ഞാനിപ്പോള്‍ പിന്തുടരുന്നത് എന്‍റെ തോന്നലുകളെയാണ്; ലിജോ ജോസ് പെല്ലിശ്ശേരിയുമായി അഭിമുഖം

By Nirmal SudhakaranFirst Published Dec 7, 2018, 3:28 PM IST
Highlights


   'ഒരു സംവിധായകന്‍ എന്ന നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാവുന്ന തിരിച്ചറിവുകളുണ്ട്. ഒരു ഘട്ടം വരെ ഞാന്‍ ധരിച്ചിരുന്നത്, ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അന്തിമമായി എത്തിപ്പിടിക്കേണ്ടത് വെസ്റ്റേണ്‍ സിനിമകളോട് കിടപിടിക്കുന്ന സിനിമകള്‍ ആണെന്നാണ്. പക്ഷേ അങ്ങനെയല്ല വേണ്ടതെന്ന് പിന്നീട് മനസിലായി. അവരുടെ സിനിമ അവര്‍ എടുക്കുന്നുണ്ടല്ലോ?'- കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മ യൌ എന്ന സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നു. നിര്‍മ്മല്‍ സുധാകരൻ നടത്തുന്ന അഭിമുഖം.

കരിയറിലെ ഏറ്റവും വലിയ പരാജയം മുന്നില്‍ വന്നുനിന്ന സമയത്ത് 'നോ  പ്ലാന്‍സ് ടു ചേഞ്ച്, നോ  പ്ലാന്‍സ് ടു ഇംപ്രസ്' എന്ന് പറഞ്ഞ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതൊരു വെറുംവാക്കല്ലായിരുന്നു എന്നതിന്‍റെ തെളിവ് ലിജോയുടെ അടുത്ത സിനിമ തന്നെയായിരുന്നു. 86 പുതുമുഖങ്ങളെ ഒരുമിച്ച് അവതരിപ്പിച്ച അങ്കമാലി ഡയറീസ് ആയിരുന്നു ആ സിനിമ. കരിയറിന്‍റെ നിര്‍ണായക ഘട്ടത്തില്‍ ആ സംവിധായകന്‍ ഏറ്റെടുത്ത റിസ്കിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി വരവേറ്റു. പിന്നീടുവന്ന ചിത്രം ഈ.മ.യൗ.വിന് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ചു. ചിത്രത്തിന്‍റെ മറാഠി പതിപ്പ് വൈകാതെ തീയേറ്ററുകളിലെത്തും. ബോളിവുഡ് റീമേക്കിനുള്ള കരാറുമായി. ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിലുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധവെക്കുന്ന ഈ സംവിധായകനാണ് ഇന്ത്യയുടെ 49-ാം ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചത്. സിനിമ എന്ന മാധ്യമത്തില്‍ കൈയൊപ്പ് പതിപ്പിക്കുന്നതിനുള്ള തന്‍റെ രീതികളെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുകയാണ്, നിര്‍മല്‍ സുധാകരനുമായി നടത്തിയ ഈ അഭിമുഖത്തില്‍.

ഐഎഫ്എഫ്ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. അത്തരം പ്രതീക്ഷകളോടെയൊന്നുമല്ല ഞാന്‍ സിനിമ ചെയ്യുന്നത്. മറ്റ് സിനിമകളുടെ കാര്യം പോലെ ഈ.മ.യൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തു. അത്രമാത്രം.

നായകന്‍ മുതല്‍ മുന്നോട്ടുള്ള ഫിലിമോഗ്രഫി പരിശോധിച്ചാല്‍ ഓരോ ചിത്രം കഴിയുന്തോറും മീഡിയത്തില്‍ പ്രാഗത്ഭ്യം നേടുന്ന ലിജോയിലെ സംവിധായകനെ കാണാം. സംവിധായകന്‍ എന്ന നിലയില്‍ ലിജോയ്ക്ക് ഏറ്റവും ആത്മവിശ്വാസമുണ്ടാക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ് എന്ന് തോന്നിയിട്ടുണ്ട്. 86 പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്യുക. ഇപ്പോള്‍ ഈ.മ.യൗവിന്‍റെ നേട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ മീഡിയത്തില്‍ ഇതിനകം നേടിയ ആത്മവിശ്വാസത്തെക്കുറിച്ച് ഒന്ന് പറയാമോ?

ഒരു സംവിധായകന്‍ എന്ന നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാവുന്ന തിരിച്ചറിവുകളുണ്ട്. ഒരു ഘട്ടം വരെ ഞാന്‍ ധരിച്ചിരുന്നത്, ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അന്തിമമായി എത്തിപ്പിടിക്കേണ്ടത് വെസ്റ്റേണ്‍ സിനിമകളോട് കിടപിടിക്കുന്ന സിനിമകള്‍ ആണെന്നാണ്. പക്ഷേ അങ്ങനെയല്ല വേണ്ടതെന്ന് പിന്നീട് മനസിലായി. അവരുടെ സിനിമ അവര്‍ എടുക്കുന്നുണ്ടല്ലോ? നമ്മള്‍ അതുപോലെ എടുത്ത് കാണിക്കേണ്ട കാര്യമില്ലല്ലോ എന്ന് തോന്നി. നമുക്ക് പറയാനായി നമ്മുടെ വിഷയങ്ങളുണ്ട്. അവിടെ അവര്‍ പ്രതിപാദിക്കുന്ന തരത്തിലുള്ള ഒരു വിഷയം പറയാനായി നമ്മുടെ പശ്ചാത്തലങ്ങളും നമ്മുടെ രീതികളും ഉപയോഗിക്കാം. അങ്ങനെയും ആ കഥ നമുക്ക് പറയാമല്ലോ. എന്‍റെ ഫിലിംമേക്കിംഗ് ശൈലിയില്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് സംഭവിച്ച പ്രധാന വ്യത്യാസം, ഓവര്‍ പ്രിപ്പയേര്‍ഡ് ആവുന്ന സ്വഭാവത്തില്‍ മാറ്റം വന്നു എന്നതാണ്. എല്ലാ ഷോട്ടുകളും പ്ലാന്‍ ചെയ്യുക, ഓരോ ഫ്രെയ്‍മിലും എന്തൊക്കെ ഘടകങ്ങള്‍ വേണം എന്നതൊക്കെ സംബന്ധിച്ച് വലിയ തോതില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട് ആദ്യ സിനിമകളില്‍. മുന്നോട്ട് പുരോഗമിക്കവെ പതുക്കെ അക്കാര്യത്തില്‍ വ്യത്യാസം വന്നു. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ ആംബിയന്‍സിലേക്ക് എന്നെത്തന്നെ പറിച്ചുനടുന്ന, ഒരു രീതിയിലേക്ക് വന്നു. ഈ വര്‍ക്കിംഗ് പാറ്റേണ്‍ സ്വാഭാവികമായും പിന്നീട് ചെയ്ത സിനിമകള്‍ക്കും അത്തരമൊരു സ്വഭാവമുണ്ടാക്കി. 

ഇപ്പോള്‍ പ്രീ-പ്രൊഡക്ഷനില്‍ നന്നായി വര്‍ക്ക് ചെയ്യും. പ്രത്യേകിച്ച് തിരക്കഥയില്‍. സിനിമയുടെ പ്രൊഡക്ഷന്‍ എന്ന് പറയുന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായി മാറി. മറിച്ച് കഠിനമായ ഒരു പ്രശ്‌നമായി മാറുന്നില്ല അത്. എല്ലാ ദിവസവും ചെയ്യുന്ന പ്രവൃത്തിയുടെ ഒരു ഈസിനസ് പ്രൊഡക്ഷനില്‍ ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. എല്ലാ സംവിധായകരും അതിലേക്ക് എത്തുമായിരിക്കും. പല സിനിമകള്‍ ചെയ്ത് ലഭിക്കുന്ന പ്രായോഗിക പരിചയം വഴി കുറച്ച് കാലം കൊണ്ട് നേടുന്നതായിരിക്കാം 'മീഡിയത്തിന് മുകളിലുള്ള നിയന്ത്രണ'മെന്ന് പറയുന്നത്. 

അങ്കമാലി ഡയറീസിന്‍റെ കാര്യം.. അത് ചെയ്യുന്നത് എന്‍റെ കരിയര്‍ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ്. ഒരു കഥ പറയാനായി കെട്ടുകാഴ്ചകളുടെ നിര്‍ബന്ധമില്ല. അതിന് പ്രാഥമികമായ ഘടകങ്ങള്‍ മാത്രം മതി. അത്തരം എലമെന്‍റ്സ് വച്ച്, പ്രാഥമികമായ കഥ പറച്ചിലില്‍ മാത്രം ഫോക്കസ് ചെയ്ത്, ഒരു സിനിമ.. അത് ആളുകളെ കാണിച്ചാല്‍ അവരത് കണ്ട് മനസിലാക്കുമോ എന്നൊരു അന്വേഷണമായിരുന്നു അങ്കമാലി ഡയറീസ്. അത് പ്രേക്ഷകര്‍ക്ക് കണ്ട് മനസിലാക്കാനായില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ബോധ്യത്തില്‍ നിന്ന് ചെയ്തതാണ് അത്. കാരണം അങ്ങനെയെങ്കില്‍ എനിക്ക് കഴിവില്ല എന്നാണ് അര്‍ഥം. അങ്ങനെയെങ്കില്‍ എന്‍റെ വിദ്യാഭ്യാസത്തിനനുസരിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടെ? അതിലെ കഥാപാത്രങ്ങളെപ്പോലെയായിരുന്നു ഞങ്ങളത് ഷൂട്ട് ചെയ്തതും. മുണ്ടുടുത്ത് അങ്കമാലി മാര്‍ക്കറ്റിലൊക്കെ ഇറങ്ങി നടന്ന്, അങ്ങനെ. 

കെട്ടുകാഴ്ചയുടെ കാര്യം പറഞ്ഞല്ലോ? ഇന്ത്യന്‍ പോപ്പുലര്‍ സിനിമയില്‍ പ്രൊഡക്ഷന്‍റെ വലിപ്പം, ഉയര്‍ന്ന ബജറ്റൊക്കെ ഒരു സിനിമയ്ക്ക് വലിയ പ്രീ-റിലീസ് പബ്ലിസിറ്റി കൊടുക്കുന്ന ഘടകങ്ങളാണ് ഇപ്പോള്‍?

സിനിമകള്‍ ചെറുതാവണം എന്നൊരു ആര്‍ഗ്യുമെന്‍റ് എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു നരേറ്റീവ് ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. ഒരു എപിക് സ്കെയിലിലുള്ള ഒരു സിനിമ നമുക്ക് ഒരു മുറിയിലിരുന്ന് പറയാന്‍ പറ്റില്ല. ഈ.മ.യൗ ഒരു വീടിന്‍റെ ചുറ്റുവട്ടത്ത് നിന്ന് പറയാവുന്ന കഥയായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതേസമയം സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. 100 കോടി മുടക്കി, അല്ലെങ്കില്‍ 1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്. സിനിമയില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യം? ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ സില്ലിയായ ഒരു ഏര്‍പ്പാടല്ലേ?

സിനിമ ചെയ്യുമ്പോള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു 'ഹാന്‍ഡ്‌സ് ഫ്രീ' ഫീലീംഗ് തോന്നുന്നുണ്ടോ ഇപ്പോള്‍? ഉള്ളടക്കത്തിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ കഴിയുന്നുണ്ടോ?

അതെ. മുന്‍പ് പിന്തുടര്‍ന്നിരുന്ന ഒരു 'മെത്തേഡ്' ഉണ്ടായിരുന്നു. അതില്‍ വ്യത്യാസം വന്നു. ചിത്രീകരണത്തിനിടെയുണ്ടാവുന്ന 'തോന്നലുകളെ'യൊക്കെ പിന്തുടരാറുണ്ട് ഇപ്പോള്‍. ഷൂട്ടിംഗ് നടക്കുന്നതിനിടെ ഏറ്റവും ശരിയെന്ന് തോന്നുന്നത് തന്നെയാണ് അതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗമെന്നാണ് ഇപ്പോഴത്തെ വിശ്വാസം. സിനിമയുടെ സോ കോള്‍ഡ് ഗ്രാമറൊന്നും അതില്‍ ഉണ്ടാവില്ല, ചിലപ്പോള്‍. അതേസമയം കഥപറച്ചില്‍ സംഭവിക്കുകയും ചെയ്യും. ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാവുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കമ്യൂണിക്കേഷന്‍ ശരിയാവുന്നതിന്‍റേതാവും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഈസിനസിന് കാരണം. 

നമ്മുടെ സംവിധായകര്‍ സാങ്കേതികമായി ഇപ്പോള്‍ എക്വിപ്പ്ഡ് ആണ്. പക്ഷേ അവര്‍ക്ക് ആവശ്യമായ കാമ്പുള്ള ഉള്ളടക്കത്തിന്, നല്ല തിരക്കഥകള്‍ക്ക് ക്ഷാമമുണ്ടോ? 

കണ്ടന്‍റിന് ക്ഷാമമുണ്ട് എന്നത് ആളുകള്‍ വെറുതെ പറയുന്നതാണ്. നമ്മുടെ ഭാഷയില്‍ ഉള്ളത്രയും ഉഗ്രന്‍ ലിറ്ററേച്ചര്‍ ഒരുപക്ഷേ ഇന്ത്യയിലെ മറ്റൊരു ഭാഷയിലും ഉണ്ടാവില്ല. സിനിമയില്‍ നമുക്ക് ഉപയോഗിക്കാവുന്ന അത്രയും മെറ്റീരിയല്‍ ഉണ്ട് ഇവിടെ. പക്ഷേ അത് കണ്ടെത്തുന്നില്ല, ഉപയോഗിക്കുന്നില്ല. അതാണ് പ്രശ്‌നം. സ്‌ക്രിപ്റ്റ് രൂപീകരണം എന്നെ സംബന്ധിച്ച് ഒരു കംബൈന്‍ഡ് എഫര്‍ട്ട് ആണ്. ഒരു ആശയം സ്‌ക്രീനിലെത്തിക്കാന്‍ പാകത്തില്‍ തിരക്കഥാകൃത്ത് രൂപപ്പെടുത്തുമ്പോള്‍ നമ്മുടെ ആവശ്യങ്ങളും രീതികളുമൊക്കെ പറഞ്ഞാണ് മുന്നോട്ടുപോകാറ്. ഞാന്‍ ഇതുവരെ ചെയ്ത എല്ലാ സിനിമകളുടെയും തിരക്കഥ ഷെയ്പ്പ് ചെയ്യുന്ന സമയത്ത് ഞാന്‍ അതിന്‍റെ ഭാഗമായിരുന്നു. അത് വളരെ നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന കാര്യവുമാണ്. അതേസമയം ആ ഇടപെടല്‍ എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഒന്നല്ല. നമ്മുടെ അഭിപ്രായങ്ങള്‍ എന്തായാലും അതിലുണ്ടാവും. നല്ല ഒരു ആശയം മനസ്സിലുള്ള ഒരാളെ അങ്ങനെയൊരു റൈറ്റിംഗ് സ്‌പേസിലേക്ക് കൊണ്ടുവരാം. എനിക്കുതന്നെ തോന്നുന്ന ഒരു ആശയമാണ് പലപ്പോഴും ഞാന്‍ സിനിമയായി രൂപപ്പെടുത്താറ്. ഈ.മ.യൗവിന്‍റെ ആദ്യ ആശയം ഞാന്‍ മാത്യൂസേട്ടനോട് പറഞ്ഞ ഒരു വാചകമാണ്. പക്ഷേ അദ്ദേഹം ഡെവലപ് ചെയ്തപ്പോള്‍ അത് മറ്റൊരു തലത്തില്‍ എത്തി. ഞാനോ വേറൊരാളോ എഴുതിയിരുന്നെങ്കില്‍ സിനിമയ്ക്ക് ഇപ്പോഴുള്ള ഒരു ഡയമന്‍ഷന്‍ കിട്ടില്ലായിരുന്നു.

മലയാളത്തിലെ ഒരു ഛായാഗ്രാഹകനെ സംബന്ധിച്ച് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ള സംവിധായകരില്‍ ഒരാളാവും ലിജോ ജോസ് പെല്ലിശ്ശേരി. ഒരു വിഷ്വല്‍ പാറ്റേണ്‍ ഒക്കെ തീരുമാനിക്കുന്നത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമാണോ?

ചര്‍ച്ചകളേക്കാളേറെ ഒരു ഓണ്‍ ഗോയിംഗ് പ്രോസസിലാവും വിഷ്വലി സിനിമ എങ്ങനെ വേണമെന്നതും തീരുമാനിക്കുന്നത്. അങ്കമാലി ഡയറീസും ഈ.മ.യൗവുമൊക്കെ തുടക്കത്തിലെ രണ്ട് മൂന്ന് ദിവസങ്ങളില്‍ ചിത്രീകരിച്ച രീതിയായിരുന്നില്ല ആ സിനിമകള്‍ക്ക് വേണ്ടിയിരുന്നത്. രണ്ട് ദിവസംകൊണ്ട് അത് തിരിച്ചറിഞ്ഞപ്പോള്‍ ചെയ്തതൊക്കെ മാറ്റി റീഷൂട്ട് ചെയ്തു. അങ്കമാലി ഡയറീസ് ഷൂട്ട് ചെയ്ത് തുടങ്ങിയതിന് ശേഷമാണ് അതില്‍ ലോംഗ് ടേക്കുകള്‍ നന്നായി വര്‍ക്ക് ആവുമെന്ന് തോന്നിയത്. പിന്നാലെ പതിയെ ഷോട്ടുകളുടെ ദൈര്‍ഘ്യം കൂട്ടാന്‍ തുടങ്ങി. അതിനായി ആവശ്യമുള്ള സ്ഥലങ്ങള്‍ ഡിസൈന്‍ ചെയ്ത് തുടങ്ങി. അങ്ങനെയൊക്കെയാണ് എന്‍റെ സിനിമകളിലെ വിഷ്വല്‍ പാറ്റേണ്‍ തീരുമാനിക്കപ്പെടുന്നത്.

ഡിജിറ്റല്‍ കാലം ഒരു സംവിധായകന് നല്‍കുന്ന വലിയ സ്വാതന്ത്ര്യം കൂടിയല്ലേ അത്?

റിഹേഴ്‍സലിനും ടേക്കുകള്‍ കൂടുതല്‍ എടുക്കാനുമൊക്കെ ഡിജിറ്റല്‍ ആയതിനാല്‍ കൂടുതല്‍ സാഹചര്യം ഉണ്ടല്ലോ.

മലയാളത്തില്‍ ഡിജിറ്റലില്‍ മറ്റൊരു സിനിമയും ഇരുട്ടിനെ ഇത്രയും ഗംഭീരമായി ദൃശ്യവല്‍ക്കരിച്ചിട്ടില്ല, ഈ.മ.യൗ.വിലേത് പോലെ. നരേഷന്‍റെ ഒരു പ്രധാനഭാഗം തന്നെ ഇരുട്ടിലാണല്ലോ സംഭവിക്കുന്നത്. അത് ഇത്രയും വിജയകരമായി സാധിച്ചെടുക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നോ, തിരക്കഥാ ഘട്ടത്തില്‍ തന്നെ?

ഇത് എങ്ങനെ സാധിച്ചെടുക്കും തുടങ്ങിയ കാര്യങ്ങളൊന്നും മുന്‍കൂട്ടി അങ്ങനെ ആലോചിച്ചിരുന്നില്ല. മനസില്‍ വരുന്നത് അങ്ങനെതന്നെ ചിത്രീകരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ചെയ്യാറ്. ക്യാമറാമാന്‍ ചിത്രീകരിച്ചത് ഫ്രെയ്മില്‍ കാണുമ്പോള്‍ ഇങ്ങനെയല്ല വേണ്ടതെന്ന് എനിക്ക് പറയാനാവും. അങ്ങനെയാണ് ഒരു വര്‍ക്കിംഗ് പാറ്റേണ്‍.  എന്നാല്‍ ഈ.മ.യൗവിന്‍റെ ഛായാഗ്രഹണത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഷൈജു ഖാലിദിന് കൊടുക്കേണ്ടിവരും. ഷൈജുവിന്‍റെ വലിയ ഇടപെടല്‍ ഈ.മ.യൗവിന്‍റെ വിഷ്യല്‍ ക്വാളിറ്റിയ്ക്ക് പിന്നിലുണ്ട്. രാത്രി രംഗങ്ങളില്‍ ലൈറ്റ് ഉപയോഗിച്ചിരിക്കുന്നതിലും ഇരുട്ടിന്‍റെ കൃത്യമായ അളവിലുള്ള ഉപയോഗത്തിലുമൊക്കെ. അതൊക്കെ ഷൈജുവിന്‍റെ മാത്രം പരിശ്രമങ്ങളാണ്.

ലിജോയുടെ പ്രധാന വര്‍ക്കുകളൊക്കെ പരിശോധിച്ചാല്‍ പ്രധാന കഥാപാത്രത്തിന്‍റെ വ്യക്തിജീവിതത്തിനൊപ്പം തന്നെ ചുറ്റും നില്‍ക്കുന്ന മനുഷ്യര്‍, പ്രദേശം ഒക്കെ പ്രാധാന്യത്തോടെ കടന്നുവരാറുണ്ട്, സാങ്കേതികമായിപ്പോലും. സൗണ്ട്സ്കേപ്പിലൊക്കെ അറ്റ്മോസ്ഫെറിക് ശബ്ദങ്ങള്‍ കാര്യമായി ഉള്‍പ്പെടുത്താറുണ്ട്. മനസിലേക്ക് ഒരു കഥ വരുമ്പോള്‍ത്തന്നെ ഈ മുഴുവന്‍ ഘടകങ്ങളും ചേര്‍ത്താണോ ഭാവനയില്‍ വിഷ്വലൈസ് ചെയ്യാറ്?

അത് ഞാന്‍ പ്ലാന്‍ ചെയ്യുന്ന ഒരു കാര്യമാണ്. പ്രാഥമികമായി കാണുന്ന ഒരു വിഷ്വലിനപ്പുറമുള്ള ഒന്നോ രണ്ടോ ലെയറുകള്‍ ഞാന്‍ വര്‍ക്ക് ചെയ്യാറുണ്ട്. പിന്നില്‍ നില്‍ക്കുന്ന ഒരാള്‍ എന്ത് പറയും, അയാള്‍ എങ്ങനെ മൂവ് ചെയ്യും, അതിന് പുറകില്‍ നില്‍ക്കുന്നയാള്‍ എന്ത് ചെയ്യും, അത്തരത്തിലുള്ള കാര്യങ്ങള്‍ ഞാന്‍ നന്നായി ഫോക്കസ് ചെയ്ത് നടപ്പാക്കുന്ന കാര്യങ്ങളാണ്. ഒരു സീന്‍ കാണുമ്പോള്‍ അത്തരം കാര്യങ്ങള്‍ നേരിട്ട് നമ്മളെ സ്വാധീനിക്കുന്നില്ലെങ്കിലും പാസീവ് ആയി സ്വാധീനിക്കും. നന്നായി വര്‍ക്ക് ചെയ്താല്‍ മാത്രമേ അത്തരമൊരു ബാക്ക്ഡ്രോപ്പ് ഉണ്ടാക്കിയെടുക്കാന്‍ പറ്റൂ. അതല്ലെങ്കില്‍ അവിടെ നില്‍ക്കുന്ന ഒരാള്‍ വെറുതെ നിന്ന് ചിരിക്കും, ചിലപ്പോള്‍ ഒരു ആക്ഷനും ഉണ്ടാവില്ല. എന്നാല്‍ ഈ കാര്യവും വലിയ പ്രീ പ്ലാനിംഗിലൂടെയല്ല സാധ്യമാക്കുന്നത്. ഒരു സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കറക്ട് ചെയ്യാറാണ് പതിവ്. ക്രൗഡിന്‍റെ ഭാഗമായി വരുന്ന ആളുകളൊക്കെ ആദ്യമേ നമ്മള്‍ ഭാവനയില്‍ കാണുന്നതുപോലെ അഭിനയിക്കുമെന്ന് കരുതരുത്. അത് ചെയ്യിപ്പിച്ച് എടുക്കണം. ഒരു സിനിമ കാണുമ്പൊ ഞാന്‍ ഏറ്റവും ശ്രദ്ധിക്കുന്ന കാര്യം അതിന്‍റെ ബാക്ക്ഡ്രോപ്പ് ആയിരിക്കും. പശ്ചാത്തലം എത്രത്തോളം റിയല്‍ ആക്കാമോ അത്രത്തോളം റിയല്‍ ആവണം. 

click me!