റീലെടുക്കാൻ കയറിയത് ദുരന്തമായി, കൂറ്റൻ വാട്ടർടാങ്കിൽനിന്ന് വീണ ഒരു കുട്ടിക്ക് ദാരുണാന്ത്യം; 2 പേരെ രക്ഷപ്പെടുത്തിയത് വ്യോമസേന

Published : May 03, 2026, 03:52 PM IST
UP Children Water Tank Accident

Synopsis

ഉത്തർ പ്രദേശിൽ റീലെടുക്കാൻ കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കയറിയത് ദുരന്തമായി. 60 അടി ഉയരമുള്ള വാട്ടർടാങ്കിന് മുകളിൽ കയറിയ അഞ്ച് കുട്ടികളിൽ ഒരാൾ താഴെ വീണ് മരിച്ചു. ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ടുപേരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. 

ലഖ്നൗ: റീൽ ചിത്രീകരിക്കാൻ കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കയറി അഞ്ച് കുട്ടികൾ, ഗോവണി തകർന്ന് താഴേക്ക് വീണ മൂന്നുപേരിൽ ഒരാൾക്ക് ദാരുണാന്ത്യം, ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയത് ഇന്ത്യൻ വ്യോമസേന. ഉത്ത‍ർ പ്ര​ദേശിലെ സിദ്ധാർഥ് ന​ഗ‍ർ ആണ് 16 മണിക്കൂറോളം മുൾമുനയിൽ നിന്നത്. കാശിറാം ആവാസ് കോളനിയിൽ സ്ഥിതിചെയ്യുന്ന 60 അടി ഉയരമുള്ള വാട്ട‍ർടാങ്കിന് മുകളിലാണ് കുട്ടികൾ കയറിയത്.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ആണ് അ‍ഞ്ച് കുട്ടികൾ ചേ‍ർന്ന് റീൽ ചിത്രീകരിക്കാനായി വർഷങ്ങൾ പഴക്കമുള്ള വാട്ടർടാങ്കിന് മുകളിൽ കയറിയത്. ഓരോരുത്തരായി തിരിച്ചിറങ്ങുന്നതിനിടെ ​ടാങ്കിൻ്റെ ​ഗോവണി തകർന്ന് മൂന്നുപേർ താഴേക്ക് പതിക്കുകയായിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും രണ്ടുപേ‍ർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ​ഗോവണിയുടെ കമ്പിയിൽ തൂങ്ങിക്കിടന്ന രണ്ട് കുട്ടികൾ തിരിച്ചു മുകളിലേക്ക് കയറുകയും കുടുങ്ങുകയായിരുന്നു.

ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താനായി ഹൈഡ്രോളിക് ക്രെയിൻ വിളിച്ചെങ്കിലും ചതുപ്പ് നിറഞ്ഞ സ്ഥലത്തേക്ക് എത്തുക ദുഷ്കരമായി. പിന്നീട്, ക്രെയിന് എത്താനായി 150 മീറ്റ‍ർ റോ‍ഡ് നിർമിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. അർധരാത്രിയോടെ 120 മീറ്റർ നീളത്തിൽ റോഡ് പണിതെങ്കിലും പുലർച്ചെ മൂന്നുമണിയോടെ ശക്തമായ മഴ പെയ്തത് നിർമാണപ്രവൃത്തിയെ ബാധിച്ചു. സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.

 

 

ഞായറാഴ്ച പുല‍ർച്ചെ 5:20 ഓടെ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്ടർ ഉപയോഗിച്ച് രണ്ടു കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഫയർ ഡിപ്പാർട്ട്മെൻ്റും ഇന്ത്യൻ എയർ ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് സിദ്ധാർഥ് നഗർ ജില്ലാ മജിസ്ട്രേറ്റ് ശിവശരണപ്പ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. രണ്ട് കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി കുടുംബത്തിന് കൈമാറി. ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ഓഫീസിന് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജബൽപുർ ക്രൂയിസ് ബോട്ട് അപകടം: കാണാതായവരുടെ മൃതദേഹവും ലഭിച്ചു; മരണസംഖ്യ 13 ആയി
ബാൽക്കണി ഗ്രില്ല് വെച്ച് അടച്ചു, പുക നിറഞ്ഞ് സ്റ്റെയർകേസ്; രക്ഷപ്പെടാനാവാതെ താമസക്കാർ; ദില്ലി നടുങ്ങിയ തീപിടിത്തത്തിൽ മരണം 9