കശ്മീരിൽ ഇത് ചരിത്രപ്രധാന സ്വാതന്ത്യദിനം: ലാൽ ചൗക്കിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ്

By Web TeamFirst Published Aug 15, 2019, 12:56 PM IST
Highlights

ശ്രീനഗറിലെ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിലാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് ദേശീയ പതാക ഉയർത്തിയത്. ശ്രീനഗറിലെ ചരിത്ര പ്രധാനമായ നഗരകേന്ദ്രമായ ലാൽ ചൗക്കാകട്ടെ അടഞ്ഞു കിടക്കുന്നു. ശ്രീനഗറിൽ നിന്ന് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശവും ക്യാമറാമാൻ പി വടിവേലും തയ്യാറാക്കിയ റിപ്പോർട്ട്. 

ശ്രീനഗർ: ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തിൽ ശ്രീനഗർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ശ്രീനഗറിലെ ഷേർ എ കശ്മീർ സ്റ്റേഡിയത്തിൽ ഗവർണർ സത്യപാൽ മാലിക് ദേശീയ പതാക ഉയർത്തി. ജമ്മു കശ്മീരിന്‍റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവർണർ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

നഗരത്തിലെ സുപ്രധാനകേന്ദ്രമായ ലാൽ ചൗക്കാകട്ടെ, കനത്ത സുരക്ഷാവലയത്തിലായിരുന്നു. ജമ്മു കശ്മീരിന്‍റെ ചരിത്രത്തിൽ നിർണായകസ്ഥാനമുണ്ട് ലാൽചൗക്കിന്. ഇവിടെ വച്ചാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‍റു അംഗീകരിച്ചത്. 

: ലാൽചൗക്കിൽ ജവഹർ ലാൽ നെഹ്റുവും ഷെയ്ഖ് അബ്ദുള്ളയും

ബിജെപിയുടെ ചരിത്രത്തിലും സുപ്രധാന ഇടമുണ്ട് ലാൽചൗക്കിന്. മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി ആർട്ടിക്കിൾ 370 റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാലിയുമായെത്തി ദേശീയപതാക ഉയർത്തിയതും ലാൽ ചൗക്കിലാണ്. 1996 ജനുവരി 26-ന്, ഒരു റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇത്. അന്ന് ആ റാലിയുടെ ഏകോപനച്ചുമതല ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായിരുന്നു. ബിജെപിയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വളർത്തുന്നതിൽ നിർണായ പങ്ക് വഹിച്ചു ആ നീക്കം. 

ലാൽചൗക്കിൽ ബിജെപി പതാക ഉയർത്തി ഇരുപത്തിയേഴാം വർഷത്തിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാൻ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. അന്ന് നിർണായക ശക്തിയായിരുന്നില്ല ബിജെപിയെങ്കിൽ ഇന്ന് തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയ സുപ്രധാനമായ രാഷ്ട്രീയ ശക്തിയാണ് ഈ പാർട്ടി. 

പ്രത്യേക പദവി നഷ്ടമായതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ അടഞ്ഞു കിടക്കുകയാണ് ലാൽ ചൗക്ക്. കനത്ത സുരക്ഷ. ചുറ്റുമുള്ള എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ലാൽചൗക്കെന്നല്ല, സംസ്ഥാനം മുഴുവൻ അടുത്ത ദിവസങ്ങളിൽ സമാനമായ തരത്തിൽ അടഞ്ഞു തന്നെ കിടക്കും. ഞങ്ങളുടെ പ്രതിനിധികൾ ക്യാമറയിൽ സംസാരിക്കുമ്പോൾപ്പോലും പിന്നിൽ ചിലർ ദേഷ്യത്തോടെ ശകാരിച്ചുകൊണ്ട് പോകുന്നത് കാണാമായിരുന്നു. സ്വാതന്ത്ര്യദിനത്തിലും അമർഷം പ്രകടിപ്പിക്കുന്നു കശ്മീരികൾ. വിശ്വാസത്തിലെടുക്കാതെ, അടിച്ചേൽപിച്ച ഭരണഘടനയുടെ പൊളിച്ചെഴുത്തിനോടുള്ള അമർഷം. 

സ്വാതന്ത്ര്യദിനത്തിൽ വീണ്ടും മോദി ലാൽ ചൗക്കിലെത്തുമെന്നതടക്കമുള്ള പല അഭ്യൂഹങ്ങളാണ് ജമ്മു കശ്മീരിൽ നിലനിൽക്കുന്നത്. പക്ഷേ, അത്തരത്തിലുള്ള ഒരു നീക്കങ്ങളുമില്ലെന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് ലഭിക്കുന്ന സൂചനകൾ. 

സംസ്ഥാനത്തിന് പ്രത്യേക പദവി എടുത്തു കളയുകയും, രണ്ടാക്കി വിഭജിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ പ്രകോപനം വേണ്ട എന്നാണ് ബിജെപിയും കേന്ദ്രസർക്കാരും എടുത്തിരിക്കുന്ന തീരുമാനം. 

ഷേർ എ കശ്മീരിൽ സ്വാതന്ത്ര്യദിനാഘോഷം

കേന്ദ്ര പൊലീസ് സേനകളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. ജമ്മു കശ്മീർ പൊലീസ് വനിതാവിഭാഗത്തിന്‍റെ പ്രത്യേക പരേഡ് ഇന്ന് നടന്നു. ബിഎസ്എഫിന്‍റെ പരേഡിന് നേതൃത്വം നൽകിയത് വനിതാ അസിസ്റ്റന്‍റ് കമാന്‍റന്‍റായ തനുശ്രീയാണ്. ജമ്മു കശ്മീരിന്‍റെ പൂർണ വികസനം നടപ്പാക്കുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്. 

കശ്മീരിൽ ഏഷ്യാനെറ്റ് ന്യൂസ്, വാർത്താ പരമ്പരയിലെ മറ്റ് ഭാഗങ്ങൾ:

പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ: കശ്മീരില്‍ കടുത്ത നിയന്ത്രണത്തില്‍ ഈദ് ആഘോഷം; കശ്മീരില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം

പരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ: അതൃപ്തിയുടെ താഴ്‍‍വര: പ്രകടനങ്ങളുടെ ചിത്രം പ്രചരിപ്പിച്ചാൽ നടപടി, കശ്മീരിൽ ഏഷ്യാനെറ്റ് ന്യൂസ്

എന്താണ് കശ്മീരിൽ സംഭവിക്കുന്നത്? പ്രതിഷേധമുണ്ട്, പക്ഷേ നയിക്കാനാളില്ല; ജമ്മു കശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

പരമ്പരയുടെ നാലാം ഭാഗം: 'അവർക്ക് കശ്മീരിലെ ഭൂമി മതി, കശ്മീരികളെ വേണ്ട', പുൽവാമയിലെ പെൺകുട്ടികൾ

click me!