Nitin Gadkari : റിലയന്‍സിന്റെ ടെന്‍ഡര്‍ ഒഴിവാക്കി, സര്‍ക്കാറിന് ലാഭം 2000 കോടി; തുറന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി

By Web TeamFirst Published Dec 17, 2021, 10:46 PM IST
Highlights

''1995ല്‍ മുംബൈ-പുണെ എക്‌സ്പ്രസ് വേക്കായുള്ള റിലയന്‍സിന്റെ ടെന്‍ഡര്‍ ഞാന്‍ നിരസിച്ചു. ധീരുഭായി അംബാനിയാണ് അക്കാലത്ത് റിലയന്‍സ് മേധാവി. ടെന്‍ഡര്‍ ഒഴിവാക്കിയതിനാല്‍ എന്റെ മുഖ്യമന്ത്രിയും ശിവസേന നേതാവ് ബബാസാഹെബ് താക്കറെയും ആശങ്കയിലായിരുന്നു. എന്തിനിത് ചെയ്‌തെന്ന് അവര്‍ ചോദിച്ചു''.
 

മുംബൈ: താന്‍ സംസ്ഥാന മന്ത്രിയായിരിക്കെ മുംബൈ-പുണെ എക്‌സ്പ്രസ് ഹൈവേക്കായി റിലയിന്‍സിന്റെ (Reliance) ടെന്‍ഡര്‍ (Tender)  ഒഴിവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് 2000 കോടിയുടെ ലാഭമുണ്ടായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ (Nitin Gadkari) തുറന്നുപറച്ചില്‍. മുംബൈയില്‍ നടന്ന 'നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ഹൈവേ, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിസ്‌ക്‌സ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''1995ല്‍ മുംബൈ-പുണെ എക്‌സ്പ്രസ് വേക്കായുള്ള റിലയന്‍സിന്റെ ടെന്‍ഡര്‍ ഞാന്‍ നിരസിച്ചു. ധീരുഭായി അംബാനിയാണ് അക്കാലത്ത് റിലയന്‍സ് മേധാവി. ടെന്‍ഡര്‍ ഒഴിവാക്കിയതിനാല്‍ എന്റെ മുഖ്യമന്ത്രിയും ശിവസേന നേതാവ് ബബാസാഹെബ് താക്കറെയും ആശങ്കയിലായിരുന്നു. എന്തിനിത് ചെയ്‌തെന്ന് അവര്‍ ചോദിച്ചു. മുംബൈ-പുണെ എക്‌സ്പ്രസ് വേക്കും ബാന്ദ്ര-വര്‍ളി സീ ലിങ്ക് പദ്ധതിക്കും ജനങ്ങളില്‍ നിന്ന് പണം കണ്ടെത്തുമെന്ന് അവരോട് ഞാന്‍ മറുപടി നല്‍കി. എല്ലാവരും എന്നെ നോക്കി ചിരിച്ചു. നിങ്ങള്‍ പറയുന്നത് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ചെയ്‌തോളൂ എന്നായിരുന്നു മുഖ്യമന്ത്രി മുരളീമനോഹര്‍ ജോഷി പറഞ്ഞത്. അങ്ങനെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഉണ്ടാക്കി. ഞാനതിന്റെ ആദ്യത്തെ ചെയര്‍മാനുമായി. ചേംബര്‍ ഓഫ് കൊമേഴ്‌സിനെ സമീപിച്ച് കമ്പ്യൂട്ടറും ലാപ്‌ടോപും ഉപയോഗിച്ച് പദ്ധതി വിശദീകരിച്ചു. അന്ന് കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം വരുന്നതേയുള്ളൂ. അന്ന് നിക്ഷേപകരെ തേടി അങ്ങോട്ട് പോയി. ഇന്ന് നിക്ഷേപകര്‍ ഇങ്ങോട്ട് വരുന്നു''-ഗഡ്കരി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപിക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. റിലയന്‍സ് 3,600 കോടി രൂപയുടെ ടെന്‍ഡറാണ് വെച്ചത്. ഞങ്ങള്‍ അത് ഒഴിവാക്കി 1,600 കോടി രൂപ ചെലവില്‍ എംഎസ്ആര്‍ഡിസി വഴി പദ്ധതി പൂര്‍ത്തിയാക്കി 2,000 കോടി ലാഭിച്ചു. മഹാരാഷ്ട്ര സര്‍ക്കാറിന് പദ്ധതിയില്‍ നിന്ന് 3,000 കോടി ലഭിച്ചു. ഒന്നര വര്‍ഷം മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് 8,000 കോടി ലഭിച്ചു. 1,600 കോടി രൂപക്ക് പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ നിന്ന് ആദ്യം 3,000 കോടി രൂപയും രണ്ടാം തവണ 8,000 കോടി രൂപയും സര്‍ക്കാറിന് ലഭിച്ചു. അതുകൊണ്ടു തന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സാമ്പത്തിക ലാഭത്തെക്കുറിച്ചും ആകുലപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വിപണിയില്‍ നിന്ന് നിക്ഷേപം സ്വരൂപിച്ചതിന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 500 കോടി രൂപ നിക്ഷേപം തേടിയാണ് മൂലധന വിപണിയെ സമീപിച്ചത്. 1,160 കോടി രൂപ ആദ്യം സമാഹരിച്ചു. രണ്ടാം തവണ 650 കോടി രൂപയും പിന്നീട് 1,100 കോടി രൂപയും കൂടി സമാഹരിച്ചു. ഇത്രയധികം പണം ലഭിക്കുമെന്ന് ഞങ്ങള്‍ കരുതിയില്ല. നിങ്ങള്‍ ഞങ്ങളെക്കാള്‍ മിടുക്കനാണെന്ന് അന്ന് രത്തന്‍ ടാറ്റ എന്നോട് പറഞ്ഞെന്നും ഗഡ്കരി വ്യക്തമാക്കി.
 

click me!