മുംബൈയില്‍ മെട്രോ റെയില്‍ കോര്‍പറേഷൻ ലിമിറ്റഡ് വ്യാപകമായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിനിമ താരങ്ങളും. സാമൂഹ്യമാധ്യമത്തിലൂടെയാണ് താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണെന്ന് ഫര്‍ഹാൻ അക്തര്‍ പറയുന്നു. ഒരു രാത്രി നാന്നൂറോളം മരങ്ങള്‍ മുറിക്കപ്പെട്ടു. ഇങ്ങനെയുള്ള കൂട്ടക്കൊല നിര്‍ത്താൻ പൌരൻമാര്‍ അണിചേര്‍ന്നിരിക്കുകയാണ്. അവര്‍ സ്‍നേഹത്താല്‍ അങ്ങനെ സംഘടിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. പ്രകൃതിയോടുള്ള സ്‍നേഹത്താല്‍. നമ്മുടെ കുട്ടികളോടും ഭാവിയോടുമുള്ള സ്‍നേഹത്താല്‍ എന്നാണ് ദിയ മിര്‍സ എഴുതിയിരിക്കുന്നത്.

കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വ്യാപകമായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. പുലര്‍ച്ചെയാണ് ആരേ കോളനിയില്‍ മരം മുറിക്കുന്നത് സംഘടനകള്‍ തടയാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മാത്രം 200ഓളം മരങ്ങള്‍ മുറിച്ചു. കാര്‍ പാര്‍ക്കിംഗിനായി ഏകദേശം 2000ത്തോളം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അധികൃതര്‍ മരംമുറി തുടങ്ങിയത്.

പ്രതിഷേധിച്ച 20 പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‍തു. 38 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മരം മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി കൂടുതല്‍ പേര്‍ സ്ഥലത്തെത്തുന്നത് സര്‍ക്കാറിനും പൊലീസിനും തലവേദനയാകുന്നുണ്ട്.