
അലഹബാദ്: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ 30 ദിവസം മുമ്പ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പുന്നത് നിര്‍ബന്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതി. നോട്ടീസ് കാലയളവില്‍ ദമ്പതികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കപ്പെടാന്‍ സാധ്യതയേറെയുണ്ടെന്നും കോടതി വ്യക്തമാക്കി. ദമ്പതികള്‍ക്ക് അവരുടെ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അത് ചെയ്യാതെ തന്നെ വിവാഹം നടത്തിക്കൊടുക്കണമെന്നും ജസ്റ്റ്‌സ് വിവേക് ചൗധരി ഉത്തരവില്‍ പറഞ്ഞു. മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
ഹിന്ദു മതത്തിലേക്ക് മാറി ഹിന്ദു ആചാര പ്രകാരം വിവാഹിയായ സൂഫിയ സുല്‍ത്താന എന്ന യുവതിയെ പിതാവ് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് അഭിഷേക് കുമാര്‍ പാണ്ഡെ എന്ന യുവാവ് ആരോപിച്ചത്. ഹര്‍ജി പരിഗണിക്കവേ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. കാലത്തെയും മാറുന്ന സാമൂഹ്യ അവസ്ഥയെയും ഉള്‍ക്കൊള്ളുന്നതാകണം നിയമമെന്നും ആരുടെയും സ്വകാര്യതയെ ഹനിക്കരുതെന്നും കോടതി വ്യക്തമാക്കി. മറ്റ് വ്യക്തി നിയമങ്ങള്‍ക്കൊന്നുമില്ലാത്ത 30 ദിവസ നോട്ടീസ് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന് മാത്രം എങ്ങനെവന്നുവെന്നും കോടതി ചോദിച്ചു. വിവാഹത്തെക്കുറിച്ച് മാര്യേജ് ഓഫിസര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് രേഖകള്‍ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. എന്തിനാണ് 30 ദിവസം മുമ്പ് നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നു എന്നതില്‍ കോടതി വിശദീകരണം തേടുകയും ചെയ്തു.
യുവതിയെ അവരുടെ താല്‍പര്യപ്രകാരം യുവാവിന്റെ കൂടെ പോകാന്‍ കോടതി അനുമതി നല്‍കി. നോട്ടീസ് പ്രസിദ്ധീകരിച്ചതിനാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമുണ്ടാകുകയും അനാവശ്യമായ സാമൂഹിക സമ്മര്‍ദ്ദമുണ്ടാകുകയും രണ്ട് മതത്തില്‍പ്പെട്ട് വിവാഹിതരാകുന്ന എല്ലാവരും ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തന നിയമപ്രകാരം ഇന്റര്‍ഫെയ്ത് വിവാഹങ്ങള്‍ നടക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
മാറിയ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വരുത്തണമെന്നും 30 ദിവസ നോട്ടീസ് നിര്‍ബന്ധമല്ലാതാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. നേരത്തെ നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിനും 1954 ലെ നിയമപ്രകാരം വിവാഹത്തിന് എതിര്‍പ്പ് ക്ഷണിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും അത് ലംഘിക്കാതിരിക്കുന്നതുമായിരിക്കണമെന്നും വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam