കശ്മീരിലെ പ്രസ്താവനയ്ക്ക് ട്രംപിന് ഇന്ത്യയുടെ മറുപടി; ഇമ്രാന്‍റെ ഇരവാദത്തിനും മറുപടി

By Web TeamFirst Published Jan 23, 2020, 8:41 PM IST
Highlights

ആഴ്ചകൾക്കുള്ളിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് കശ്മീരിൽ ഇടപെടാമെന്ന ട്രംപിന്‍റെ പ്രസ്താവനയും വേണ്ടെന്ന ഇന്ത്യയുടെ മറുപടിയുമെന്നത് ശ്രദ്ധേയമാണ്

ദില്ലി: ജമ്മുകശ്മീരിൽ മധ്യസ്ഥതയ്ക്കു തയ്യാറെന്ന അമേരിക്കയുടെ നിലപാട് വീണ്ടും തള്ളി ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ വേണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ്‍കുമാർ വ്യക്തമാക്കി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇരവാദം അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക ഇക്കണോമിക് ഫോറത്തിനിടെ ഇമ്രാൻ ഖാനെ കണ്ടപ്പോഴാണ് കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറെന്ന് ട്രംപ് വ്യക്തമാക്കിയത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കശ്മീരിലെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കശ്മീർ വിഷയം ചർച്ച ചെയ്തെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കശ്മീർ വിഷയത്തിൽ ഇടപെടൽ ആവശ്യമില്ലെന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള നിലപാടുകൾക്കിടെയായിരുന്നു ഇത്. അതേസമയം അമേരിക്കയ്ക്ക് മാത്രമേ കശ്മീർ വിഷയത്തിൽ ഇടപെടാനാകൂ എന്ന നിലപാടാണ് ഇമ്രാൻ പങ്കുവച്ചത്.

ഇന്ത്യ ആവർത്തിച്ച് നിരാകരിച്ചിട്ടും നാലാം തവണയാണ് കശ്മീരിൽ ഇടപെടാൻ തയ്യാറാണെന്ന നിലപാട് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നത്. നേരത്തെ സെപ്തംബറിൽ, യുഎൻ ജനറൽ അസംബ്ലിക്കിടെ ട്രംപ് സമാന നിലപാട് പങ്കുവച്ചിരുന്നു. കശ്മീർ ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു മുമ്പെന്നത്തേയും പോലെ ഇന്ത്യയുടെ മറുപടി. ആഴ്ചകൾക്കുള്ളിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് കശ്മീരിൽ ഇടപെടാമെന്ന ട്രംപിന്‍റെ പ്രസ്താവനയും വേണ്ടെന്ന ഇന്ത്യയുടെ മറുപടിയുമെന്നത് ശ്രദ്ധേയമാണ്.

click me!