ചർച്ചയാവാം, നിയമം പിൻവലിക്കില്ലെന്ന് കൃ‍ഷിമന്ത്രി, കർഷകർ ട്രെയിൻ തടയൽ സമരത്തിലേക്ക്

By Web TeamFirst Published Dec 10, 2020, 6:24 PM IST
Highlights

കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, ചർച്ചകൾക്ക് തയ്യാറാണെന്നും, എന്നാൽ നിലവിലെ കാർഷികനിയമഭേദഗതികൾ ഒന്നും പിൻവലിക്കാൻ തയ്യാറല്ലെന്നുമാണ് പറഞ്ഞത്. ഇതോടെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതരാവുകയാണ് കർഷകസമരനേതാക്കൾ.

ദില്ലി: കർഷകസമരം സമവായമാകാതെ നീളുമ്പോൾ, ഇനിയുള്ള ചർച്ചകളിൽ കൃത്യമായ പദ്ധതി കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കാൻ തയ്യാറല്ലെങ്കിൽ ട്രെയിൻ തടയലുൾപ്പടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ച് കർഷകസംഘടനകൾ. ദില്ലി അതിർത്തി പൂർണമായും വളഞ്ഞ കർഷകർ, ഇനി രാജ്യതലസ്ഥാനത്തേയ്ക്കുള്ള തീവണ്ടികൾ കൂടി തടഞ്ഞ് സമരം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. നിയമം പിൻവലിക്കുക എന്നതിൽക്കുറ‍ഞ്ഞ ഒരു സമവായത്തിനും കർഷകർ തയ്യാറല്ല. 

ഇത്രയധികം ദിവസം സമയം നൽകിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്. തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കുന്നു. നിലവിൽ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില തീവണ്ടികൾ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. 

വ്യാപാരികൾക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചുകഴിഞ്ഞെന്നും കർഷകസമരനേതാക്കൾ പറയുന്നു. കർഷകരെ സഹായിക്കുന്ന ചട്ടങ്ങൾ നിയമത്തിൽ നിന്ന് എടുത്തുമാറ്റിയ കേന്ദ്രസർക്കാർ കൃഷി സംസ്ഥാനസർക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ്. അങ്ങനെയെങ്കിൽ രാജ്യവ്യാപകമായി നിലനിൽക്കുന്ന ഒരു കൃഷിനിയമം കേന്ദ്രസർക്കാരിന് നിർമിക്കാനാകില്ലല്ലോ എന്നും കർഷകർ ചോദിക്കുന്നു. 

കർഷകരുമായി ഇനി കേന്ദ്രസർക്കാർ ചർച്ച നടത്തുന്ന തീയതിയടക്കം അനിശ്ചിതത്വത്തിലാണ്. തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അടക്കം പറയുന്നുണ്ടെങ്കിലും നിയമം പിൻവലിക്കുകയെന്ന ആശയം കേന്ദ്രം തള്ളുന്നു. കർഷകരുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ കഴിയുമെന്ന് വാക്കാൽ ഉറപ്പുനൽകുന്നതല്ലാതെ, മറ്റൊരു ഉറപ്പും കേന്ദ്രസർക്കാരിന് നൽകാൻ കഴിഞ്ഞിട്ടില്ല. 

പ്രധാന ആശങ്കകൾക്ക് പരിഹാരമാകുമോ?

എന്തൊക്കെയാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആശങ്കകളും ആവശ്യങ്ങളും?

  • മിനിമം താങ്ങുവില കർഷകനിയമത്തിന്‍റെ ഭാഗമാക്കണം
  • കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്ന എപിഎംസി മണ്ഡികളും (പൊതുസംഭരണകേന്ദ്രങ്ങൾ) സ്വകാര്യകമ്പനികൾ ഉത്പന്നങ്ങൾ സംഭരിക്കാൻ തുടങ്ങിയാൽ അവയും തമ്മിൽ ചൂഷണം ഒഴിവാക്കാനായി കൃത്യമായി വിപണിയെ എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ഉറപ്പ് വേണം
  • ട്രേഡർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കണം, ഇല്ലെങ്കിൽ ആർക്ക് വേണമെങ്കിലും സാധനങ്ങൾ വാങ്ങി പോകാമെന്ന സ്ഥിതിയാകും. വിപണിയിൽ ചൂഷണം തുടരും
  • തർക്കങ്ങൾ ഉടലെടുത്താൽ സിവിൽ കോടതികളിൽ ഇത് തീർക്കാൻ അനുവദിക്കണം

ഇവയെല്ലാം അടക്കമുള്ള, കർഷകരുടെ 39- ഇന ആവശ്യങ്ങൾക്ക് മേൽ ഇതുവരെ കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല. മിനിമം താങ്ങുവില ഉറപ്പുനൽകുകയെന്നതിനപ്പുറം, കർഷകരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇവയാണെന്നിരിക്കേ, ഇക്കാര്യങ്ങളിൽ ഒരു നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിൽ കർഷകർക്ക് കടുത്ത പ്രതിഷേധമുണ്ട്. അതാണ് ഇന്നലെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന ഭീഷണി വരെ കർഷകർ ഉയർത്താനുള്ള കാരണവും. 

കേന്ദ്രം പറയുന്നതെന്ത്?

എന്നാൽ നിയമഭേദഗതികൾ പിൻവലിക്കുകയെന്നത് ഇനി പ്രായോഗികമല്ലെന്നും, മിനിമം താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ എഴുതിത്തയ്യാറാക്കിയ ഒരു ഉറപ്പ് നൽകാമെന്നും മാത്രമാണ് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ മിനിമം താങ്ങുവില എന്നത് നിയമത്തിന്‍റെ ഭാഗമാക്കാൻ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്രനിലപാട്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള എപിഎംസി മണ്ഡികളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം വിലനിലവാരം പല തരത്തിലാണ്. അതിനാൽത്തന്നെ ഇക്കാര്യം വിവിധ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ തീരുമാനിക്കാനാവൂ എന്ന് കേന്ദ്രം. ഇത് കർഷകർ തള്ളിക്കളയുകയും ചെയ്തു.

click me!