ഡാനിഷ് സിദ്ദിഖി, അതിരുകളില്ലാത്ത മനുഷ്യനും ക്യാമറയും

By Web TeamFirst Published Jul 16, 2021, 3:04 PM IST
Highlights

ദില്ലി കലാപത്തിനിടെ ജാമിയ മിലിയ സർവകലാശാലയിലെ പൗരത്വ പ്രതിഷേധക്കാർക്കു നേരെ തോക്കും ചൂണ്ടി നിൽക്കുന്ന യുവാവിന്റെ ചിത്രം പകർത്തിയത് ഡാനിഷ് സിദ്ദിഖിയായിരുന്നു.

"ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയ്ക്ക് മനുഷ്യരെ ഞാൻ ഏറ്റവും അടുത്തറിഞ്ഞിട്ടുണ്ട്. മനുഷ്യപ്പറ്റിന്റെ മികച്ച മാതൃകകൾ കണ്ടിട്ടുണ്ട്, ഒപ്പം അത് തെല്ലും തൊട്ടുതെറിച്ചില്ലാത്ത ഇടങ്ങളും. പിന്നെ, ഈ രണ്ട് ധ്രുവങ്ങൾക്കിടയിലെ അതിന്റെ വിന്യാസങ്ങളും. "

ഡാനിഷ് സിദ്ദിഖി എന്ന റോയിട്ടേഴ്സിന്റെ ഇന്ത്യാ ചീഫ് ഫോട്ടോഗ്രാഫർ 2020 ജൂണിൽ തന്റെ TEDx  പ്രഭാഷണത്തിന് ആമുഖമായി പറഞ്ഞ വാക്കുകളാണിത്. അന്ന് അദ്ദേഹം തന്റെ സെഷന് കൊടുത്ത തലക്കെട്ട്, 'Documenting Conflict Beyond Borders' എന്നായിരുന്നു. അതിരുകൾക്ക് അതീതമായി സംഘർഷഭൂമികളിൽ അലഞ്ഞുതിരിഞ്ഞു നടന്നു ചിത്രങ്ങൾ കാമറക്കണ്ണിലൂടെ പകർത്തിയ ആ താടിക്കാരൻ ഇനിയില്ല. അഫ്‌ഗാനിസ്ഥാനിലെ കന്ദഹാറിനടുത്തുള്ള സ്പിൻ ബോൾഡാക്ക് ജില്ലയിൽ അഫ്ഗാൻ സൈന്യത്തിന്റെ ഒരു കോൺവോയ്ക്കൊപ്പം സഞ്ചരിച്ച് ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച സിദ്ദിഖി, അവിചാരിതമായുണ്ടായ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വിവരം ടോളോ ന്യൂസ് ആണ് പുറത്തുവിട്ടത്. 

കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് ജൂലൈ 13 -ന് ചെയ്ത ഒരു ട്വീറ്റിൽ സിദ്ദിഖി ഇങ്ങനെ കുറിച്ചു, "ഞങ്ങൾ സഞ്ചരിച്ച ഹമ്മറിന്റെ കവചിതമായ മേൽക്കൂരയിൽ ഒരു ഗ്രനേഡ് വന്നു പതിച്ചു. അപകടം ഒന്നും കൂടാതെ രക്ഷപ്പെടാനും, ആക്രമണത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്താനുമുള്ള ഭാഗ്യം എനിക്കുണ്ടായി."

 

Rocket propelled grenades (RPG) and other heavy weapon were used by the Taliban against the convoy resulting in the destruction of 3 Humvees. Gunners atop the Humvees swivelled wildly, aiming fire at suspected Taliban fighters who were hard to see. pic.twitter.com/tLppGPrcfL

— Danish Siddiqui (@dansiddiqui)

 

തങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ മൂന്നു റൗണ്ടെങ്കിലും റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ ഗർജ്ജിച്ചതായും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. ഒപ്പം യാത്രയ്ക്കിടെ കിട്ടിയ പതിനഞ്ചു മിനിട്ടു വിശ്രമത്തിനിടെ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചു പുല്ലിൽ കിടന്നു മയങ്ങുന്ന അവനവന്റെ ചിത്രവും സിദ്ദിഖി പങ്കുവെക്കുകയുണ്ടായി. 

Photo Courtesy: Danish Siddiqui, Reuters

കടംവാങ്ങിയ ക്യാമറയിൽ തുടങ്ങി റോയിട്ടേഴ്‌സ് വരെ

സ്വന്തം അയൽക്കാരന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ ക്യാമറയിലാണ് താൻ തന്റെ ജീവിതത്തിലെ ആദ്യചിത്രം പകർത്തുന്നത് എന്നാണ് സിദ്ദിഖി പറഞ്ഞിട്ടുള്ളത്. ജാമിയ മിലിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിദ്ദിഖി,2 2007 -ൽ അവിടെ തന്നെയുള്ള എജെകെ മാസ്സ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ നിന്ന് മാസ്സ് കമ്യൂണിക്കേഷനിലും ബിരുദം നേടുന്നുണ്ട്. ഇവിടെ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന് ഔപചാരികമായ സ്റ്റിൽ ഫോട്ടോഗ്രാഫി പരിശീലനം സിദ്ധിക്കുന്നത്. ബിരുദ പഠനത്തിന് ശേഷം ഇന്ത്യ ടുഡേ ചാനലിന്റെ ലേഖകനായി കുറച്ചു കാലം പ്രവർത്തിച്ച ശേഷമാണ് ഫോട്ടോ ജേർണലിസ്റ്റ് ഇന്റേൺ ആയി റോയിട്ടേഴ്സിൽ ചേരുന്നത്. അവിടെ ചേർന്ന പാടെ അദ്ദേഹം ആദ്യമായി നിയോഗിക്കപ്പെടുന്നത് അവരുടെ ഇന്ത്യൻ ചീഫ് ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി കുംഭമേളയുടെ ചിത്രങ്ങൾ പകർത്താൻ വേണ്ടിയായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം ഫീൽഡിൽ വെച്ച് ചിത്രങ്ങൾ പകർത്തുന്നതിന്റെ സങ്കേതങ്ങൾ നേരിട്ട് അറിയുന്നതും അഭ്യസിക്കുന്നതും. 

 

Photo Courtesy: Danish Siddiqui, Reuters

അതിരുകൾക്കതീതമായ ക്യാമറ

2018 -ൽ ആയിരങ്ങൾ മരിച്ച റോഹിൻഗ്യൻ അഭയാർഥികളുടെ പലായനത്തിന്റെ ചിത്രങ്ങൾ പകർത്തിയതിന്റെ പേരിൽ, പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹമായ റോയിട്ടേഴ്സിന്റെ ഏഴംഗ സംഘത്തിലെ രണ്ടു ഇന്ത്യക്കാരിൽ ഒരാൾ ഡാനിഷ് സിദ്ദിഖി ആയിരുന്നു. 2016 -17 കാലത്ത് ഇറാഖിൽ നടന്ന മൊസൂൾ യുദ്ധം, 2015 -ലെ നേപ്പാൾ ഭൂകമ്പം, 2019 -20 കാലത്തെ ഹോങ്കോങ് പ്രതിഷേധങ്ങൾ എന്നിവ ഡാനിഷ് സിദ്ദിഖിക്ക് അന്താരാഷ്ട്ര പ്രസിദ്ധി നേടിക്കൊടുത്ത ദൗത്യങ്ങളാണ്. "ശബ്ദഘോഷങ്ങൾ തെല്ലുമില്ലാതെ കാഴ്ചക്കാരെ വലിച്ചടുപ്പിച്ച് അവരോട് കാര്യങ്ങൾ പറയുന്നതാകണം ചിത്രങ്ങൾ" എന്നാണ് 2018 -ൽ സ്ക്രോളിനു അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.  


  Photo Courtesy: Danish Siddiqui, Reuters

2020 -ലെ ദില്ലി കലാപത്തിനിടെ ജാമിയ മിലിയ സർവകലാശാലയിലെ പൗരത്വ പ്രതിഷേധക്കാർക്കു നേരെ തോക്കും ചൂണ്ടി നിൽക്കുന്ന യുവാവിന്റെ ചിത്രം ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ പകർത്തിയത് രാജ്യത്തെ ഒരുവിധം എല്ലാ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ജനങ്ങളിലേക്ക് എത്തിച്ചു. കൊവിഡ് കാലത്ത് രാജ്യത്തെ തൊഴിലാളികൾ നടത്തിയ പലായനങ്ങളും ഡാനിഷ് സിദ്ദിഖിയുടെ കാമറ ഒപ്പിയെടുക്കുകയുണ്ടായി. അതുപോലെ ദില്ലിയിൽ കൊവിഡ് മൂർച്ഛിച്ച കാലത്ത് ശ്‌മശാനത്തിൽ കൂട്ടമായി ചിതകൾ എരിയുന്നതിന്റെ ചിത്രങ്ങൾ ഡാനിഷ് സിദ്ദിഖി പകർത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംഘർഷങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല ഡാനിഷ് സിദ്ദിഖി പകർത്തിയിട്ടുള്ളത്. മുംബൈയിലെ മറാഠ മന്ദിർ തിയറ്ററിൽ 'ദിൽവാലെ ദുൽഹനിയ ലേജായേംഗേ' എന്ന ചിത്രം തുടർച്ചയായ 770 ആഴ്ച പിന്നിട്ട അവസരത്തിൽ അദ്ദേഹം പകർത്തിയ ചിത്രവും ഏറെ പ്രസിദ്ധമായിരുന്നു. 



Photo Courtesy: Danish Siddiqui, Reuters

ക്യാമറക്കണ്ണുകളിലൂടെ പകർത്തിയ പല ദൃശ്യങ്ങളും ജീവിതത്തിൽ 'പിന്നീടൊരിക്കലും കാണേണ്ടി വരരുതേ' എന്നാണ് താൻ എന്നും പ്രാർത്ഥിച്ചു പോന്നിട്ടുള്ളത് എന്നാണ് ഡാനിഷ് സിദ്ദിഖി ഒരിക്കൽ പറഞ്ഞത്. അതിർത്തികൾ കണക്കാക്കാതെ ഓടി നടന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും, നരഹത്യകളും, യുദ്ധങ്ങളുമെല്ലാം ജീവനോടെ പകർത്തി നമുക്കുമുന്നിലെത്തിച്ചിരുന്ന ഒരു ക്യാമറയുടെ ഷട്ടറാണ് ഇപ്പോൾ എന്നെന്നേക്കുമായി അടഞ്ഞു പോയിട്ടുള്ളത്. ഡാനിഷ് എന്നും ക്യാമറയുമേന്തി പോർനിലങ്ങളിൽ ഇറങ്ങി നടന്നതും ചിത്രങ്ങൾ പകർത്തിയതും ഒക്കെ മരണം സന്തത സഹചാരിയായി തൊട്ടടുത്തു നിൽക്കുന്നുണ്ട് എന്ന ഉത്തമബോധ്യത്തോടെ തന്നെയാണ്. 

 

Photo Courtesy: Danish Siddiqui, Reuters
 

ഡാനിഷ് സിദ്ദിഖിയുടെ വാക്കുകൾ കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉദാത്തമായ ഫോട്ടോ ജേർണലിസം കരിയറിനെയും നിർവചിക്കാമെന്നു തോന്നുന്നു - "എന്റെ കർത്തവ്യം ഒരു കണ്ണാടിയുടേതാണ്. നഗ്നമായ സത്യത്തിനു നേരെ കണ്ണാടി പിടിച്ച് നിങ്ങളെ അത് കാണിക്കുക. നിങ്ങൾക്ക് അത് കണ്ടിട്ടും വേണമെങ്കിൽ കണ്ടില്ലെന്നു നടിക്കാം, മുഖം തിരിക്കാം. അല്ലെങ്കിൽ ഒരു മാറ്റത്തിനു വേണ്ടി പ്രയത്നിക്കാം."   

 

 

-
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!