻ എന്നിവ പലരിലും ഉണ്ട്. 

വിഷാദവും ആത്മഹത്യാ ചിന്തകളും...
 
വിഷാദവും ആത്മഹത്യാ ചിന്തകളും ഉള്ളവരെ കൂടെയുള്ളവർ  തിരിച്ചറിയുന്നില്ല എന്നതാണ് പലപ്പോഴും കാണുന്ന കാഴ്ച. ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട് എന്നതിൻറെ ലക്ഷണങ്ങൾ...

1. പല തവണ മരണത്തെക്കുറിച്ചോ, ആത്മഹത്യയെക്കുറിച്ചോ സംസാരിക്കുക.
2. ഇനി അധികനാൾ അവർ ഒപ്പമുണ്ടാവില്ല എന്ന തരത്തിൽ സൂചനകൾ നൽകുക.
3. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടന്നോ, കുറ്റബോധം താങ്ങാൻ കഴിയില്ലന്നോ എന്നൊക്കെ സംസാരത്തിനിടയിൽ പറയുക.
4. സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും അകൽച്ച പാലിക്കുക
5. മരണത്തെക്കുറിച്ചോ, നഷ്ടബോധത്തെക്കുറിച്ചോ ഫേസ്ബുക്ക്‌ പോസ്റ്റുകൾ ഇടുക എന്നിവ
വളരെ അമൂല്യമായി അതുവരെ കാത്തുസൂക്ഷിച്ചിരുന്ന വസ്തുക്കൾ സുഹൃത്തുക്കൾക്കോ സഹോദരങ്ങൾക്കോ കൈമാറുക.
6. ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ പ്രകടമാക്കുക.
7. മുൻപ് താല്പര്യമുണ്ടായിരുന്ന കാര്യങ്ങളിൽ താല്പര്യം നഷ്ടപ്പെടുക
8. വളരെ അപകടകരമായ പ്രവർത്തികളിൽ ഏർപ്പെടുക (ഉദാ: അമിത വേഗതയിൽ ഇടുങ്ങിയ റോഡിലൂടെ ഇരുചക്രവാഹനമോടിക്കുക)

ശരീരത്തിന്റെ ആരോഗ്യത്തിന് നാം കൊടുക്കുന്ന പ്രാധാന്യം മനസ്സിന്റെ ആരോഗ്യത്തിനും കൊടുക്കേണ്ട സമയമാണിത്. അത്രത്തോളം മാനസിക പ്രശ്നങ്ങൾ ഇന്ന് ആളുകൾ നേരിടുന്നു. പല ശാരീരിക അസ്വസ്ഥതകളും മനസ്സിന്റെ ടെൻഷൻ മൂലം ഉണ്ടാകുന്ന കാഴ്ചയും ഇന്ന് നിരവധിയാണ്. ഉദാ: ഹൈപ്പോകോൺഡ്രിയാസിസ്, പാനിക് അറ്റാക്ക് എന്നിവ. മാനസികാരോഗ്യം എല്ലാ മേഖലയിലും ഉള്ള വിജയത്തിന് അനിവാര്യമാണ്. 

എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ബ്രീത് മൈൻഡ് കെയർ 
Near TMM Hospital, തിരുവല്ല
For appointments call: 8281933323  
Online/ Telephone consultation available 

ഈ ആറ് കാര്യങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമാക്കാം...

 

click me!