വെട്ടുകിളി ആക്രമണത്തിൽ ഇക്കുറി രാജ്യത്ത് ഇരട്ടി കൃഷി നാശം: കേന്ദ്ര കൃഷി മന്ത്രാലയം

By Web TeamFirst Published Jun 5, 2020, 8:37 AM IST
Highlights

കഴിഞ്ഞ കൊല്ലം രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തില്‍ മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്

ദില്ലി: വെട്ടുകിളി ആക്രമണത്തിൽ രാജ്യത്ത് ഇത്തവണ ഇരട്ടി നാശനഷ്‌ടമുണ്ടായെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. ആറ് ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രജനനത്തിനായി ഇന്ത്യാ-പാക് അതിർത്തിയിലേക്ക് വെട്ടുകിളി സംഘം മടക്കമാരംഭിച്ചെന്നാണ് ഐക്യരാഷ്ട്ര സഭ ഭക്ഷ്യവിഭാഗത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ കൊല്ലം രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തില്‍ മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. ഇത്തവണ ഇപ്പോള്‍ തന്നെ രണ്ടുലക്ഷത്തിലധികം ഹെക്ടറില്‍ കൃഷിനാശമുണ്ടായി. ഇക്കൊല്ലം അവസാനത്തോടെ മധ്യ - ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വെട്ടുകിളികള്‍ ഏല്‍പ്പിക്കുന്ന പ്രഹരം കനത്തതാവുമെന്നാണ് മുന്നറിയിപ്പ്.

രാജസ്ഥാനിലെ 18 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലും ആക്രമണം ഉണ്ടായി. ഉത്തര്‍പ്രദേശിലും പഞ്ചാബിലും മഹാരാഷ്ട്രയിലും വ്യാപക കൃഷിനാശം ഉണ്ടായി. രാജസ്ഥാനില്‍ മാത്രം ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പരുത്തി കൃഷി നശിച്ചു. പക്കച്ചറി വിളകളുടെ നാശം വേറെയും ഉണ്ടായി. മാര്‍ച്ച് പതിനൊന്നിന് പാക്ക് അതിര്‍ത്തി കടന്ന് രാജസ്ഥാനിലൂടെ രാജ്യത്തെ ആറു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച വെട്ടുകിളി ആക്രമണത്തിന്‍റെ പൊതു ചിത്രം ഇങ്ങിനെയാണ്.

കാലവര്‍ഷമെത്തിയതോടെ വെട്ടുകിളി സംഘം പ്രജനനത്തിനായി രാജസ്ഥാന്‍ - പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മണല്‍ പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങിയെന്നാണ് വിലയിരുത്തല്‍. പ്രജനന കാലത്തു തന്നെ വെട്ടുകിളികളെ നശിപ്പിച്ച് നാശം കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മരുന്നു തളിക്കാന്‍ ആയിരം വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി രാജസ്ഥാന്‍ സര്‍ക്കാര്‍, ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി. മണ്‍സൂണ്‍ കാലത്തെ വെട്ടുകിളികളുടെ രണ്ടാം വരവ് തടഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യന്ത്യയില്‍ കാര്‍ഷിക പ്രതിസന്ധി അതി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

click me!