കൊവിഡ് പ്രതിസന്ധി മുതലാക്കി ചൈനീസ് കമ്പനികൾ, വിദേശനിക്ഷേപ നയം മാറ്റി ഇന്ത്യ, പ്രതിഷേധവുമായി ചൈന

By Web TeamFirst Published Apr 20, 2020, 5:56 PM IST
Highlights

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് കമ്പനികളിൽ ചൈനീസ കമ്പനികൾ നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ വിദേശനിക്ഷേപത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. 

ബെയ്ജിംഗ്: വിദേശനിക്ഷേപം സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചൈന. ഇന്ത്യയുടെ നടപടി ലോകവ്യാപാരകരാറിലെ സ്വതന്ത്രവ്യാപാരം എന്ന അടിസ്ഥാന ആശയത്തിന് എതിരാണെന്ന് ചൈനീസ് എംബസി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ചില പ്രത്യേക രാജ്യങ്ങൾക്ക് മാത്രം വ്യാപാരത്തിനും നിക്ഷേപത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി. 

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് കമ്പനികളിൽ ചൈനീസ കമ്പനികൾ നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ വിദേശനിക്ഷേപത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ സർക്കാർ അനുമതി വേണമെന്ന ഭേദഗതിയാണ് ഇന്ത്യ കൊണ്ടു വന്നത്. 

ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ ഉപാധിയാണ് ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം പല ഇന്ത്യൻ കമ്പനികളുടേയും ഓഹരിവില ഇടിഞ്ഞതോടെയാണ് ചൈനീസ് കമ്പനികൾ നിക്ഷേപവുമായി രംഗത്ത് വന്നിരിക്കുന്നത്. 

രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് പൊതുവേയുള്ളത്. ഒന്ന് - സർക്കാർ അനുവാദം ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് റൂട്ട്. രണ്ട് - സർക്കാർ അനുമതി ആവശ്യമുള്ള തരം നിക്ഷേപം. വിദേശനിക്ഷേപനയം കൊവിഡ് പ്രതിസന്ധികാലത്ത് പുതുക്കുന്നത്, രാജ്യത്തെ കമ്പനികൾക്ക് മേൽ, അവസരം മുതലെടുത്ത് കൊണ്ട് ഓഹരിവാങ്ങിക്കൂട്ടലുകളും ടേക്കോവറുകളും നടക്കാതിരിക്കാൻ വേണ്ടിയാണെന്ന്, കേന്ദ്ര വാണിജ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. ചൈനയെത്തന്നെയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

''ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏത് രാജ്യത്തിലെയും ഒരു വാണിജ്യസ്ഥാപനമോ, അതിന്‍റെ ഉടമയോ, സർക്കാർ അനുമതി വാങ്ങി മാത്രമേ ഇന്ത്യയിലെ ഏത് കമ്പനിയിലും നിക്ഷേപം നടത്താൻ പാടുള്ളൂ'', എന്നാണ് ഉത്തരവ്. നിലവിൽ വാങ്ങിയ ഓഹരികളെല്ലാം, ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിയ്ക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിനും സർക്കാർ അനുമതി വേണം.

നിലവിൽ, എച്ച്ഡിഎഫ്സിയുടെ ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയത് വിപണിയിൽത്തന്നെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്കോവറിന് മുമ്പുള്ള വാങ്ങിക്കൂട്ടലാണ് ഇതെന്നായിരുന്നു ആരോപണങ്ങൾ. എച്ച്ഡിഎഫ്സിയുടെ 1.01 % ഓഹരികളാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയത്. അവസരം മുതലെടുത്ത് ചൈന സാഹചര്യം ചൂഷണം ചെയ്യുകയാണെന്ന് ആരോപണമുയർന്നു. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമങ്ങളുടെ പരിധിയിൽ, എച്ച്ഡിഎഫ്സി - പീപ്പിൾസ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാട് വരില്ല. 10 ശതമാനമോ, അതിന് മുകളിലോ മാത്രമുള്ള ഓഹരി വാങ്ങിക്കൂട്ടലുകൾക്കാണ് കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതി വേണ്ടത്.

ഇതിന് പുറമേ, പ്രതിരോധം, ടെലികോം, മരുന്നുൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളിൽ അമ്പതും അതിന് മുകളിലും വിദേശത്ത് നിന്ന് നടത്തുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന് നിർബന്ധമാണ്. അത് മാത്രമല്ല, 50 ബില്യണിന് മുകളിലുള്ള ഏത് നേരിട്ടുള്ള വിദേശനിക്ഷേപവും സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതിക്ക് മുന്നിൽ വച്ച് പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകൂ. ലോകത്തെ പല മുൻനിര രാജ്യങ്ങളിലും സമാനമായ രീതിയിൽ ചൈന കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഇതേ തുടർന്ന് വിദേശനിക്ഷേപത്തിന് നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്.

click me!