ഒരു ദക്ഷിണാഫ്രിക്കന്‍ ദുരന്തം കൂടി; വില്യംസണിന്‍റെ സെഞ്ചുറി തിളക്കത്തില്‍ ആഫ്രിക്കന്‍ കരുത്തിനെ പെട്ടിയിലാക്കി കിവി പക്ഷികള്‍ ചിറകടിച്ചുയര്‍ന്നു

By Web TeamFirst Published Jun 20, 2019, 12:24 AM IST
Highlights

72 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്ന് 137ന് അഞ്ച് എന്ന പരുങ്ങിയ ന്യൂസിലന്‍ഡിനെ ജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്യംസണ്‍- കോളിന്‍ ഗ്രാന്‍ഡ്ഹോം സഖ്യമാണ്

ബിര്‍മിംഗ്ഹാം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് ജയം. നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കിവികള്‍ക്കെതിരായ പരാജയം സഹിക്കാവുന്നതിലും അപ്പുറമായി. ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന വില്യംസണും സംഘവും സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് വിജയത്തോടെ ഏറക്കുറെ ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇടയ്ക്ക് പതറിയെങ്കിലും നായകന്‍റെ ഇന്നിംഗ്സുമായി വില്യംസണ്‍ രക്ഷയ്ക്കെത്തി. തകര്‍പ്പന്‍ സെഞ്ചുറിയുമായി നായകന്‍ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് നാല് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.

അവസാന ഓവറിലാണ് കിവികള്‍ ജയം പിടിച്ചെടുത്തത്. അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ടാം പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയ വില്യംസണ്‍ സെഞ്ചുറി തികച്ചു. മൂന്നാം പന്തും അതിര്‍ത്തി കടത്തിയതോടെ ദക്ഷിണാഫ്രിക്ക അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങി. 138 പന്തില്‍ 106 റണ്‍സുമായി വില്യംസണ്‍ പുറത്താകാതെ നിന്നു. 60 റണ്‍സ് നേടി പുറത്തായ കോളിന്‍ ഗ്രാന്‍ഡ്ഹോം നായകന് മികച്ച പിന്തുണ നല്‍കി.

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് കോളിന്‍ മുണ്‍റോയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. ഇതോടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മനസിലായ കിവികള്‍ക്കായി മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്യംസണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ഹിറ്റ് വിക്കറ്റ് എന്ന ദൗര്‍ഭാഗ്യത്തില്‍ ഗപ്റ്റില്‍ വീണതോടെ ന്യൂസിലന്‍ഡ് കൂട്ടത്തകര്‍ച്ച നേരിട്ടു. 72 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്ന് 137ന് അഞ്ച് എന്ന പരുങ്ങിയ ന്യൂസിലന്‍ഡിനെ ജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്യംസണ്‍- കോളിന്‍ ഗ്രാന്‍ഡ്ഹോം സഖ്യമാണ്.

ഒരറ്റത്ത് നിലയുറപ്പിച്ച കെയ്ന്‍ വില്യംസണിലായിരുന്നു ന്യൂസിലന്‍ഡിന്‍റെ പ്രതീക്ഷകള്‍. റോസ് ടെയ്‍ലര്‍(1), ടോം ലാഥം (1), ജയിംസ് നീഷാം (23) എന്നിങ്ങനെയായിരുന്നു മധ്യനിരയുടെ തകര്‍ച്ച. നായകനൊപ്പം കോളിന്‍ ഗ്രാന്‍ഡ്ഹോം എത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ കൈയില്‍ നിന്ന് വീണ്ടും കളി വഴുതിമാറുകയായിരുന്നു. നഷ്ടപ്പെടുത്തിയ അവസരങ്ങളും ആഫ്രിക്കന്‍ ടീമിന്‍റെ ലോകകപ്പ് പ്രയാണത്തെ ദുഷ്കരമാക്കിയിരിക്കുകയാണ്. ലോകകപ്പ് സെമി കാണാതെ ഇക്കുറി ദക്ഷിണാഫ്രിക്ക പുറത്തായി എന്ന് ഏറക്കുറെ പറയാം.

നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സ് ഡുപ്ലസിയും സംഘവും കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും റാസി വാന്‍ഡര്‍ ഡുസ്സനും അര്‍ധ സെഞ്ചുറികള്‍ നേടി. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മഴമൂലം 49 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് ഇറങ്ങി രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിയേറ്റ് വാങ്ങി.

സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്‍റണ്‍ ഡികോക്ക് ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ ബൗള്‍ഡായി പുറത്തായി. പിന്നീട് എത്തിയ നായകന്‍ ഫാഫ് ഡുപ്ലസിക്കൊപ്പം ഹാഷിം അംലയും ചേര്‍ന്നതോടെ പതിയെ ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരിച്ചെത്തി. പക്ഷേ, എഡ്ജ്ബാസ്റ്റണിലെ സാഹചര്യങ്ങളും ന്യൂസിലന്‍ഡ് ബൗളിംഗും പിടിമുറുക്കിയതോടെ വളരെ പതുക്കെയാണ് ദക്ഷിണാഫ്രിക്ക മുന്നോട്ട് നീങ്ങിയത്. ഡുപ്ലസി (23), ഏയ്ഡന്‍ മര്‍ക്രാം (38) എന്നിവര്‍ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

83 പന്തില്‍ 55 റണ്‍സെടുത്ത ഹാഷിം അംലയെ മിച്ചല്‍ സാന്‍റനര്‍ വീഴ്ത്തുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. പിന്നീട് വാന്‍ഡര്‍ ഡുസ്സന്‍ (67) ഡേവിഡ് മില്ലര്‍ (36) എന്നിവരുടെ പ്രകടനമാണ് അല്‍പം ഭേദപ്പെട്ട സ്കോര്‍ ഡുപ്ലസിക്കും സംഘത്തിനും നല്‍കിയത്. കിവീസിനായി പത്ത് ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

click me!