
ദില്ലി: സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമുണ്ടാകില്ല. വിശേഷണങ്ങൾ ഏറെയാണ് അവർക്ക്. നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി, രണ്ട് വട്ടം അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച വനിത, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു മാരത്തണിൽ പങ്കെടുത്ത ആദ്യ വ്യക്തി, 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വ്യക്തി, ഏഴ് വട്ടം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വ്യക്തി, അങ്ങനെ വിശേഷണങ്ങൾ ഒരുപാട് നീളും. ആ സുനിത വില്യംസ് വീണ്ടും ചരിത്രമെഴുതുകയാണ്. തന്‍റെ അമ്പത്തിയെട്ടാം വയസിൽ വീണ്ടുമൊരു ബഹിരാകാശയാത്രക്ക് ഒരുങ്ങി നിൽക്കുകയാണ് അവർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുനിത വീണ്ടും ബഹിരാകാശത്തേക്ക് യാത്രപോകുന്നത്.
കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു, നാളെയും കടലാക്രമണ സാധ്യത; കള്ളക്കടൽ ഭീഷണി ഒഴിയുന്നില്ല
ഇക്കുറി യാത്രാ വാഹനം സ്പേസ് ഷട്ടിലുമല്ല, റഷ്യയുടെ സോയൂസുമല്ല, ബോയിംഗിന്‍റെ സ്റ്റാർലൈനറിലാണ് സുനിതയുടെ സഞ്ചാരം. എയറോസ്പേസ് രംഗത്തെ അമേരിക്കൻ അതികായന്‍റെ പുത്തൻ ബഹിരാകാശ സഞ്ചാര പേടകത്തിന്‍റെ ആദ്യ മനുഷ്യ ദൗത്യമാണ് സുനിത യാഥാർഥ്യമാക്കുന്നത്. 2017 ൽ നടത്താൻ ലക്ഷ്യമിട്ട ദൗത്യമാണ് അനേകം പ്രതിസന്ധികളെയും സാങ്കേതിക പ്രശ്നങ്ങളെയും അതിജീവിച്ച് ഇപ്പോൾ ലോഞ്ച് പാഡിൽ കുതിക്കാൻ കാത്തുനിൽക്കുന്നത്. ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിന്‍റെ ആദ്യ മനുഷ്യ യാത്രാ ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് രാവിലെ എട്ട് നാലിനാണ് തീരുമാച്ചിട്ടുള്ളത്.
സുനിതയ്ക്കൊപ്പം സഞ്ചരിക്കുന്നത് 61 കാരനായ ബുച്ച് വിൽമോറാണ്. യുണൈറ്റഡ് ലോഞ്ച് അലയൻസിന്‍റെ അറ്റ്‍ലസ് ഫൈവ് റോക്കറ്റാണ് സ്റ്റാർലൈനറിനെ ബഹിരാകാശത്ത് എത്തിക്കുക. എട്ട് ദിവസം നീളുന്നതാണ് ദൗത്യം. ആദ്യം വിക്ഷേപണം. ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള ഡോക്കിംഗ്. ഏഴ് നാൾ അവിടെ ചിലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിരന്തര ദൗത്യങ്ങൾ നടത്താനായി യാത്രാ പേടകം നിർമ്മിക്കാൻ നാസ കരാർ നൽകിയ രണ്ട് കമ്പനികളിൽ ഒന്നാണ് ബോയിംഗ്. കൂടെ കരാർ നേടിയ സ്പേസ് എക്സ് പണ്ടേക്ക് പണ്ടേ കഴിവ് തെളിയിച്ച് കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്ഥിരം ദൗത്യങ്ങൾ നടത്താവുന്ന അവസ്ഥയിലേക്ക് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വളർന്നു.
രണ്ട് വട്ടം ആളില്ലാ ദൗത്യങ്ങൾ നടത്തി വിശ്വാസ്യത ഉറപ്പിച്ച ശേഷമാണ് സ്റ്റാർലൈനർ സഞ്ചാരികളുമായുള്ള ആദ്യ ദൗത്യത്തിന് ഒരുങ്ങി നിൽക്കുന്നത്. ത്രസ്റ്ററുകളുടെ പ്രവർത്തനക്ഷമത മുതൽ കൂളിംഗ് സംവിധാനത്തിലെ പോരായ്മകൾ വരെ ഇതിനിടയിൽ മറ നീക്കി പുറത്തുവന്നു. എല്ലാ പരിഹരിച്ച ശേഷമാണ് മനുഷ്യ ദൗത്യമെന്നാണ് കമ്പനി അവകാശവാദം. വിമാനങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളുടെയും തുടർ വിവാദങ്ങളുടെയും ഇടയിൽ വിയർക്കുന്ന ബോയിംഗിന് സ്റ്റാർലൈനർ വിജയം വലിയ ആശ്വാസമാകും. സ്പേസ് എക്സിന് പുറമേ ഒരു ഓപ്ഷൻ കൂടി ബഹിരാകാശ യാത്രയ്ക്ക് വേണമെന്നതിനാൽ നാസയ്ക്കും സ്റ്റാർലൈനർ വിജയിക്കണം. സ്റ്റാർലൈനറിനും സുനിത വില്യംസിനും ബുച്ച് വിൽമോറിനും സുരക്ഷിത യാത്ര ആശംസിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam