മുംബൈ: കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വ്യാപകമായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആരേ കോളനിയില്‍ മരം മുറിക്കുന്നത് സംഘടനകള്‍ തടയാന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മാത്രം 200ഓളം മരങ്ങള്‍ മുറിച്ചു. കാര്‍ പാര്‍ക്കിംഗിനായി ഏകദേശം 2000ത്തോളം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അധികൃതര്‍ മരംമുറി തുടങ്ങിയത്.

മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ ആരോപിച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആരേ കോളനിയില്‍ വിന്യസിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെപ്പോലും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ ഒക്ടോബര്‍ 10നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്നത്. അതിന് മുമ്പായി മരങ്ങള്‍ മുറിച്ചുമാറ്റാനാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍റെ തീരുമാനമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ശിവസേന നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. രാത്രിയുടെ മറവില്‍ മരം മുറിക്കുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം ആരോപിച്ചു. മെട്രോ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ മരം മുറിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ മേനോന്‍ ആരോപിച്ചു. 

പ്രതിഷേധിച്ച 20 പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 38 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരം മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി കൂടുതല്‍ പേര്‍ സ്ഥലത്തെത്തുന്നത് സര്‍ക്കാറിനും പൊലീസിനും തലവേദനയാകുന്നുണ്ട്. വനനിബിഡമായ ആരേ കോളനി പ്രദേശത്ത് മെട്രോ കാര്‍ ഷെഡ് നിര്‍മിക്കുന്നതിനെതിരെ നേരത്തെയും പ്രക്ഷോഭം നടന്നിരുന്നു.