സുഡാനി ഫ്രം നൈജീരിയ 'പച്ചവെള്ളത്തിന്റെ രുചിയുള്ള സിനിമ'

By Sajish AFirst Published Dec 7, 2018, 3:21 PM IST
Highlights

സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സുഖമായിരുന്നു. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കിണറ്റില്‍ നിന്ന് പച്ചവെള്ളം കോരി കുടിക്കുന്ന സുഖം... കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സുഡാനി ഫ്രം നൈജീരിയ- എന്ന സിനിമയുടെ റിവ്യൂ. സജീഷ് അറവങ്കര  എഴുതുന്നു.

കരയാതിരിക്കാന്‍ ദീര്‍ഘമായൊരു നിശ്വാസം പുറത്തേക്ക് വിട്ടുക്കൊണ്ടിരിക്കും. ലോകത്ത് സംസാരഭാഷ മാത്രമല്ല, ഫുട്‌ബോള്‍ എന്നൊരു ഭാഷകൂടിയുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ക്ലൈമാക്‌സ്. എന്റെയും നിന്റെയും ശരീരത്തില്‍ നിന്ന് പൊടിയുന്ന വിയര്‍പ്പിന് ഒരേ മണവും ഒരേ നിറവുമാമെന്ന് സക്കരിയ ആ ക്ലൈമാക്‌സ് രംഗത്തിലൂടെ വരച്ചിടുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സുഖമായിരുന്നു. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കിണറ്റില്‍ നിന്ന് പച്ചവെള്ളം കോരി കുടിക്കുന്ന സുഖം- സജീഷ് അറവങ്കര  എഴുതുന്നു.

സുഡാനി ഫ്രം നൈജീരിയ- ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍, നനഞ്ഞ കണ്ണ് തുടയ്ക്കാതെ നിങ്ങള്‍ക്ക് തിയേറ്റര്‍ വിടാന്‍ കഴിയില്ല. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നവാഗതനായ സക്കറിയ ഒരുക്കിയ ചിത്രം. പൂര്‍ണമായും ഒരു ഫുട്‌ബോള്‍ സിനിമയെന്ന് പറയാന്‍ കഴിയില്ല ചിത്രത്തെ. എന്നാന്‍, ഫുട്‌ബോള്‍ എന്ന ഭാഷയെ അല്ലെങ്കില്‍ മാധ്യമത്തെ അതിമനോഹരമായി ഉപയോഗിച്ച ചിത്രമാണിത്. ലളിതമായ ഒരു വിഷയം നാടകീയത തെല്ലുമില്ലാതെ ഒരുക്കിയിരിക്കുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഓരോ സിനിമാപ്രേമിയും പറയും ഇതൊരു നവാഗതന്‍ സംവിധാനം ചെയ്ത ചിത്രമല്ലെന്ന്. കെഎല്‍ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്ത മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഹ്‌സിന്റെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവ് കൂടിയാണ് സുഡാനി ഫ്രം നൈജീരിയ.

സൗബിന്‍ ഷാഹിറാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലപ്പുറത്ത് ഒരു സെവന്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ മാനേജരായ മജീദ് എന്ന കഥാപാത്രമാണ് സൗബിന്റേത്. ഉമ്മയുടെ ഏക മകന്‍. മജീദിന് മുന്നില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മജീദ് ആശ്വാസം കണ്ടെത്തുന്നത് ഫു്ടബോളിലൂടെയാണ്. ഒരു തനി മലപ്പുറത്തുകാരന്‍. അവസരം കിട്ടിയാല്‍ ബാഴ്‌സലോണയേയും മെസി ആരാധകരേയും കളിയാക്കുന്ന ഒരു കട്ട റയല്‍ മാഡ്രിഡ് ആരാധകന്‍. പന്താണ് അയാള്‍ക്ക് മജീദിന് എല്ലാം. സ്വപ്‌നവും ജീവിതവും. ശൈലിയിലും സംസാരത്തിലും സൗബിന്‍ മജീദായി ജീവിച്ചു. വേഷപ്പകര്‍ച്ചയ്ക്ക് തന്നെ നല്‍കണം മുഴുവന്‍ മാര്‍ക്ക്. 

മജീദിന്റെ ടീമില്‍ കളിക്കാന്‍ വരുന്ന നൈജീരിയക്കാരനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ഫുട്‌ബോള്‍ താരമായ സുഡു എന്ന കഥാപാത്രമാണ് സാമുവല്‍ അവതരിപ്പിക്കുന്നത്. എന്ന് മുതലാണ് സെവന്‍സ് ഗ്രൗണ്ടുകളില്‍ ആഫ്രിക്കകാരെ കാണാന്‍ തുടങ്ങിയതെന്ന് അറിയില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പഠനത്തിനായി വിദ്യാര്‍ത്ഥികല്‍ ഇന്ത്യയിലെത്താറുണ്ട്. മിക്കവരും ഫു്ടബോള്‍ അറിയാവുന്നവര്‍. കൂടാത്തതിന് മെയ്കരുത്തും. ഇവയെല്ലാം അവര്‍ക്ക് വിവിധ പ്രാദേശിക ഫുട്‌ബോള്‍ ക്ലബുകളില്‍ സ്ഥാനം നേടിക്കൊടുക്കും. എന്നാല്‍ സാമുവല്‍ വരുന്നത് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമാണ്. മജീദിനേക്കാള്‍ ഇരട്ടി പ്രശ്‌നങ്ങള്‍ ആ നൈജീരിയക്കാരനുണ്ട്. അക്കഥ പറയുന്നതിനിടെ നൈജീരയുടെ സാമൂഹിക- സാമ്പത്തിക അവസ്ഥയും സുഡാനി ഫ്രം നൈജീരിയ ചര്‍ച്ച ചെയ്യുന്നു. സാമുവലും മുത്തശിയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണയാള്‍. അവരുടെ രക്ഷകനായിട്ടാണ് സാമുവല്‍ ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. എന്നാല്‍ ഒന്നോ രണ്ടോ മത്സരത്തിന് ശേഷം സാമുവേലിന് പരുക്കേല്‍ക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനിടെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം മുഴുവന്‍ സിനിമയില്‍ വരച്ചു കാണിക്കുന്നു. 

എടുത്ത് പറയേണ്ടത് മജീദിന്റെ ഉമ്മയായി (ജമീല) അഭിനയിച്ച സാവിത്രീ ശ്രീധരന്റേയും ബീയുമ്മയായി അഭിനയിച്ച സരസ ബാലുശേരിയുടേയും പ്രകടനമായിരുന്നു. ചിത്രത്തില്‍ സൗബിന്‍ ചെയ്ത കഥാപാത്രത്തോളം അവര്‍ക്കും പ്രാധാന്യമുണ്ടായിരുന്നു. പൊട്ടിച്ചിരിക്കുന്നതും കണ്ണു നനയിപ്പിക്കുന്തതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഇരുവരും സിനിമയിലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. സിനിമയില്‍ ആദ്യമായാണ് ഇവരുടെ മുഖങ്ങള്‍ കാണുന്നത്. ആദ്യമായെങ്കിലും ഒരിക്കല്‍ പോലും മറക്കാത്ത മുഹൂര്‍ത്തത്തങ്ങളാണ് ഇരുവരും സമ്മാനിച്ചത്. ഇവര്‍ക്കൊപ്പം അനീഷ് ജി. മേനോന്‍ (നിസാര്‍), ലുക്മാന്‍ (രാജേഷ്), അഭിരാം (കുഞ്ഞിപ്പ), നവാസ് വള്ളിക്കുന്ന് (ലത്തീഫ്) തുടങ്ങിയവും വേഷം ഗംഭീരമാക്കി.  

റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്നായിരുന്നു സംഗീത സംവിധാനം. ഷഹബാസ് പാടിയ ഏതെണ്ടുടാ കാല്‍പ്പന്തല്ലാതേ.. എന്ന് തുടങ്ങുന്ന് സിനിമ ഇറങ്ങുന്നതിന് മുന്‍പെ ഹിറ്റായിരുന്നു. റെക്‌സ് വിജയന്‍ ഉള്‍പ്പടെ നാലു പേര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ച പശ്ചാത്തലസംഗീതവും മികച്ച് നിന്നു. ഷൈജു ഖാലിദിന്റെ ക്യാമറ കണ്ണുകള്‍ മലപ്പുറത്തിന്റെ ഗ്രാമീണതയും സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മനോഹാരിതയും വരച്ചുവച്ചു. 

ആദ്യപകുതിയില്‍ തന്നെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം മുഴുവന്‍ വരച്ച് കാണിക്കുന്നുണ്ട്. ഒട്ടും മുഷിപ്പിക്കാതെ തന്നെ. ടീമില്‍ കളിക്കുന്ന വിദേശികളുടെ ജീവിതം. ഒരു ക്ലബ് മാനേജര്‍ അവരെ കൈകാര്യം ചെയ്യുന്ന രീതി. എല്ലാം ഓരോ പ്രേക്ഷന്റേയും ഹൃദയത്തിലേക്ക് ആഴ്ത്തിയിറക്കാന്‍ സംവിധായകന്‍ കഴിഞ്ഞു. വികാര നിര്‍ഭരയമായ രംഗങ്ങളാണ് രണ്ടാം പകുതിയില്‍. കരയാതിരിക്കാന്‍ ദീര്‍ഘമായൊരു നിശ്വാസം പുറത്തേക്ക് വിട്ടുക്കൊണ്ടിരിക്കും. ലോകത്ത് സംസാരഭാഷ മാത്രമല്ല, ഫുട്‌ബോള്‍ എന്നൊരു ഭാഷകൂടിയുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ക്ലൈമാക്‌സ്. എന്റെയും നിന്റെയും ശരീരത്തില്‍ നിന്ന് പൊടിയുന്നു വിയര്‍പ്പിന് ഒരേ മണവും ഒരേ നിറവുമാമെന്ന് സക്കരിയ ആ ക്ലൈമാക്‌സ് രംഗത്തിലൂടെ വരച്ചിടുന്നു.

'സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സുഖമായിരുന്നു. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കിണറ്റില്‍ നിന്ന് പച്ചവെള്ളം കോരി കുടിക്കുന്ന സുഖം'.
 

click me!