
ദില്ലി: റെസിഡൻഷ്യൻ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൻ്റെ നടുക്കത്തിൽ രാജ്യതലസ്ഥാനം. കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിൽ സ്ഥിതിചെയ്യുന്ന നാല് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. കെട്ടിടത്തിൻ്റെ ബാൽക്കണി ഗ്രില്ല് വെച്ച് അടച്ചിരുന്നതും സ്റ്റെയർകേസിൽ പുക നിറഞ്ഞതും താമസക്കാർക്ക് രക്ഷപ്പെടാൻ തടസ്സമായി. ഒന്നര മണിക്കൂറോളം കെട്ടിടത്തിൽ കുടുങ്ങിയ താമസക്കാരെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.
വിവേക് നഗറിലെ ഫേസ്-1ൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെ 3:13നും 3:47നുമാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിൽനിന്ന് തുടങ്ങിയ തീ, രണ്ട്, മൂന്ന്, നാല് നിലകളിലെ ഫ്ലാറ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. 3:47 ഓടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നാണ് ഡൽഹി പോലീസും ഡൽഹി ഫയർ സർവീസും വിശദീകരിക്കുന്നത്. ഉടൻതന്നെ ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. 15 പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായും ഫയർ ഓഫീസർ മുകേഷ് വർമ അറിയിച്ചു. ഭൂരിഭാഗം മൃതദേഹങ്ങളും കെട്ടിടത്തിൻ്റെ പിൻഭാഗത്തുനിന്നാണ് ലഭിച്ചതെന്നാണ് ഫയർ ഫോഴ്സ് അറിയിക്കുന്നത്.
കെട്ടിടത്തിൻ്റെ ഓരോ നിലയിലും 4ബിഎച്ച്കെ ഫ്ലാറ്റുകളായിരുന്നു. ആറോളം ഫ്ലാറ്റുകളിലെ സാധനസാമഗ്രികൾക്ക് തീപിടിച്ചതും അപകടത്തിൻ്റെ വ്യാപ്തി വർധിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്റ്റെയിർകേസ്, ഫ്ലാറ്റ് അടക്കം കെട്ടിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. രണ്ടാം നിലയിലെ താമസക്കാരും കുടുംബാംഗങ്ങളുമായ അരവിന്ദ് (60), ഭാര്യ അനിത (58), മകൻ നിശാന്ത് (35), മരുമകൾ അഞ്ചൽ (33), ആകാശ് (ഒന്നര വയസ്സുകാരൻ) എന്നിവർ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒന്നാംനിലയിലെ താമസക്കാരിയായിരുന്ന ശിഖ ജയിൻ (45), മൂന്നാംനിലയിലെ താമസക്കാരും കുടുംബാംഗങ്ങളുമായ നിതിൻ ജയിൻ (50), ഭാര്യ ഷെയ്ലി (48), മകൻ സംയക് (25) എന്നിവർക്കും ദാരുണാന്ത്യം സംഭവിച്ചു. 30 ശതമാനത്തോളം പൊള്ളലേറ്റ നവീൻ ജയിനെ (48) ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത ഫ്ലാറ്റിലെ താമസക്കാർ ബെല്ലടിച്ചപ്പോഴാണ് എഴുന്നേൽക്കുന്നതെന്നും നോക്കിയപ്പോൾ കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീപിടിച്ചിരുന്നതായും ഒന്നാംനിലയിലെ താമസക്കാരി പറഞ്ഞു. താൻ എങ്ങനെയോ വീട്ടിൽനിന്ന് രക്ഷപ്പെട്ടു. സ്റ്റെയർകേസ് മുഴുവൻ തീയായിരുന്നു. കെട്ടിടത്തിൻ്റെ പിൻവശത്തുള്ള ഫ്ലാറ്റുകളിലെ താമസക്കാർ രക്ഷപ്പെടാൻ വഴിയില്ലാതെ കുടുങ്ങിപ്പോയി. ബാൽക്കണി ഗ്രില്ല് വെച്ച് അടച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. കെട്ടിടത്തിൽ ഒന്നര മണിക്കൂറോളം കുടുങ്ങിയ തങ്ങളെ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയതെന്ന് ഒന്നാംനിലയിലെ താമസക്കാരി പറഞ്ഞു. എസി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam