ചീഫ് ജസ്റ്റിസുമായി കലഹിക്കുന്നത് പതിവ്, ഭൂപടം കീറിയെറിഞ്ഞു; അറിയാം അയോധ്യ കേസിലെ താര വക്കീലിനെ

By Web TeamFirst Published Nov 9, 2019, 5:47 PM IST
Highlights

ഇന്ത്യയില്‍ എണ്ണംപറഞ്ഞ അഭിഭാഷകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് രാജീവ് ധവാന്‍. മറ്റ് അഭിഭാഷകര്‍ ബഹുമാനത്തോടെ പറയുന്ന പേര്. അഭിഭാഷകവൃത്തിയോടൊപ്പം മനുഷ്യാവകാശ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നു. 

യോധ്യ കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിനിടെയാണ് ആ സംഭവമുണ്ടായത്. അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന്‍റെ മാപ്പ് എതിര്‍ വക്കീല്‍ സമര്‍പ്പിക്കുന്നു. ചീഫ് ജസ്റ്റിസ് അത് കാണാനായി സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകനായ രാജീവ് ധവാന് നല്‍കുന്നു. ഞാനിത് എന്ത് ചെയ്യണമെന്ന രാജീവ് ധവാന്‍റെ ചോദ്യത്തിന്, നിങ്ങളുടെ ഇഷ്ടമെന്ന് ചീഫ് ജസ്റ്റിസിന്‍റെ മറുപടി. ഉടന്‍ മാപ്പ് കീറിയെറിഞ്ഞ് രാജീവ് ധവാന്‍ കോടതിയെ ഞെട്ടിച്ചു. 

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ശക്തമായ വാദങ്ങള്‍ ഉന്നയിച്ച അഭിഭാഷകനാണ് രാജീവ് ധവാന്‍. അദ്ദേഹത്തിന്‍റെ വാദങ്ങളില്‍ ഭൂരിപക്ഷവും സുപ്രീം കോടതി അംഗീകരിച്ചുവെന്നതും സത്യം. അതുകൊണ്ട് തന്നെ വിധിയില്‍ അദ്ദേഹം തൃപ്തനല്ല. ആലോചിച്ച്, സാധ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് രാജീവ് ധവാന്‍ പ്രതികരിച്ചത്. 

ഇന്ത്യയില്‍ എണ്ണംപറഞ്ഞ അഭിഭാഷകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് രാജീവ് ധവാന്‍. മറ്റ് അഭിഭാഷകര്‍ ബഹുമാനത്തോടെ പറയുന്ന പേര്. അഭിഭാഷകവൃത്തിയോടൊപ്പം മനുഷ്യാവകാശ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നു. ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്സ് സംഘടനയുടെ കമ്മീഷണറാണ്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.  പ്രമാദമായ നിരവധി കേസുകളില്‍ വാദിച്ചിട്ടുണ്ട്. പലപ്പോഴും സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. 

രാജീവ് ധവാന്‍, ജസ്റ്റിസ് ദീപക് മിശ്ര

ചീഫ് ജസ്റ്റിസുമായി കോടതിമുറിയില്‍ ആദ്യമായല്ല രാജീവ് ധവാന്‍ ഏറ്റുമുട്ടുന്നത്. 2013ല്‍ പ്രമാദമായ ടുജി സ്പെക്ട്രം കേസ് വാദത്തിനിടെ ജസ്റ്റിസ് ജിഎസ് സിംഗ്‍വിയോട് ധവാന്‍ കയര്‍ത്തു. ധവാന്‍റെ വാദം ചീഫ് ജസ്റ്റിസ് നിരസിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കേസില്‍ സുപ്രീം കോടതി ബെഞ്ച് കേസ് നീട്ടിവെച്ചത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. അത് തുറന്നുപറയാനും ധവാന്‍ മടിച്ചില്ല. 2014ല്‍ മറ്റൊരു കേസില്‍ ജഡ്ജിമാരായ കെ എസ് രാധാകൃഷ്ണര്‍, ജെ എസ് ഖഹാര്‍ എന്നിവരുമായി കലഹിച്ചു. ധവാന്‍റെ പെരുമാറ്റത്തെ ശക്തമായ ഭാഷയിലാണ് ജഡ്ജിമാര്‍ വിമര്‍ശിച്ചത്. 2014ല്‍ തന്നെ 2ജി സ്പെക്ട്രം കേസില്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറുമായും ധവാന്‍ കൊമ്പുകോര്‍ത്തു. ചില അഭിഭാഷകര്‍ കോടതിയോട് അപമര്യാദയായി പെരുമാറുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. 

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയും രാജീവ് ധവാനും തമ്മിലുള്ള തര്‍ക്കം പ്രസിദ്ധമാണ്. അയോധ്യ കേസിലും ദില്ലി സര്‍ക്കാറിന്‍റെ അധികാരം പങ്കിടല്‍ കേസിലുമാണ് ദീപക് മിശ്രയുമായി ധവാന്‍ ഇടഞ്ഞത്. തന്‍റെ വാദം അവതരിപ്പിക്കാന്‍ മതിയായ സമയം നല്‍കുന്നില്ലെന്നായിരുന്നു ധവാന്‍റെ പരാതി. കോടതിയില്‍നിന്ന് ഇറങ്ങിപ്പൊകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. കോടതിയില്‍ ഒച്ചയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു ദീപക് മിശ്രയുടെ മറുപടി. മുതിര്‍ന്ന അഭിഭാഷകന് യോജിച്ചതല്ല ധവാന്‍റെ പെരുമാറ്റമെന്നും മിശ്ര പറഞ്ഞു. ബാര്‍ അസോസിയേഷന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതിക്ക് നടപടിയെടുക്കേണ്ടി വരുമെന്നും ദീപക് മിശ്ര മുന്നറിയിപ്പ് നല്‍കി. 

1946ലാണ് രാജീവ് ധവാന്‍ ജനിച്ചത്. അലഹബാദ് യൂണിവേഴ്സിറ്റി, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ലണ്ടന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ക്യൂന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് വിസ്കോന്‍സിന്‍-മാഡിസന്‍, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് എന്നിവിടങ്ങളില്‍ പഠിപ്പിച്ചു. ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോണററി പ്രൊഫസര്‍. 1994ലാണ് സുപ്രീം കോടതി അഭിഭാഷകനാകുന്നത്. നിയമകാര്യങ്ങളിലും ഭരണഘടനയിലും അവബോധം നല്‍കുന്നതിനായി പബ്ലിക് ഇന്‍ററസ്റ്റ് ലീഗല്‍ സപ്പോര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ആരംഭിച്ചു. 1998ല്‍ ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

ബാബ്‍രി കേസില്‍ ബാബ്‍രി മസ്ജിജ് ആക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി അലഹബാദ് ഹൈക്കോടതിയിലും രാജീവ് ധവാനാണ് ഹാജരായത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രാജീവ് ധവാന്‍ പ്രതികരിച്ചത്. മുസ്ലീങ്ങളുടെ നിയമ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഹിന്ദുക്കളുടെ വിശ്വാസത്തിന് നിയമ സാധുത നല്‍കുന്ന വിധിയെന്നാണ് അന്ന് ധവാന്‍ പ്രതികരിച്ചത്. 

click me!