ഓക്‌സിജൻ ക്ഷാമത്തിന് പിന്നിൽ ലാഭക്കൊതിയോ?

By Web TeamFirst Published Apr 28, 2021, 1:21 PM IST
Highlights

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ, നിലവിലെ പ്രതിസന്ധികൾ വിലയിരുത്തികൊണ്ട് എസ് ഗുരുമൂർത്തി 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ൽ എഴുതിയ ലേഖനം. 

"രാജ്യത്തെ അഞ്ചിലൊന്ന് ജില്ലകളും കഴിഞ്ഞ ഒരാഴ്ചയായി ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നമ്മൾ കൊവിഡ് കർവ് 'ഫ്ലാറ്റൻ' ചെയ്യുന്നതിൽ വിജയിച്ചു എന്നാണ് മനസ്സിലാകുന്നത്" - രണ്ടുമാസം മുമ്പ്, ഫെബ്രുവരി 15 -ന്, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനിൽ നിന്നുണ്ടായ ഒരു പ്രസ്താവനയാണിത്.  അദ്ദേഹം ഇങ്ങനെ പറയുമ്പോൾ 90,000 കടന്നിരുന്ന രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം, താഴ്ന്ന 9,000  എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ, ആ സുരക്ഷിതാവസ്ഥയിൽ നിന്ന് കാര്യങ്ങൾ തകിടം മറിയാൻ ഏറെ നാളൊന്നും വേണ്ടി വന്നില്ല. ഇപ്പോൾ ഏപ്രിൽ അവസാനത്തോടടുക്കുമ്പോൾ പ്രതിദിന കേസുകളുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. അതീവ ഗുരുതരമായ ഈ സാഹചര്യം ദേശീയ തലത്തിൽ തന്നെ അടിയന്തര പരിചരണം ആവശ്യമുള്ള ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ദില്ലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ക്ഷാമം കാരണമുണ്ടായ മരണങ്ങൾ, ആരോഗ്യരമേഖലയെ വല്ലാതെ  വൈകാരികമായി ബാധിച്ചിരിക്കുകയാണ്. ചിന്തിച്ചു തുടങ്ങിയാൽ, കേവലയുക്തി നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് കാണാം. കൊവിഡ് സംബന്ധിയായ പല വസ്തുതകളും ഇനിയും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കപ്പെടുകയാണ്. പലപ്പോഴും വളച്ചൊടിക്കപ്പെട്ട കണക്കുകളാണ് അവർക്കു മുന്നിലേക്ക് എത്തുന്നത്. ഈ രണ്ടു കാരണങ്ങളാലും ഇന്നാട്ടിലെ സാധാരണക്കാരുടെ മനോവീര്യം പാടെ കെടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള ചില വസ്തുതകൾ ചുരുക്കത്തിൽ നമുക്കൊന്ന് വിശകലനം ചെയ്യാം.

മഹാമാരിക്കാലത്തെ  ലാഭക്കൊതി

ഓക്സിജൻ ക്ഷാമം നിമിത്തം ആദ്യമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ദില്ലിയിലെ പഞ്ചനക്ഷത്ര ആശുപത്രികളിൽ നിന്നാണ്. കഴിഞ്ഞ വർഷം, കൊവിഡ് കേസുകളുടെ പരിചരണത്തിലൂടെ മാത്രം ഈ ആശുപത്രികൾ ഉണ്ടാക്കിയത്, മുൻവർഷങ്ങളിൽ കിട്ടിയതിന്റെ ഇരട്ടിയിലധികം ലാഭമാണ്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട നാഷണൽ ഹെറാൾഡ് പത്രം, " കൊവിഡ് കാലത്തെ ലാഭക്കൊതി- സ്വകാര്യ ആശുപത്രികളെ ഗവൺമെന്റ് ഏറ്റെടുക്കാറായോ?' എന്ന തലക്കെട്ടിൽ ഒരു ലേഖനം വരെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ആ റിപ്പോർട്ടിൽ പറഞ്ഞത് ദില്ലിയിലെ ആശുപത്രികളിൽ കൊറോണ ബാധിതരായി അഡ്മിറ്റ് ആക്കപ്പെടുന്ന രോഗികളിൽ നിന്ന് ദിവസം പ്രതി  25,090 രൂപ മുതൽ, 75,590 രൂപ വരെ ഈടാക്കുന്നുണ്ട് എന്നാണ്. രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞിറങ്ങുന്ന രോഗികളിൽ നിന്ന് പന്ത്രണ്ടു ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾ ദില്ലിയിൽ ഉണ്ട് എന്ന ഞെട്ടിക്കുന്ന വിവരം ഈ ലേഖനത്തിലൂടെ നാഷണൽ ഹെറാൾഡ് പുറത്തുവിടുകയുണ്ടായി. ഇതിന്റെ കൂടെ പിപിഇ കിറ്റുകളുടെയും, ടെസ്റ്റുകളുടെയും, മരുന്നുകളുടെയും വിലകൂടി ചേരുമ്പോൾ പല കുടുംബങ്ങളുടെയും വാർഷിക വരുമാനത്തേക്കാൾ പോലും അധികമാകും ഈ ചെലവ്. വീട്ടിൽ കിടത്തിയുള്ള ചികിത്സയ്ക്ക് പോലും ദില്ലിയിൽ 5,700 രൂപ മുതൽ 21,900 രൂപ വരെ ചെലവുണ്ട്. മരുന്നുകളുടെയും ടെസ്റ്റുകളുടെയും നിരക്കിന് പുറമെയാണിത്. ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഒരു റിട്ട് ഹർജിയുടെ വിവരങ്ങളും ഈ ലേഖനം ഉദ്ധരിച്ചിരുന്നു.

ഇങ്ങനെ ഒരു റിട്ട് ആശുപത്രി ചെലവിനെതിരെ വന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഹെൽത് കെയർ പ്രൊവൈഡേഴ്സ് നിരക്കുകൾ കുറയ്ക്കാൻ തയ്യാറായി മുന്നോട്ടുവന്നു. എന്നാൽ അപ്പോഴും ചുരുങ്ങിയ നിരക്കുകൾ 15,000 രൂപ + ഓക്സിജൻ ചെലവിനത്തിൽ 5,000 രൂപ എന്നതിൽ തന്നെ എത്തിനിന്നു. ഐസിയുവിൽ കിടക്കേണ്ടി വന്നാൽ പ്രതിദിനം 25,000 രൂപയും, വെന്റിലേറ്റർ വേണ്ടി വന്നാൽ പ്രതിദിനം 10,000 രൂപയും, നൽകേണ്ടി വരുന്ന സാഹചര്യം അപ്പോഴും നിലനിന്നു. ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയുള്ളത്, ഈ ആശുപത്രികൾ തങ്ങൾക്ക്  375 മുതൽ 500 രൂപ വരെ നിരക്കിൽ കിട്ടുന്ന പിപിഇ കിറ്റ് അതിന്റെ 10-12 ഇരട്ടി നിരക്കിലാണ് രോഗികൾക്ക് വിൽക്കുന്നത് എന്നതാണ്.

ഓക്സിജൻ വിതരണത്തിലെ പകൽക്കൊള്ള

മെഡിക്കൽ രംഗത്ത് ആവശ്യം വരുന്ന ഓക്സിജന്റെ നിർമാണം, വിതരണം, സ്റ്റോറേജ് എന്നിവ പൂർണമായും സ്വകാര്യമേഖലയിലാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇന്ത്യയിൽ ഓക്സിജന്റെ വിപണനത്തിനുമേൽ ഗവൺമെന്റിന് യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. ആകെയുള്ള ഒരേയൊരു നിയന്ത്രണം നാഷണൽ ഫാർമ പ്രൈസിംഗ് അതോറിറ്റി ഏർപ്പെടുത്തിയിട്ടുള്ള വില നിയന്ത്രണങ്ങൾ മാത്രമാണ്. തങ്ങൾക്ക് വേണ്ട ഓക്സിജൻ എത്ര എന്ന് ആശുപത്രികൾ മുൻ‌കൂർ പ്രതീക്ഷിക്കുന്നതിനനുസരിച്ച് ഓർഡർ ചെയ്യുകയും, കിലോമീറ്ററുകൾ അകലെയുള്ള നിർമാണ ശാലകളിൽ നിന്ന് അപ്പപ്പോൾ കൊണ്ടുവരികയുമാണ് ഇപ്പോൾ നിലവിലുള്ള രീതി. ചുരുങ്ങിയ അളവിൽ, ഏതാനും ദിവസങ്ങൾ ഉപയോഗിക്കാൻ വേണ്ട ഓക്സിജൻ മാത്രമേ ആശുപത്രികളിൽ നിലവിൽ സൂക്ഷിക്കാൻ സാധിക്കൂ. പ്രതീക്ഷിച്ചതിലും അധികമായ നിരക്കിൽ ഓക്സിജൻ ഉപയോഗിക്കപ്പെട്ടാൽ, പല ആശുപത്രികൾക്കും യഥാസമയം സ്റ്റോക്ക് പുനഃസ്ഥാപിക്കുന്നതിൽ വലിയ പരിമിതികളുണ്ട്. രാജ്യത്ത് ഓക്സിജൻ നിർമാണ രംഗത്ത് ക്ഷാമം ഒന്നുമില്ല എന്നതാണ് വസ്തുത. ആശുപത്രികൾ സ്ഥിതിചെയ്യുന്ന നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള ഓക്സിജൻ നിർമാണ ശാലകളിൽ നിന്ന് ടാങ്കർ ലോറികളിൽ കയറ്റിവേണം അത് കൊണ്ടുവരാൻ എന്നത് മാത്രമാണ് ആകെയുള്ള പരിമിതി. കൊവിഡ് കാരണം ഉയർന്ന ഓക്സിജൻ ഡിമാൻഡിന് അനുസരിച്ചുള്ള വിതരണം നടത്താൻ നിലവിലെ ലോജിസ്റ്റിക്സ് സംവിധാനങ്ങൾക്ക് സാധിക്കാത്തതാണ് ഓക്സിജൻ ക്ഷാമത്തിന് പ്രധാന കാരണം.

പ്ലാന്റ് സ്ഥാപിക്കാൻ വിമുഖതയോ?

നമ്മൾ കോവിഡിനൊപ്പം കഴിയാൻ തുടങ്ങിയിട്ട് ഇത് ഒരു വർഷത്തിൽ അധികമായി. കഴിഞ്ഞ വർഷം കൊവിഡ് രൂക്ഷമായപ്പോൾ തന്നെ ദില്ലിയിലെ ആശുപത്രികളിൽ സ്വന്തമായി ലോക്കൽ ഓക്സിജൻ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കപ്പെടേണ്ടതായിരുന്നു. ദ പ്രിന്റിൽ വന്ന ഒരു ലേഖനത്തിൽ കൊടുത്തിട്ടുള്ള കണക്കുകൾ പ്രകാരം,  240 കിടക്കകളും 40  ഐസിയു കിടക്കകളുമുള്ള ഒരു ആശുപത്രിഏതാണ്ട് അഞ്ചു ലക്ഷം രൂപയ്ക്കുള്ള ഓക്സിജനാണ് മാസാമാസം ഉപയോഗിക്കുക. അവർക്ക് സ്വന്തമായി ഒരു ഓക്സിജൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ആകെ ആവുക  50 ലക്ഷം രൂപയാണ്. അത് അവർക്ക് മുതലാക്കാൻ വെറും ഒന്നര വർഷം മാത്രം മതി. ഈ കണക്കു ശരിയാണെങ്കിൽ, ദില്ലിയിലെ ഏതാണ്ട് എല്ലാ ആശുപത്രികൾക്കും ഈ ചെലവ് താങ്ങാനാകും. എന്നിട്ടും അവർ ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ കിടക്കുന്ന ഫാക്ടറികളിൽ നിന്ന് ട്രക്കുകളിൽ അപ്പപ്പോൾ ലിക്വിഡ് ഓക്സിജൻ കൊണ്ടുവരാനാണ് താത്പര്യപ്പെടുന്നത്. ഈ പ്ലാന്റിന് വേണ്ടി തങ്ങളുടെ വിലപിടിപ്പുള്ള റിയൽ എസ്റ്റേറ്റ് സ്‌പേസ് മിനക്കെടുത്താൻ അവർക്ക് താത്പര്യമില്ല എന്നതാണ് ഇതിനു പിന്നിൽ.

ഈ ഓക്സിജൻ വിതരണ ശൃംഖലകൾ എങ്ങനെയാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമാവുക എന്നതിനെപ്പറ്റി, തൃശൂർ മിഷൻ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലെ ചെറിഷ് പോൾ, ജോൺ പോൾ, അഖിൽ ബാബു എന്നിവർ ചേർന്ന് ഇന്ത്യൻ ജേർണൽ ഓഫ് റെസ്പിറേറ്ററി കെയർ എന്ന ഗവേഷണ മാസികയിൽ “Hospital oxygen supply: A survey of disaster preparedness of Indian hospitals, എന്ന തലക്കെട്ടിൽ ഒരു വിശദമായ ഒരു പഠനം തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു മഹാമാരി വന്നാൽ അത് എങ്ങനെ ഓക്സിജൻ ക്ഷാമത്തിന് കാരണമാകും എന്ന് അവർ ഈ പ്രബന്ധത്തിൽ വിശദീകരിക്കുന്നുണ്ട്.

ദില്ലിയിലെ ആശുപത്രികൾ സ്വന്തം നിലയ്ക്ക് ഓക്സിജൻ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ മിനക്കെടാതെ, ടാങ്കറുകളിൽ കൊണ്ടുവരുന്ന ദ്രവ ഓക്സിജൻ വിതരണത്തെ ആശ്രയിച്ചതാണ് നിലവിൽ രോഗികൾ മരിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. തങ്ങൾ ആശ്രയിച്ചിരുന്ന സ്വകാര്യ വിതരണ ശൃംഖലകൾ പരിചയപെട്ട സാഹചര്യത്തിൽ, ജീവിക്കാനുള്ള അവകാശം ഉന്നയിച്ച് കോടതിയിൽ റിട്ട് സമർപ്പിച്ച് അതിനു ഗവണ്മെന്റിനെ പഴിചാരുകയാണ് ഈ ആശുപത്രികൾ ചെയ്തിട്ടുളളത്.


ഓക്സിജൻ വിതരണത്തിലെ അഴിമതി 

കൊവിഡ് കൊടുക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടായേക്കാം എന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് നരേന്ദ്ര മോദി ഗവൺമെന്റ്, രാജ്യത്തെ വിവിധ ഗവൺമെന്റ് ആശുപത്രികളിലായി 162 PSA ഓക്സിജൻ പ്ലാന്റുകൾ 200 കോടി രൂപ ചെലവിൽ സ്ഥാപിക്കാൻ വേണ്ടി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരവായത്. ഈ പദ്ധതി യഥാസമയം നടന്നിരുന്നെങ്കിൽ, ഇന്ത്യയിൽ മിനിറ്റൊന്നിന്  80,500 ലിറ്റർ വീതം മെഡിക്കൽ ഓക്സിജൻ  നിർമ്മിക്കപ്പെട്ടിരുന്നേനെ. അതായത് ഓരോ പ്ലാന്റിലും പ്രതിദിനം ഓരോ ടൺ വീതം ഓക്സിജൻ. എന്നാൽ കേന്ദ്രം നിർദേശിച്ച 162 പ്ലാന്റുകളിൽ ആകെ സ്ഥാപിക്കപ്പെട്ടത് 33 എണ്ണം മാത്രമാണ്. പല സർക്കാർ ആശുപത്രികളും കേന്ദ്രത്തിന്റെ ഈ പദ്ധതിക്ക് വേണ്ടത്ര ഉത്സാഹം കാണിച്ചില്ല.

ദ പ്രിന്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ആരോപിക്കുന്നത് കഴിഞ്ഞ ഡിസംബറിൽ ഈ പ്ലാന്റുകൾക്കുള്ള ഓർഡറുകൾ നല്കപ്പെട്ടിരുന്നു എന്നും, അവ സ്ഥാപിക്കാൻ വേണ്ടി ഓർഡർ എടുത്ത കമ്പനിയുടെ എഞ്ചിനീയർമാർ ചെന്നപ്പോൾ പല ആശുപത്രികളിൽ നിന്നും അവർക്ക് കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നു എന്നാണ്. സ്വകാര്യ കമ്പനികളിൽ നിന്ന് ഓക്സിജൻ വാങ്ങുന്നതിലൂടെ ഈ ആശുപത്രികളിലെ പർച്ചേസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് നിലവിൽ കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക ലാഭം മുടങ്ങും എന്നതാണ് മുട്ടാപ്പോക്ക് കാരണങ്ങൾ പറഞ്ഞുകൊണ്ട് പ്ലാന്റ് സ്ഥാപിക്കുന്നത് മുടക്കാൻ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുതന്നെ ശ്രമങ്ങൾ ഉണ്ടാകാൻ കാരണം.

 നേരിടേണ്ടത് പുതിയ വൈറസിനെ

ഏപ്രിൽ ആദ്യവാരം കാറ്റുപിടിച്ച പുതിയ കോവിഡ് തരംഗത്തിൽ രംഗത്തു വന്നിട്ടുള്ളത് ആദ്യ ഘട്ടത്തിലെ അതേ വൈറസ് അല്ല എന്നതും ശ്രദ്ധേയമാണ്. ഇത്, ആദ്യത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്ന ഇന്ത്യൻ ഡബിൾ മ്യൂട്ടന്റ് ഇനം വൈറസ് ആണ്. ഈ രണ്ടാം കൊവിഡ് സുനാമിയിൽ ആദ്യത്തെ ഏഴാഴ്ചകളിൽ തന്നെ ബിഹാറിൽ പ്രതിദിന കേസുകളിൽ ഉണ്ടായ വർധന 522 ഇരട്ടി ആണ്. ഇത് ഉത്തർപ്രദേശിൽ 399 മടങ്ങും, ആന്ധ്രയിൽ 186 മടങ്ങും ദില്ലിയിൽ 150 മടങ്ങുമാണ് എന്നത് ഏറെ ആശങ്കാജനകമാണ്.

വേണ്ടത് ഒരു ദേശീയ വികാരം

2021 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 10.8 പേർ മാത്രമേ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുള്ളൂ. രണ്ടാം ഡോസ് എടുത്തവരുടെ എണ്ണം ഇതുവരെ 1.6 കോടി കടന്നിട്ടേ ഉള്ളൂ. ഗൂഗിൾ മൊബിലിറ്റി ഡാറ്റ സൂചിപ്പിച്ചത്, കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടായില്ല എങ്കിലും, ഇന്ത്യയിലെ പൊതുജനം അവരുടെ സാധാരണ ജീവിത വ്യവഹാരങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ്. തിയറ്ററുകളിലും, പാർക്കുകളിലും, ബീച്ചുകളിലും ജനം വീണ്ടും തിങ്ങി നിറഞ്ഞു. ബസ്സുകളിലും ട്രെയിനുകളിലും മെട്രോകളിലും പഴയ തിരക്കുകൾ തിരിച്ചുവന്നു. ഉത്സവങ്ങളും മേളകളും വീണ്ടും സംഘടിപ്പിക്കപ്പെടാൻ തുടങ്ങി. പലയിടത്തും ജനങ്ങൾ മാസ്കിടുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതിരുന്നതാണ് സാഹചര്യം വീണ്ടും വഷളാകാനും രണ്ടാം തരംഗം ഇത്രകണ്ട് രൂക്ഷമാകാനുമുള്ള പ്രധാന കാരണം. ഇത് നമുക്ക് മുന്നിൽ സൃഷ്ടിച്ചിട്ടുള്ളത് വലിയൊരു പ്രതിസന്ധി തന്നെയാണ്. അതിനെ അതിജീവിക്കുന്നതിന് നമുക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത്, ഈ മഹാമാരിക്കെതിരെ ഒന്നിക്കാനുള്ള ഒരു ദേശീയ വികാരമാണ്. അതുണ്ടാക്കാൻ നമുക്ക് സാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം. 

 

click me!