മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം, ദേശീയ സുരക്ഷാ നയം അനിവാര്യം

By Web TeamFirst Published Nov 26, 2022, 11:29 PM IST
Highlights

'കാലാന്തരത്തിൽ പരമ്പരാഗതമല്ലാത്ത ഭീകരവാദ ഭീഷണികൾ വർധിച്ചുവരികയാണ്. ഈ കാലഘട്ടത്തിൽ ദേശീയ സുരക്ഷാ സംവിധാനങ്ങളും നൂതന സംവിധാനങ്ങളോടെ ശക്തിപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു 'ഡോ ശേഷാദ്രി ചാരി 

മുംബൈ: രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനത്ത് 14 വർഷം മുമ്പ് ഇതേ ദിവസം ഒരു ഭീകരാക്രമണം നടന്നു. ഇന്ത്യയിൽ പാക്കിസ്ഥാൻ നടത്തിയ യുദ്ധസമാനമായ ഒരു ആക്രണമായിരുന്നു അത്. വിവിധ സ്ഥലങ്ങളിലായി നാല് ദിവസങ്ങളോളം നടന്ന ആക്രമണത്തിൽ 300-ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ ആക്രമണം നടന്ന് ഒരു വർഷത്തിന് ശേഷം 2009-ൽ യുഎസ് സെനറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി സംഭവത്തെ കുറിച്ച് പഠിക്കുകയും വളരെ കൃത്യമായി ആസൂത്രണം ചെയ്ത ആക്രമത്തിന്റെ ഗൌരവവും തീവ്രതയും ചൂണ്ടിക്കാട്ടുകയുണ്ടായി. 

ആക്രമണം നടത്തിയവർ വെറും ഭീകരവാദികൾ മാത്രമായിരുന്നില്ല, കൃത്യമായ പരിശീലനം ലഭിച്ച പാക് കമാൻഡോ യൂണിറ്റായിരുന്നു. ഇന്ത്യയുമായി പരമ്പരാഗതമല്ലാത്ത ഒരു യുദ്ധത്തിനായി തയ്യാറാക്കിയെടുത്തവർ. ഇത്തരത്തിൽ കാലാന്തരത്തിൽ പരമ്പരാഗതമല്ലാത്ത ഭീകരവാദ ഭീഷണികൾ വർധിച്ചുവരികയാണ്. ഈ കാലഘട്ടത്തിൽ ദേശീയ സുരക്ഷാ സംവിധാനങ്ങളും നൂതന സംവിധാനങ്ങളോടെ ശക്തിപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.

'ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും നടന്നുവരുന്ന സായുധ ആക്രമണങ്ങളിലും  തീവ്രവാദ പ്രചാരണങ്ങളിലും പാക്കിസ്ഥാൻ സുവ്യക്തവും ആപത്കരവുമായ പങ്ക് വഹിക്കുന്നുണ്ട്'- എന്നായിരുന്നു യുഎസ് സെനറ്റ് കമ്മിറ്റി  ആശങ്കയോടെ രേഖപ്പെടുത്തിയത്. ഈ വസ്തുതകൾ നിലനിൽക്കെ തന്നെ, പാക് സൈന്യത്തിൽ നിന്നോ ഐഎസ്ഐയിൽ നിന്നോ ഭീഷണിയില്ലാത്ത ഇസ്ലാമാബാദിലെ ദുർബലമായ രാഷ്ട്രീയ സംവിധാനങ്ങൾക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആയുധങ്ങൾ നൽകുന്നു എന്നത് വിരോധാഭാസമാണ്. 

മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാർഷികത്തിലും കോൺഗ്രസ് ഇത്തരം ഒരു പ്രതികരണം നടത്താത്തതിൽ ഞാൻ  അത്ഭുതപ്പെടുന്നില്ല. കാരണം, അന്ന്  കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് ഭീകരാക്രമണത്തെ കുറിച്ചുള്ള  രഹസ്യാന്വേഷണ വിവരങ്ങൾ ഗൗരവത്തിലെടുക്കാനോ പ്രതിരോധ നടപടികൾ സ്വീകരിക്കാനോ നഗരത്തെ അത്തരമൊരു ആക്രമണത്തിൽ നിന്ന് രക്ഷിക്കാനോ കഴിഞ്ഞില്ല. പകരം ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പോലും ചില കോൺഗ്രസ് നേതാക്കൾ ബിജെപിയേയും ആർഎസ്എസിനേയും പഴിക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്ന തിരക്കിലായിരുന്നു. ഇത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും നിരുത്തരവാദപരവും വിവേക ശൂന്യവുമായ പരാമർശങ്ങൾക്ക് രാജ്യത്തോട് മാപ്പപേക്ഷിക്കുക എന്നതുമാണ് കോൺഗ്രസിന് ഇപ്പോഴെങ്കിലും ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം.  ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ഇനിയെങ്കിലും ആ ഭീകര  സംഭവത്തെ ഓർത്തെടുത്ത് പാക്കിസ്ഥാനെ അപലപിക്കണം. വൈകിയെങ്കിലും ദേശീയ സുരക്ഷാ നീക്കങ്ങളിൽ സർക്കാറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യണം.

Read more: രാജ്യത്തിന്‍റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി, ഇ-കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു

മുംബൈയിലെ ഭീകരാക്രമണത്തിന്റെ വലിയ പാഠങ്ങളിലൊന്ന്, ഇത്തരം ആക്രമണങ്ങളെ ഭാവിയിൽ ചെറുക്കാൻ തയ്യാറെടുക്കുക എന്നത് മാത്രമല്ല. നമ്മുടെ തൊട്ടപ്പുറത്ത്, അയൽപക്കത്ത് തമ്പടിച്ചിരിക്കുന്ന ഭീകര സംവിധാനങ്ങളെ പൂർണ്ണമായും നശിപ്പിക്കാനുള്ള തന്ത്രം മെനയുക എന്നതുകൂടിയാണ്.  ഇത്തരം ഭീഷണികളെ നേരിടാൻ ദേശീയ സുരക്ഷാനയം രൂപീകരിച്ച് സംവിധാനം രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറേകേണ്ടത് അനിവാര്യമാണെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു.

ഡോ ശേഷാദ്രി ചാരി : (ഫോറം ഫോർ  ഇന്റഗ്രേറ്റഡ്  നാഷണൽ സെക്യൂരിറ്റി (FINS)സെക്രട്ടറി ജനറലും ഇംഗ്ലീഷ് വീക്കിലിയായ ഓർഗനൈസർ എഡിറ്ററുമാണ് ലേഖകൻ)

click me!