അന്ന് ഒരു ഇന്ത്യന്‍ പൈലറ്റ് കസ്റ്റ‍ഡിയിലായപ്പോള്‍ പാക്കിസ്ഥാന്‍ ചെയ്തത്

By Web TeamFirst Published Feb 27, 2019, 11:47 PM IST
Highlights

ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇതിനായുള്ള ശക്തമായ നീക്കങ്ങളുമായി ഇന്ത്യയും മുന്നോട്ടുപോവുകയാണ്. 

ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇതിനായുള്ള ശക്തമായ നീക്കങ്ങളുമായി ഇന്ത്യയും മുന്നോട്ടുപോവുകയാണ്. അഭിനന്ദനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും സുരക്ഷിതമായി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. 

ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാക്കിസ്ഥാന്‍ പാലിച്ചില്ലെന്നും അപകടകരമായ അവസ്ഥയിലാണ് പാകിസ്ഥാനില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണുന്നത് കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥന് സുരക്ഷ നല്‍കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ പിന്നീട് തിരുത്തി ഒരാള്‍ മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമാക്കി. അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് പാകിസ്ഥാന്‍ കസ്റ്റഡിയിലിരിക്കുമ്പോള്‍ പണ്ട് കാര്‍ഗില്‍ യുദ്ധകാലത്ത് പാക് കസ്റ്റഡിയിലായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ കമ്പമ്പതി നചികേതയുടെ ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നത്.

എന്താണ് നചികേതയ്ക്ക് സംഭവിച്ചത്?!

കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ അഭിമാന ഘടകമായിരുന്നു വ്യോമസേന. അന്ന് 'ഓപ്പറേഷന്‍ സഫേദ് സാഗര്‍' എന്ന പേരില്‍ വ്യോമസേന നടത്തിയ ഓപ്പറേഷനുകള്‍ ശ്രദ്ധേയമായിരുന്നു. കരസേനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കി മികച്ച സാഹചര്യം ഒരുക്കുകയായിരുന്നു വ്യോമസേനയുടെ പ്രധാന ഉത്തരവാദിത്തം. പാക് കരസേനയ്ക്ക് ആയുധങ്ങള്‍ കൈമാറുന്ന പാക് എയര്‍ഫോഴ്സിനെ പൂര്‍ണമായും ഇന്ത്യന്‍ വ്യോമസേന വരുതിയിലാക്കി. സ്വതന്ത്രമായ എയര്‍ ബേസ് ഒരുക്കുകയും ആയുധങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഇന്ത്യന്‍ വ്യോമസേന എത്തിച്ചു നല്‍കി.

ഇതിനിടയില്‍ 1999 മെയ് 26 കാരനായ പൈലറ്റ് നചികേത പറത്തിയ മിഗ് 27 ഫൈറ്റര്‍ ജെറ്റ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തീപിടിച്ചു. അടിയന്തിരമായി പാക് അധീന കശ്മീരില്‍ ഇറക്കിയ വിമാനം പാക് സൈന്യം വളഞ്ഞ് നചികേതയെ കസ്റ്റഡിയിലെടുത്തു. തീപടര്‍ന്ന വിമാനത്തില്‍ നിന്ന് പാക് സൈന്യം രക്ഷപ്പെടുത്തിയെങ്കിലും, പിന്നീട്  കടുത്ത ക്രൂരതയ്ക്കും ചോദ്യം ചെയ്യലിനും അദ്ദേഹം വിധേയനായി. 

പാക് വ്യോമസേന ഡയറക്ടര്‍ കൈസര്‍ തുഫൈല്‍ അടക്കമുള്ളവര്‍ നചികേതയെ ചോദ്യം ചെയ്തു. അതിനിടയില്‍ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 
'ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഇനി എനക്കിനി ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്ന്' 2016ല്‍ എന്‍ഡിടിവിക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. അത്രമേല്‍ ക്രൂരമായിരുന്നു അന്ന് പാകിസ്ഥാന്‍റെ പെരുമാറ്റം.

ഒടുവില്‍ നചികേത പിടിയിലായി എട്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ റെഡ്ക്രോസിന്‍റെ പാക് ഇന്‍റര്‍നാഷണല്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് ഇന്ത്യയിലേക്കും. അന്നത്തെ പാക് വ്യോമസേനാ ചീഫ് പര്‍വേസ് മെഹ്ദി ഖുറേഷിയുടെ ഇടപെടലും നചികേതയുടെ മോചനം ഉറപ്പുവരുത്തി. 1971ലെ യുദ്ധത്തില്‍ ആദ്യത്തെ തടവുപുള്ളിയായിരുന്നു ഖുറേഷി. അന്ന് ലെഫ്. ജനറല്‍ എച്ചഎസ് പനഗിന്‍റെ ഇടപെടലിലൂടെയാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. 2000ല്‍ അദ്ദേഹത്തെ വായുസേന മെഡല്‍ നല്‍കി വ്യോമസേന നചികേതയെ ആദരിച്ചു. 
 

click me!