രാജി സൂചന നൽകി യെദിയൂരപ്പ, പ്രതിഷേധവുമായി ലിംഗായത്ത്, ആരാകും പുതിയ മുഖ്യമന്ത്രി?

By Web TeamFirst Published Jul 22, 2021, 12:39 PM IST
Highlights

ബിജെപി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ 26-ന്  മന്ത്രിസഭാ നേതൃമാറ്റത്തിന് കളമൊരുങ്ങി.  25-ന് തന്നെ കേന്ദ്രനേതൃത്വത്തിന്‍റെ പുതിയ നിര്‍ദേശമുണ്ടാകുമെന്നും ഇത് പൂര്‍ണമായി അനുസരിക്കുമെന്നും യെദിയൂരപ്പ അറിയിച്ചു. 

ബെംഗളുരു: കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ രാജിസൂചന നല്‍കി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കേന്ദ്രനേതൃത്വത്തിന്‍റെ പുതിയ നിര്‍ദേശം ഉടനുണ്ടാകുമെന്നും അത് അനുസരിക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്നും പ്രതിഷേധങ്ങളില്‍ നിന്ന് അനുയായികള്‍ വിട്ടുനില്‍ക്കണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള നേതാക്കളെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകയിലുടനീളം ലിംഗായത്ത് നേതാക്കള്‍ പ്രതിഷേധിച്ചു.

ബിജെപി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ 26-ന്  മന്ത്രിസഭാ നേതൃമാറ്റത്തിന് കളമൊരുങ്ങി.  25-ന് തന്നെ കേന്ദ്രനേതൃത്വത്തിന്‍റെ പുതിയ നിര്‍ദേശമുണ്ടാകുമെന്നും ഇത് പൂര്‍ണമായി അനുസരിക്കുമെന്നും യെദിയൂരപ്പ അറിയിച്ചു. 

പാര്‍ട്ടി എംഎല്‍എമാര്‍ക്കായി നിശ്ചയിച്ചിരുന്ന അത്താഴവിരുന്ന് ഇതോടെ റദ്ദാക്കി. ശക്തിപ്രകടനം ലക്ഷ്യമിട്ട് യെദിയൂരപ്പ വിളിച്ചിരുന്ന നിയമസഭാകക്ഷി യോഗം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ ഒഴിവാക്കിയിരുന്നു. മക്കളായ ബി വൈ രാഘവേന്ദ്രയ്ക്കും വിജയേന്ദ്രക്കും പാര്‍ട്ടിയിലും സര്‍ക്കാരിലും അര്‍ഹമായ സ്ഥാനം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ബി വൈ വിജയേന്ദ്രക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് ആവശ്യം. 

ലിംഗായത്ത് നേതാക്കളുടെ സമ്മർദ്ദ തന്ത്രം

കര്‍ണാടകയിലെ നിര്‍ണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ അണിനിരത്തിയാണ് കേന്ദ്രനേതൃത്വത്തിന് മേല്‍ യെദിയൂരപ്പ സമ്മര്‍ദ്ദം ചെലുത്തുന്നത്. യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധയിടങ്ങളില്‍ ലിംഗായത്ത് നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.

യെദിയൂരപ്പയെ മാറ്റിയാൽ 2023-ൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ലിംഗായത്ത് നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. താൻ ബിജെപിയുടെ വിശ്വസ്തനായ പ്രവർത്തകനാണെന്നും, തനിക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും ഇന്നലെ യെദിയൂരപ്പ ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടയിലും യെദിയൂരപ്പയെ മാറ്റരുതെന്ന ശക്തമായ താക്കീതുമായി രംഗത്തെത്തുകയാണ് ലിംഗായത്ത് നേതൃത്വം. 

ദക്ഷിണേന്ത്യയിലെ ഏക ബിജെപി മുഖ്യമന്ത്രിയായ ബി എസ് യെദിയൂരപ്പ, സാമുദായികനേതാക്കളുടെ പിന്തുണ നേടാനുള്ള കടുത്ത പരിശ്രമത്തിലാണ്. സ്വന്തം പാർട്ടിയിലെ മന്ത്രിമാരടക്കം കടുത്ത എതിർപ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ബിജെപി കേന്ദ്രനേതൃത്വം യെദിയൂരപ്പയെ ദില്ലിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സ്ഥാനമൊഴിയേണ്ടി വരുമെന്ന സൂചനകളെക്കുറിച്ച് ചോദിച്ചപ്പോൾ, ''ആ കേൾക്കുന്ന റിപ്പോർട്ടുകളെല്ലാം പൂർണമായും തെറ്റാണ്. എല്ലാ റിപ്പോർട്ടുകളും, എല്ലാം എല്ലാം എല്ലാം'', എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. 

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിർത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയർത്തിക്കാണിക്കണം. നിർണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിർത്തണം. ഏറ്റവും മുതിർന്ന ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ അതുകൊണ്ടുതന്നെ പിണക്കാനാകില്ല.  യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ബിഎസ് വിജയേന്ദ്രയുടെ ഇടപെടലുകൾക്കെതിരെ പാർട്ടിക്കുള്ളില്‍നിന്നും നേരത്തെ തന്നെ എതിർപ്പ് പരസ്യമായിരുന്നു. മന്ത്രിമാരടക്കം ഗവർണറെയും കേന്ദ്രനേതൃത്വത്തെയും നിരന്തരം പരാതിയും അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്തായിരിക്കും നേതൃമാറ്റത്തില്‍ ദില്ലിയിൽ നിന്നുള്ള അന്തിമ തീരുമാനം.

2019 ജൂലൈയിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വർഷമായി അധികാരത്തിൽ തുടരുകയാണ്. എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാൽ, ടൂറിസം മന്ത്രി സി പി യോഗേശ്വർ, എംഎൽസി എ എച്ച് വിശ്വനാഥ് എന്നിവർ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകൾ നടത്തിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നേതാക്കൾ പരസ്യമായി എതിർപ്പുയർത്തുന്നത് തുടർന്നു. യെദിയൂരപ്പയല്ല, ബി വൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും നിഴൽ നേതാവിനെപ്പോലെ നടത്തുന്നതെന്നും യത്നാൽ അടക്കമുള്ളവർ ആരോപിക്കുന്നു. 

എന്നാൽ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം ഒപ്പമാണെന്നത് യെദിയൂരപ്പയ്ക്ക് ആശ്വാസമാണ്. പാർട്ടിക്കുള്ളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളും സമുദായനേതൃത്വങ്ങളുടെ മുന്നറിയിപ്പും ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഇനി കണ്ടറിയണം. 

അതേസമയം, സമുദായഭേദമന്യേ സൗമ്യസമീപനമുള്ള യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. യുപി മോഡല്‍ കര്‍ണാടകത്തിലും പരീക്ഷിക്കണമെന്നാണ് വാദം, മന്ത്രിസഭയിലും പൂര്‍ണ അഴിച്ചുപണിക്കാണ് നീക്കം.

click me!