നൂതനമായ 50 ആഗോള കമ്പനികളിൽ 70 ശതമാനത്തിനും ഇന്ത്യയിൽ ഗവേഷണ-വികസന കേന്ദ്രമുണ്ട്: മന്ത്രി രാജീവ് ചന്ദ്രശേഖർ

By Web TeamFirst Published Oct 6, 2021, 9:22 PM IST
Highlights

ലോകത്തെ നൂതനമായ അമ്പത് ആഗോള കമ്പനികളിൽ 70 ശതമാനത്തിലധികം കമ്പനികൾക്കും ഇന്ത്യയിൽ ഗവേഷണ-വികസന കേന്ദ്രമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, നൈപുണ്യവികസന, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. നാസ്കോം സംഘടിപ്പിച്ച 'ഡിസൈൻ ആൻഡ് എഞ്ചിനിയറിങ് സമ്മിറ്റി'ൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി: ലോകത്തെ നൂതനമായ അമ്പത് ആഗോള കമ്പനികളിൽ 70 ശതമാനത്തിലധികം കമ്പനികൾക്കും ഇന്ത്യയിൽ ഗവേഷണ-വികസന കേന്ദ്രമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, നൈപുണ്യവികസന, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ( Rajeev Chandrasekhar). നാസ്കോം സംഘടിപ്പിച്ച 13-ാമത്  'ഡിസൈൻ ആൻഡ് എഞ്ചിനിയറിങ് സമ്മിറ്റ്' ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ ആറ് - ഏഴ് ദിവസങ്ങളിലായി 'എഞ്ചിനിയിറിങ് നെസ്റ്റ്' എന്ന തീമിലാണ് സമ്മിറ്റ് നടക്കുന്നത്.  മൂല്യബോധമുള്ള ഗവേഷണവും അതിന്റെ വളർച്ചയും, ഉപഭോക്തൃ സൌഹൃദമായ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കുക, ബിസിനസ് മേഖലയെ സുസ്ഥിര ലക്ഷ്യങ്ങളിലേക്ക് കൈപിടിച്ച് നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യോഗം നടക്കുന്നത്.

ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിൽ, രാജ്യത്തെ ഉത്പാദനം, എഞ്ചിനീയറിംഗ്, ഡിജിറ്റലൈസേഷൻ എന്നിവയിലെ വളരുന്ന അവസരങ്ങൾ സുപ്രധാന പങ്ക് വഹിക്കും. എഞ്ചിനീയറിംഗ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ഇആർ & ഡി) മേഖല 31 ബില്യൺ ഡോളർ വരുമാനം ആർജിക്കുന്നുണ്ട്.  കൂടാതെ വിവിധ മേഖലകളിലുടനീളം ഉൽ‌പ്പന്ന ഗവേഷണ വികസനത്തിനായി ആയിരത്തിലധികം ആഗോള കമ്പനികൾ  ഇന്ത്യയിൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച 50 എഞ്ചിനീയറിംഗ് സേവന ദാതാക്കളിൽ 12 പേർ ഇന്ത്യയിൽ ആസ്ഥാനം ഉള്ളവരാണ്, കൂടാതെ മികച്ച 50 സേവന ദാതാക്കളിൽ 44 പേർക്ക് ഇന്ത്യയിൽ പഠന-ഗവേഷണ പ്രവർത്തനങ്ങൾ ഉണ്ട്. ഏറ്റവും നൂതനമായ 50 ആഗോള കമ്പനികളിൽ 70 ശതമാനത്തിലധികവും ഇന്ത്യയിൽ ഗവേഷണ-വികസന കേന്ദ്രങ്ങൾ ഉള്ളവയാണ്. നമ്മൾ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളിലും 'ഇന്ത്യക്കുള്ളിൽ തന്നെ' ഉള്ളത് പോലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയും നൈപുണ്യവും തമ്മിലുള്ള അടുത്ത ബന്ധം പരിഗണിച്ച്, നൈപുണ്യ വികസന മന്ത്രി എന്ന നിലയിൽ, ലോകത്തിനായുള്ള ആഗോള ഡിജിറ്റൽ ടാലന്റ് ഹബ്ബായി ഇന്ത്യയെ മാറ്റാൻ ഡിജിറ്റൽ സാങ്കേതികവിദ്യകളെയും സോഫ്റ്റ് സ്കില്ലുകളെയും സംയോജിപ്പിച്ച് തൊഴിൽ നൈപുണ്യ വികസനം ത്വരിതപ്പെടുത്തുന്നതിന്  പ്രവർത്തിച്ച് വരികയാണെന്നും മന്ത്രി വിശദമാക്കി.

 

click me!