ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് അമർനാഥ് യാത്രയ്ക്ക് ശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Jun 4, 2019, 10:13 PM IST
Highlights

ജൂലൈ ഒന്നിനാണ് അമർനാഥ് യാത്ര തുടങ്ങുന്നത്. ആഗസ്റ്റ് 15 ന് ശ്രാവണ പൂർണിമയോടെ യാത്ര അവസാനിക്കും. അതായത്, ആഗസ്റ്റ് മാസത്തിന് ശേഷമേ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കൂ. 

ദില്ലി: അമർനാഥ് തീർത്ഥാടന സീസൺ കഴിഞ്ഞ ശേഷമേ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കൂ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 46 ദിവസം നീണ്ട അമർനാഥ് തീർത്ഥയാത്ര ജൂലൈ ഒന്നിനാണ് തുടങ്ങുന്നത്. മാസിക് ശിവരാത്രി ദിനം തുടങ്ങുന്ന യാത്ര ശ്രാവണപൂർണിമ ദിവസമായ ആഗസ്റ്റ് 15-ന് അവസാനിക്കും. അതായത് ആഗസ്റ്റ് മാസത്തിന് ശേഷമേ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളൂ. കഴിഞ്ഞ ഒരു വർഷമായി ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. 

ഭരണഘടനയുടെ 324-ാം ചട്ടപ്രകാരം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടത്താൻ തീരുമാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുള്ളതായി റിപ്പോർട്ടുകൾ ലഭിക്കുകയും അമർനാഥ് യാത്ര പൂർത്തിയാവുകയും ചെയ്താൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ജമ്മു കശ്മീരിൽ സംഘർഷഭരിതമായ അവസ്ഥയാണ് നിലനിന്നിരുന്നത്. വിഘടനവാദി സംഘടനകളും തീവ്രവാദി ഗ്രൂപ്പുകളും വ്യാപകമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലുൾപ്പടെ കനത്ത സുരക്ഷ ഒരുക്കിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം തീരെക്കുറവായിരുന്നു. അനന്ത് നാഗ് ലോക്സഭാ മണ്ഡലത്തിൽ മാത്രം സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 

മാർച്ച് പത്തിന് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അന്ന് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് തീയതി നീട്ടി വയ്ക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം ജൂണിലാണ് പിഡിപി - ബിജെപി സഖ്യം തകർന്ന ശേഷം ജമ്മു കശ്മീരിലെ സഖ്യസർക്കാർ താഴെ വീണത്. ഡിസംബർ 2018-ലാണ് ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്. 'എണ്ണയും വെള്ളവും' പോലെ കരുതപ്പെട്ട പിഡിപി - ബിജെപി സഖ്യം തല്ലിപ്പിരിഞ്ഞതോടെ, നവംബർ 2018-ൽ ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചു വിട്ടിരുന്നു. പിഡിപിയും, നാഷണൽ കോൺഫറൻസും, കോൺഗ്രസും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചെങ്കിലും കൃത്യമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഗവർണർ ഇത് അംഗീകരിച്ചില്ല. 

click me!