കാപര്‍നം: മനസില്‍ നിന്ന് മായാത്ത ആ ചിരി- റിവ്യു

By Nirmala babuFirst Published Dec 13, 2018, 4:37 PM IST
Highlights

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കാപര്‍നം എന്ന സിനിമയുടെ റിവ്യു. നിര്‍മല ബാബു എഴുതുന്നു..

കണ്ണീരിന്‍റെ നനവുള്ള ഒരു  ചിരിയും മനസിലേറ്റിയാവും കാപര്‍നം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും തീയേറ്ററില്‍ നിന്ന് ഇറങ്ങുക. തീക്ഷ്ണമായ വികാരപരിസരങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സിനിമ കേന്ദ്രകഥാപാത്രമായ ലബനീസ് ബാലന്‍ സെയിന്‍റെ പുഞ്ചിരിയിലാണ് അവസാനിക്കുന്നത്. കണ്ണീര് കലർന്ന ആ പുഞ്ചിരി  സിനിമ കണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസിൽ നിന്ന് മായുന്നില്ല. ഒരു അപാര സിനിമ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രമാണ് കാപര്‍നം. ഒരു നിമിഷം പോലും വിരസത അറിയിക്കാതെ മനോഹരമായ ഒരു കവിത പോലെ പ്രേക്ഷക ഹൃദയത്തിലേക്ക് സിനിമ ഒഴുകിയെത്തും. ദാരിദ്രരുടെയും കുടിയേറ്റക്കാരുടെയും ജീവിതതലങ്ങള്‍ തുറന്ന് കാണിക്കുന്ന സിനിമ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചില നിമിഷങ്ങളില്‍ എന്തെന്നില്ലാത്ത തരത്തില്‍ അസ്വസ്ഥരാക്കുക കൂടി ചെയ്യുന്നു.

കോടതിമുറിയിൽ നിന്ന് ആരംഭിക്കുന്ന സിനിമ ഫ്ലാഷ്ബാക്കിലൂടെയാണ് പുരോഗമിക്കുന്നത്. തന്നെ ജനിപ്പിച്ചതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് കോടതി കയറ്റുകയാണ് 12 വയസ്സുകാരനായ സെയിന്‍. അദ്ഭുതപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ തന്‍റെ കഥ പറയുകയാണ്. സെയിന്‍റെ വാക്കുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നു, കുറെ കുട്ടികള്‍ ഉള്ള ഒരു കുടുംബമാണ് സെയിന്‍റേത്. കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറിയോട് സെയിന്‍റെ വീടിനെ ഉപമിച്ചാലും തെറ്റ് പറയാന്‍ കഴിയില്ല. സെയിന്‍റെ മാതാപിതാക്കള്‍ അവന്‍റെ ജനനം പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യത്ത് അങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് പോലും രേഖകള്‍ ഇല്ല എന്നത് ജീവിതാനുഭവത്തിന്‍റെ ഒരു ഘട്ടത്തില്‍ സെയിനിനെ അസ്വസ്ഥനാക്കുന്നു. ഇനി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നാണ് കോടതിക്ക് മുമ്പാകെ അവന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.

സ്കൂളില്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും  ദാരിദ്ര്യം മൂലം സെയിന് സാധിക്കുന്നില്ല. മക്കളുടെ കാര്യങ്ങളില്‍ ഉപേക്ഷ കാണിക്കുന്ന മാതാപിതാക്കളോട് സെയിന് അമര്‍ഷമുണ്ടെങ്കിലും പ്രിയ സഹോദരി സഹാറിന്‍റെ വേര്‍പാടോടെയാണ് പ്രതിഷേധമായി അത് പുറത്തുവരുന്നത്. ചെറിയ ചില ജോലികള്‍ ചെയ്ത് സഹോദരിമാര്‍ക്ക് തുണയായി കഴിയുന്ന സെയ്നിനാണ് 11 വയസുള്ള  സഹോദരി  സഹാറിനെ അച്ഛനമ്മമാരെക്കാളും  സ്നേഹത്തോടെയും കരുതലോടെയും കാത്തുസൂക്ഷിക്കുന്നത്. സഹോദരിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടാകുമ്പോള്‍ അവള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കുന്നതും കുട്ടി സെയിൻ തന്നെ. പ്രായപൂര്‍ത്തിയാവും മുമ്പ് അവളെക്കാള്‍ മുപ്പതുവയസ്സെങ്കിലും പ്രായക്കൂടുതല്‍ ഉള്ളയാളുടെ ഭാര്യയായി സഹാറിനെ വീട്ടില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ തടയുകയാന്‍ ശ്രമിക്കുകയും പരാജയപ്പെടുമ്പോള്‍ പൊട്ടിക്കരയുകയും ചെയ്യുന്നു.

സഹോദരിയുടെ വേര്‍പാടോട് കൂടിയാണ് മാതാപിതാക്കളെ ഉപേക്ഷിച്ച് സെയിന് തെരുവിലേക്ക് ഇറങ്ങുന്നത്. തൊഴില്‍ തേടി നടക്കുന്ന സെയില്‍ പിന്നീട്  എത്യോപ്യൻ അഭയാർത്ഥിയായ യുവതിയുടെയും അവളുടെ ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം കൂടുന്നു. കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും ചിത്രത്തിലെ കഥാനിമിഷങ്ങളില്‍ പ്രതിഫലപ്പിക്കുന്നുണ്ട്. അധികം വൈകാതെ ആ കുഞ്ഞിന്‍റെ ഉത്തരവാദിത്വം സെയിനിന് ഏറ്റെടുക്കേണ്ടിവരുമ്പോഴും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലുപരിയായി പക്വത അവന്‍റെ പ്രവര്‍ത്തികളില്‍ പ്രകടമാകുന്നു. യുവതിയുടെ അഭാവത്തിലും കുഞ്ഞിനെ സ്വന്തം സഹോദരനെ പോലെ സംരക്ഷിക്കുന്ന സെയിന് മനുഷ്യത്വത്തിന്‍റെ പ്രതീകമാണെങ്കില്‍, കുഞ്ഞിനെ വാങ്ങാന്‍ ശ്രമിക്കുന്ന യുവാവ് സമൂഹത്തിന്‍റെ മനുഷ്യത്വമില്ലായ്മയുടെ പ്രതീകമാണ്.

ഒരു ഡോക്യമെന്‍ററി ശൈലിയിലൂടെ ആവിഷ്‍ക്കരിച്ചിരിക്കുന്ന സിനിമ കുട്ടികളുടെ പ്രശ്നം ലോകത്തിനു മുന്നിൽകൊണ്ടുവരുന്നതാണ്. മുതിർന്നവരുടെ മോശം തീരുമാനങ്ങളുടെ ദുരിതഫലം അനുഭവിക്കുന്ന കുട്ടികളെ കൊണ്ടുതന്നെ കഥപറയിപ്പിക്കുകയാണ് കാപര്‍നം. തെരുവുകളില്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന നൂറുകണക്കിനു കുട്ടികളുടെ കഥ. ദാരിദ്ര്യത്തിന്‍റെ തീവ്രത ഉറക്കെ വിളിച്ച് പറയുന്നതാണ് സിനിമയുടെ കഥാപരിസരമായ തെരുവുകള്‍. കേന്ദ്ര കഥാപാത്രമായ സെയിന്‍റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് സെയിൻ എന്ന് പേരുള്ള കുട്ടിതന്നെയാണ്. ലബനനിൽ അഭയം തേടിയെത്തിയ സിറിയൻ അഭയാർഥി സെയ്ൻ അവിസ്മരണീയമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. അവന് നോക്കാൻ കിട്ടിയ ഒരു വയസുകാരനായ കുട്ടിയുടെ പ്രകടനം പോലും അതിഗംഭീരം എന്ന് പറയേണ്ടിവരും. നടി കൂടിയായ സംവിധായിക നദീൻ ലബാകി, ആണ് സെയിനിന്‍റെ അമ്മ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നിഷ്ങ്കളമായ സെയിനിന്‍റെ ചിരിയില്‍ അവസാനിക്കുന്ന സിനിമ  നിരവധി അന്താരാഷ്‍ട്ര മേളകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.

click me!