
ദില്ലി: ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ പി ഐ ബി ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) കണ്ടെത്തി നടപടി സ്വീകരിച്ചു. ഈ ചാനലുകൾ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ ആറ് വ്യത്യസ്ത ട്വിറ്റർ ത്രെഡുകൾ, ഫാക്റ്റ് ചെക്ക് യൂണിറ്റ് പുറത്തിറക്കി. 100-ലധികം പരിശോധിക്കപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഫാക്റ്റ് ചെക്ക് യൂണിറ്റിന്‍റെ നടപടി. ഏകദേശം 20 ലക്ഷം വരിക്കാർ ഉണ്ടായിരുന്ന ഈ ആറ് യൂട്യൂബ് ചാനലുകളിലെ വീഡിയോകൾക്ക് എല്ലാം കൂടി 51 കോടിയിലധികം കാഴ്ചക്കാരാണ് ഇതുവരെ ഉള്ളത്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പിഐബി കണ്ടെത്തിയ യൂട്യൂബ് ചാനലുകളുടെ വിശദാംശങ്ങൾ ചുവടെ
നേഷൻ ടിവി - 5.57 ലക്ഷം സബ്സ്ക്രൈബർമാരും 21,09,87,523 വ്യൂസുമാണ് നേഷൻ ടിവിക്ക് ഉള്ളത്.
സംവാദ് ടിവി - 10.9 ലക്ഷം സബ്സ്ക്രൈബർമാരും 17,31,51,998 വ്യൂസുമാണ് സംവാദ് ടിവിക്ക് ഉള്ളത്.
സരോകാർ ഭാരത് - 21.1 ആയിരം സബ്സ്ക്രൈബർമാരും 45,00,971 വ്യൂസുമാണ് സരോകാർ ഭാരതിന് ഉള്ളത്.
നേഷൻ 24 - 25.4 ആയിരം സബ്സ്ക്രൈബർമാരും 43,37,729 വ്യൂസുമാണ് നേഷൻ 24 ന് ഉള്ളത്.
സ്വർണിം ഭാരത് - 6.07 ആയിരം സബ്സ്ക്രൈബർമാരും 10,13,013 വ്യൂസുമാണ് സ്വർണിം ഭാരതിന് ഉള്ളത്.
സംവാദ് സമാചാർ - 3.48 ലക്ഷം സബ്സ്ക്രൈബർമാരും 11,93,05,103 വ്യൂസുമാണ് സംവാദ് സമാചാറിന് ഉള്ളത്.
ഈ ആറ് ചാനലിലുമായി മൊത്തം 20.47 ലക്ഷം സബ്സ്ക്രൈബർമാരും 51,32,96,337 വ്യൂസുമാണ് ഉള്ളതെന്നും പിഐബി വ്യക്തമാക്കി.
ഈ യൂട്യൂബ് ചാനലുകൾ തിരഞ്ഞെടുപ്പ്, സുപ്രീം കോടതിയിലെയും ഇന്ത്യൻ പാർലമെന്റിലെയും നടപടികൾ, കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനം മുതലായവയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി പി ഐ ബി ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിരോധനം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങളും, രാഷ്ട്രപതി, പ്രധാനമന്ത്രി, രാഹുൽ ഗാന്ധി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ നടത്തി എന്ന് പറയപ്പെടുന്ന തെറ്റായ പ്രസ്താവനകളും ഇതിൽ ഉൾപ്പെടുന്നു.
വ്യാജ വാർത്തകളിലൂടെ ധനസമ്പാദനത്തിനായി പ്രവർത്തിക്കുന്നവയാണ് ഈ ചാനലുകൾ. വാർത്ത ആധികാരികമാണെന്ന് വിശ്വസിപ്പിക്കാനും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവർ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനായി പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിനുമായി ഈ യുട്യൂബ് ചാനലുകൾ, ടിവി ചാനലുകളുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും വ്യാജവും ക്ലിക്ക് ബെയ്റ്റും വൈകാരികവുമായ തമ്പ്നെയിലുകളും ഉപയോഗിക്കുന്നതായും കണ്ടെത്തി. പി ഐ ബി ഫാക്ട് ചെക്കിന്റെ ഇത്തരം രണ്ടാമത്തെ നടപടിയാണിത്. നേരത്തെ 2022 ഡിസംബർ 20 ന് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് ചാനലുകളെ ഈ യൂണിറ്റ് കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam