Asianet News MalayalamAsianet News Malayalam

ആരെ വനത്തിലെ മരംമുറി നിര്‍ത്തണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  • ആരെ വനത്തിലെ മരംമുറി നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതിയില്‍
  • കടുത്ത പ്രതിഷേധത്തിനിടെ 200ലധകം മരങ്ങള്‍ അധികൃതര്‍ മുറിച്ചുമാറ്റ്
  • കടുത്ത പ്രതിഷേധവുമായി പരിസ്ഥിതി സ്നേഹികള്‍
SC special bench to hold urgent hearing on Aarey today
Author
Kerala, First Published Oct 7, 2019, 7:38 AM IST

മുംബൈ: നഗരത്തിലെ പച്ചത്തുരുത്തായ ആരെ വനത്തിലെ മരംമുറിക്കൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിനായി പ്രത്യേക ബഞ്ച് രൂപീകരിച്ചു. നിയമവിദ്യാർത്ഥി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

രാവിലെ പത്ത് മണിക്കാണ് പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുക. മെട്രോ കോച്ച് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതുതാത്പര്യഹർജി കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു.

കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വ്യാപകമായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആരേ കോളനിയില്‍ മരം മുറിക്കുന്നത് സംഘടനകള്‍ തടയാന്‍ ശ്രമിച്ചത്. 

ശനിയാഴ്ച പുലര്‍ച്ചെ മാത്രം 200ഓളം മരങ്ങള്‍ മുറിച്ചു. കാര്‍ പാര്‍ക്കിംഗിനായി ഏകദേശം 2000ത്തോളം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അധികൃതര്‍ മരംമുറി തുടങ്ങിയത്.

മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ ആരോപിച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആരേ കോളനിയില്‍ വിന്യസിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെപ്പോലും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. 

ഈ വിഷയത്തില്‍ ഒക്ടോബര്‍ 10നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്നത്. അതിന് മുമ്പായി മരങ്ങള്‍ മുറിച്ചുമാറ്റാനാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍റെ തീരുമാനമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ഇതിന് മുമ്പാണ് സുപ്രീംകോടതി ഇന്ന് പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios