താലിബാനുമായി സൗഹൃദമാവാമെന്ന് ചൈന; തീരുമാനം ഉടനെന്ന് റഷ്യ

By Web TeamFirst Published Aug 16, 2021, 3:56 PM IST
Highlights

സ്വന്തം വിധി നിശ്ചയിക്കാനുള്ള അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശത്തെ തങ്ങൾ മാനിക്കുന്നു എന്നാണ് ചൈനീസ് വക്താവ് പറഞ്ഞു. 

ബെയ്ജിങ് : താലിബാൻ സേന കാബൂളിൽ പിടി മുറുക്കി എന്ന തരത്തിലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കെ, തങ്ങൾ താലിബാനുമായി സൗഹൃദപരവും സഹകരണത്തിൽ ഊന്നിയതുമായ ബന്ധത്തിന് തയ്യാറാണ് എന്ന മട്ടിലുള്ള ഒരു പ്രസ്താവന ചൈനീസ് ഗവണ്മെന്റിന്റെ വിദേശവക്താക്കളിൽ ഒരാളിൽ നിന്ന് വന്നിരിക്കുകയാണ്. താലിബാനുമായുള്ള തങ്ങളുടെ ഭാവി നയതന്ത്ര ബന്ധം അവരുടെ നിലപാടുകൾക്ക് അനുസരിച്ചിരിക്കും എന്നാണ് റഷ്യൻ ഗവണ്മെന്റ് അറിയിച്ചിട്ടുള്ളത്. 
 
അഫ്ഗാനിസ്ഥാനുമായി 76 കിലോമീറ്റർ നീളത്തിലുള്ള ഒരു അതിർത്തി പങ്കിടുന്നുണ്ട് ചൈന. അമേരിക്കൻ സൈന്യം പിന്മാറ്റം അറിയിച്ച നിമിഷം തൊട്ടു തന്നെ താലിബാന് ഒളിഞ്ഞും മറഞ്ഞും പിന്തുണ നൽകുന്ന രീതിയിൽ തന്നെയാണ് ചൈന പ്രവർത്തിച്ചു പോന്നിട്ടുള്ളത്. അതിനുള്ള പ്രധാന കാരണം അഫ്ഗാനിസ്ഥാനിൽ നിലവിൽ ചൈനയ്ക്കുള്ള കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപങ്ങൾ തന്നെയാണ്.അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ എന്നും ഇന്ത്യയുമായി ഒരു മത്സര ബുദ്ധിയോടെയാണ് ചൈന നിന്നിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാനിൽ നിക്ഷേപങ്ങൾ ഉണ്ടെന്നതുകൊണ്ട് അവിടെ അധികാരം ഏറ്റെടുക്കുന്നവരെ മുഷിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യ ഇക്കാര്യത്തിൽ ഒരു തീരുമാനം അറിയിക്കും മുമ്പ് ചൈനയുടെ ഭാഗത്തുനിന്ന് തിരക്കിട്ട് ഇങ്ങനെയൊരു അംഗീകാരം താലിബാനെ തേടി എത്തിയതും ഈ നിക്ഷേപങ്ങളുടെ ബലത്തിൽ തന്നെയാവണം. 

ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയെറ്റിവ്(BRI) എന്ന വ്യാപാരഇടനാഴി പദ്ധതിയിലൂടെ പ്രവിശ്യയിൽ സ്വാധീനം  ഉറപ്പിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾക്ക് താലിബാൻ തടസ്സം നിന്നേക്കുമോ എന്ന ഭയവും ചൈനക്കുണ്ട്. അഫ്‌ഗാനിസ്ഥാനിൽ, താലിബാൻ കാരണം പ്രശ്നങ്ങളുണ്ടായാൽ അതുവഴിയുള്ള ചരക്കു ഗതാഗതം തടസ്സപ്പെടും. 

ചൈനയ്ക്കുള്ള മറ്റൊരു ഭീതി, ഷിങ് ഷാങ് പ്രവിശ്യയിലെ ഉയ്ഗുർ തീവ്രവാദികളുമായി താലിബാൻ വെച്ചുപുലർത്താൻ സാധ്യതയുള്ള സഖ്യമാണ്. എന്നാൽ, അടുത്തിടെ താലിബാന്റെ ഒരു ഉന്നതതലസംഘം, ടിയാൻജിന്നിൽ വെച്ച് ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി അത്തരത്തിലുള്ള ഒരു പ്രവൃത്തിയും പ്രോത്സാഹിപ്പിക്കില്ല എന്ന് ചൈനയ്ക്ക് വാക്കുകൊടുത്തുകഴിഞ്ഞു. അതിനു പകരമെന്നോണം, അഫ്ഗാനിസ്ഥാനിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വേണ്ട സഹായങ്ങൾ നൽകാം എന്ന് ചൈനയും വാക്കുനല്കിയിട്ടുണ്ട്. നാട്ടിലെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുനൽകുന്ന നീതിയുക്തമായ പ്രവർത്തിക്കുന്ന ഒരു ഇസ്ലാമിക ഗവണ്മെന്റിനു രൂപം നൽകാൻ ശ്രദ്ധിക്കണം എന്നും ചൈന താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യക്ക് അഫ്‌ഗാനിസ്ഥാനുമായി അതിർത്തിയൊന്നും  ഇല്ലെങ്കിലും അഫ്‌ഗാനിസ്ഥാൻ ഇന്ത്യയെ വളരെയധികം താത്പര്യത്തോടെ പരിഗണിക്കുന്ന ഒരു രാജ്യമാണ്. അവിടെ ഇന്ത്യക്ക് കാര്യമായ വ്യാപാര താത്പര്യങ്ങളുമുണ്ട്. അഫ്‌ഗാനിസ്ഥാനിലെ സോഫ്റ്റ് പവർ മേഖലയിൽ ഇന്ത്യ നടത്തിയിട്ടുള്ള  3 ബില്യൺ ഡോളറിന്റെ നിക്ഷേപം അത്ര എളുപ്പത്തിൽ വേണ്ടെന്നു വെക്കാൻ  സാധിച്ചെന്നു വരില്ല.  അതുകൊണ്ടുതന്നെ  ഇന്ത്യ ഇന്നുവരെ ഒരേസമയം താലിബാനോട്  ചർച്ചകൾക്ക് ചെയ്യുകയും, നാഷണൽ യൂണിറ്റി ഗവണ്മെന്റിനെ പിന്തുണയ്ക്കുകയും ചെയ്തു പോന്നിട്ടുണ്ട്.  

അതേസമയം താലിബാന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് അടുത്തുതന്നെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് കാബൂളിലെ പ്രസിഡന്റ് പുടിന്റെ പ്രതിനിധിയായ സമീർ കാബുലോവ് പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി അടിയന്തര യോഗം കൂടിയ സാഹചര്യത്തിൽ താലിബാനോടുള്ള റഷ്യയുടെയും, ചൈനയുടെയുമെല്ലാം നിലപാടുകൾ ഏറെ നിർണായകമാണ്. 

click me!