അഫ്‌ഗാനിസ്ഥാനിലെ അസ്ഥിരത ലോകത്തെ ബാധിക്കുന്നതെങ്ങനെ?

By Web TeamFirst Published Jul 19, 2021, 7:48 PM IST
Highlights

അഫ്‌ഗാനിസ്ഥാനിലെ സോഫ്റ്റ് പവർ മേഖലയിൽ ഇന്ത്യ നടത്തിയിട്ടുള്ള 3 ബില്യൺ ഡോളറിന്റെ നിക്ഷേപം അത്ര എളുപ്പത്തിൽ വേണ്ടെന്നു വെക്കാൻ സാധിച്ചെന്നു വരില്ല. 

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

ഇന്ന് എല്ലാവരും ചർച്ച ചെയ്യുന്നത് അഫ്‌ഗാനിസ്ഥാനെപ്പറ്റിയാണ്. രണ്ടു പതിറ്റാണ്ടു കാലത്തെ അമേരിക്കൻ-നാറ്റോ സാന്നിധ്യത്തിന് ശേഷം എന്ത് എന്ന ആശങ്ക തന്നെയാണ് കാരണം. 1996 മുതൽ 2001 വരെ അവിടം ഭരിച്ച്, പിന്നീട് അമേരിക്കയുടെ സൈനികശേഷിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അധികാരം നഷ്ടപ്പെട്ട താലിബാൻ ഇപ്പോൾ ഏത് നിമിഷവും കാബൂളിൽ തിരികെ അധികാരത്തിൽ എത്തിയേക്കാം എന്ന അവസ്ഥയാണ്. ഈ ഒരു നിർണായക സന്ധിയിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന സൈനിക പിന്മാറ്റം, താലിബാനെ നിലവിലെ നാഷണൽ യൂണിറ്റി സർക്കാരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുത്താനുള്ള തങ്ങളുടെ സ്വാധീന ശേഷി റദ്ദാക്കുന്ന നടപടിയാണ്. അഫ്‌ഗാനിസ്ഥാനിലെ സമാധാനഭ്രംശം അന്താരാഷ്ട്ര സമൂഹത്തെ, വിശിഷ്യാ ഇന്ത്യയെ, എന്തുകൊണ്ടാണ് അത് അലോസരപ്പെടുത്തുന്നത്?

ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് അതിന് രാഷ്ട്രീയപരമായ ഒരു നിർണായകസ്ഥാനം കല്പിച്ചു നൽകുന്നതും. ഉദാ. ഇന്ത്യയുടെ കാര്യം എടുത്താൽ തന്നെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയുടെ മുകളിലായിട്ടാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് നമ്മൾ കരുതുന്നതിലും എത്രയോ വലുതാണ് ഇന്ത്യയുടെ നാവിക പ്രാധാന്യം. അഫ്‌ഗാനിസ്ഥാന്റെ പ്രാധാന്യം മധ്യേഷ്യ, ഇറാൻ, ചൈന, പാകിസ്ഥാൻ തുടങ്ങിയവയുമായുള്ള അതിന്റെ ബന്ധമാണ്. പരോക്ഷമായി അത് ഇന്ത്യയോട് പോലും ബന്ധപ്പെട്ടു കിടക്കുന്നു. പ്രവിശ്യയിലെ സമ്പർക്ക സാധ്യതകളുടെ കേന്ദ്രത്തിലാണ് അഫ്‌ഗാനിസ്ഥാന്റെ സ്ഥാനം. അവിടത്തെ സംസ്കാരം വൈവിധ്യമാർന്നതാണ്. അതിലൂടെ രാജ്യത്തിന് പല അയൽരാജ്യങ്ങളുമായും സമ്പർക്കം സാധ്യമാണ്. അങ്ങനെ ഒരു രാജ്യം സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നത് എന്തുകൊണ്ടും പ്രവിശ്യയിൽ കടുത്ത ആശങ്കകൾക്ക് ഇടയാക്കും. 

ഇപ്പോൾ നടക്കുന്നത് പുതിയൊരു 'ഗ്രേറ്റ് ഗെയിം' ആണ്. റഷ്യയ്ക്ക് താഴെയാണ് അതിന്റെ സ്വാധീന മണ്ഡലം. അവിടത്തെ ഭാവിയിലെ ഊർജ സ്രോതസ്സുകൾ ആര് നിയന്ത്രിക്കും എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഏഷ്യയിൽ നിന്നും മധ്യപൂർവേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നീളുന്ന അതുവഴിയുള്ള പാതകൾക്കും അവകാശികൾ പലരുണ്ട്. അവിടം ഭീകരവാദ ചിന്തകൾക്കുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കും അത് പ്രിയ വിളയാട്ട കേന്ദ്രമാണ്. അതുകൊണ്ട് ഇവിടം കെട്ടുപോയാൽ, അതിന്റെ ദുർഗന്ധം ലോകം മുഴുവൻ വ്യാപിക്കും. 

 

ഇവിടെ ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും വളരെ എളുപ്പത്തിൽ അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കും.   40% പഷ്തൂനികളും, 33% താജികികളും,  11% ഹസാരകളും  9% ഉസ്ബെകികളും അധിവസിക്കുന്ന ഈ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങൾ പോലും അതിർത്തിക്കപ്പുറത്തേക്ക് അനുരണനങ്ങൾ ഉണ്ടാക്കാൻ പോന്നവയാണ്. താലിബാന്റെ നേതൃത്വം മുഖ്യമായും പഷ്തൂനി ഗോത്രക്കാരാണ്. അതിന്റെ തലപ്പത്ത് ഹസാരാ ഗോത്ര തലവന്മാർ വരെ ഇപ്പോൾ വന്നുതുടങ്ങിയിട്ടുണ്ട് എങ്കിലും, പ്രത്യയശാസ്ത്ര പരമായി, സ്ത്രീകളോടുള്ള സമീപനമാവട്ടെ മതത്തിനു ജീവിതത്തിലുള്ള സ്ഥാനാമാവട്ടെ, ഒന്നിലും 2001 ലെ നിലപാടിൽ നിന്നും താലിബാൻ ഒരിഞ്ചു പിന്നോട്ട് പോയിട്ടില്ല. 

അത്ര എളുപ്പത്തിൽ താലിബാന് കാബൂൾ പിടിച്ചെടുക്കാൻ സാധിച്ചെന്നു വരില്ല. അഫ്ഗാൻ നാഷണൽ ആർമിയും, അതിന്റെ സ്‌പെഷ്യൽ ഫോഴ്സസും ഏറെ ശക്തരാണ് ഇന്ന്. തുടക്കത്തിലെ  ചില യുദ്ധങ്ങളിൽ താലിബാന് പരാജയം പോലും രുചിക്കേണ്ടി വന്നെന്നിരിക്കും. നയതന്ത്ര പരമായ വിജയങ്ങൾക്കും, പരാജയങ്ങൾക്കും ഇടയിൽ പോരാട്ടങ്ങൾ ഊയലാടി എന്ന് വരും. അതിനിടെ പോരാടുന്നവർ അവരുടെ കൂറും പക്ഷവുമെല്ലാം പലകുറി മാറി എന്നും വരാം.

താലിബാനുമായി പാതി ചർച്ചചെയ്തു നിർത്തിയ ഉടമ്പടികൾ വഴിയും, വാക്കാലുള്ള ധാരണകൾ വഴിയും അവർക്ക് ഏറെക്കുറെ സാധുത നൽകുകയാണ് അമേരിക്ക ചെയ്തിരിക്കുന്നത്. അമേരിക്ക ഈ പിന്മാറ്റത്തിലൂടെ തല്ക്കാലം ഉദ്ദേശിക്കുന്നത് അപായം നിറഞ്ഞ പ്രവിശ്യയിൽ നിന്ന് തങ്ങളുടെ സൈനികരെ പിൻവലിക്കുക എന്നതുമാത്രമാണ്. താലിബാൻ അധികാരത്തിനു വേണ്ടി പൊരുതും എങ്കിലും, അഫ്‌ഗാനിസ്ഥാൻ നാഷണൽ ആർമിയുടെ പക്ഷത്തുനിന്ന് ഉണ്ടായേക്കാവുന്ന കടുത്ത ചെറുത് നിൽപ്പ് എന്തെങ്കിലും തരത്തിലുള്ള സമാധാന ഉടമ്പടികൾക്ക് കാരണമായേക്കും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. 

 

താലിബാൻ അധികാരത്തിൽ വന്നാൽ ആ പ്രവിശ്യ അവരുടെ ഭരണത്തിന് കീഴിലാവും. അതിർത്തികൾ അവരുടെ നിയന്ത്രണത്തിലാവും. ക്ഷമയോടെ കാത്തിരുന്നാൽ ഫലമുണ്ടാകും എന്നത് താലിബാന് നന്നായറിയാം. ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഗവണ്മെന്റിനെ ഏറെക്കാലമൊന്നും അന്താരാഷ്ട്ര സമൂഹത്തിനു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ല. 

അധികം വൈകാതെ കാബൂൾ പോരാട്ടത്തിൽ അമരാൻ ഇടയുണ്ട്. അന്താരാഷ്ട്ര പിന്തുണയോടെ അഫ്‌ഗാനിസ്ഥാൻ നാഷണൽ ആർമി ചെറുത്തു നിന്നാൽ രാജ്യത്ത് സിറിയയിലേതിന് സമാനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ  സാഹചര്യമുണ്ടാവാൻ സാധ്യതയുണ്ട്. അത്രതന്നെ വലിയ പലായനങ്ങൾക്കും പ്രദേശം സാക്ഷ്യം വഹിക്കാനിടയുണ്ട്. 

പാകിസ്ഥാൻ എന്നും താലിബാനെ പിന്തുണച്ചിട്ടേയുള്ളൂ. അത് ഇനിയും ആ പിന്തുണ തുടരാനാണ് സാധ്യത. പാക്കിസ്ഥാൻ ചെയ്യുന്ന ആ പണി ചൈനയോ, റഷ്യയോ, ഇറാനോ ഭാവിയിൽ ഏറ്റെടുത്ത് നടത്തുന്നത് കാണാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടാവില്ല. FATF , IMF വായ്പകൾ, ആയുധങ്ങളുടെ വിതരണം തുടങ്ങിയവ വഴി പാകിസ്താന് മേലെ മാത്രമാണ് അമേരിക്കയ്ക്ക് അല്പമെങ്കിലും സ്വാധീനമുള്ളത്. 

ഇറാന്റെ ആകെയുള്ള പ്രശ്നം അഫ്‌ഗാനിസ്ഥാനുമായുള്ള അതിർത്തികളുടെ സുരക്ഷ മാത്രമാണ്. ഒപ്പം ഷിയാ സമുദായത്തിൽ പെട്ട ഹസാരകളുടെ ക്ഷേമത്തിലും ഇറാൻ ശ്രദ്ധാലുവാണ്. പാക്-താലിബാൻ സഖ്യം അധികാരത്തിൽ വന്നാൽ ഹസാരകൾ കഷ്ടതകളനുഭവിക്കാൻ സാധ്യത ഏറെയാണ്. 

ചൈനയ്ക്കാണെങ്കിൽ, ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയെറ്റിവ്(BRI) എന്ന പദ്ധതിയിലൂടെ പ്രവിശ്യയിൽ സ്വാധീനം ഉറപ്പിക്കാൻ അത് നടത്തുന്ന ശ്രമങ്ങൾക്ക് അഫ്‌ഗാനിസ്ഥാനിലെ അധികാരമാറ്റം തടസ്സമാവാതിരിക്കുക എന്ന ഒരുദ്ദേശ്യം മാത്രമാണുള്ളത്. ചൈനയിൽ നിന്നും മധ്യേഷ്യ വരെ നീളുന്ന പാതയുടെ നടുക്ക് വരുന്ന അഫ്‌ഗാനിസ്ഥാനിൽ പ്രശ്നങ്ങളുണ്ടായാൽ അതുവഴിയുള്ള ചരക്കു ഗതാഗതം തടസ്സപ്പെടും. 

പ്രശ്നങ്ങൾ ഏറ്റവും അധികം ഉണ്ടാകാൻ സാധ്യതയുള്ള രണ്ടു രാജ്യങ്ങൾ പാകിസ്ഥാനും ഇന്ത്യയും തന്നെയാണ്. അഫ്‌ഗാനിസ്ഥാനുമായി പങ്കിടുന്ന ദീർഘമായ അതിർത്തി, താലിബാൻ അധികാരത്തിൽ വന്നുകഴിഞ്ഞാൽ പാകിസ്താന് വലിയ ഭീഷണിയാകും. താലിബാൻ പൊതുവെ പാകിസ്താനുമായി അത്ര രസത്തിലല്ല. തെഹ്രീക് എ താലിബാൻ ഇൻ പാകിസ്ഥാൻ ഖൈബർ പഖ്‌തൂൺവാ പ്രവിശ്യയിൽ കടന്നു  കയറി തീവ്രവാദം വീണ്ടും ആരംഭിക്കാനുള്ള സാധ്യതയും ഏറെയാണ്. 

പാക് അധീന കശ്മീർ ഒഴിച്ചാൽ, ഇന്ത്യക്ക് അഫ്‌ഗാനിസ്ഥാനുമായി അതിർത്തിയൊന്നും ഇല്ലെങ്കിലും അഫ്‌ഗാനിസ്ഥാൻ ഇന്ത്യയെ വളരെയധികം താത്പര്യത്തോടെ പരിഗണിക്കുന്ന ഒരു രാജ്യമാണ്. അവിടെ ഇന്ത്യക്ക് കാര്യമായ വ്യാപാര താത്പര്യങ്ങളുമുണ്ട്. അഫ്‌ഗാനിസ്ഥാനിലെ സോഫ്റ്റ് പവർ മേഖലയിൽ ഇന്ത്യ നടത്തിയിട്ടുള്ള 3 ബില്യൺ ഡോളറിന്റെ നിക്ഷേപം അത്ര എളുപ്പത്തിൽ വേണ്ടെന്നു വെക്കാൻ സാധിച്ചെന്നു വരില്ല. അമേരിക്കയുടെ ഈ പിന്മാറ്റം ഇന്ത്യക്ക് അഫ്‌ഗാനിസ്ഥാനിൽ ഉള്ള താത്പര്യങ്ങൾക്ക് വിലങ്ങുതടിയായി എന്നുവരാം. ഇന്ത്യയ്ക്ക് അഫ്‌ഗാനിസ്ഥാനിലുള്ള സ്വാധീനം നിർവീര്യമാക്കാൻ പാകിസ്ഥാൻ രാപകൽ പണിയെടുക്കുന്ന സ്ഥിതിക്ക് വിശേഷിച്ചും. 

ഇന്ത്യ ഇന്ന് ഒരേസമയം താലിബാനോട് ചർച്ചകൾക്ക് തയ്യാറാവുകയും, നാഷണൽ യൂണിറ്റി ഗവണ്മെന്റിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യ ഇപ്പോൾ ശ്രമിക്കേണ്ടത് അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ കൂടുതൽ യുഎൻ ഇടപെടൽ ഉണ്ടാവാൻ വേണ്ടിയാണ്. രാജ്യം അരാജകത്വത്തിലേക്ക് വീണുപോവാതിരിക്കാൻ വേണ്ടി ഒരു യുഎൻ സമാധാനദൗത്യം തന്നെ ചിലപ്പോൾ ഉണ്ടാകേണ്ടി വന്നേക്കാം. താലിബാന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് , അതിന്റെതായ സ്വാധീനങ്ങൾ ജമ്മു കാശ്മീരിലും തീർച്ചയായും ഉണ്ടാക്കും. എന്നാൽ, ഇന്ന് പാക്കിസ്ഥാന്റെയും താലിബാന്റെയും താത്പര്യങ്ങൾ ഒരുപോലെയല്ല എന്നതാണ് ഒരേയൊരു ആശ്വാസം. മാത്രവുമല്ല ഇന്ത്യ, അതിർത്തികളിൽ പഴുതടച്ച പ്രവർത്തനങ്ങൾ നടത്തുന്നതുകൊണ്ട് ഇന്ന് നുഴഞ്ഞുകയറ്റം അത്ര എളുപ്പമുള്ള ഒരു പണിയല്ല. എന്നാലും, പാകിസ്ഥാനും താലിബാനും ഒത്തുചേർന്നു തുനിഞ്ഞിറങ്ങിയാൽ എന്തും സാധ്യമാണ് എന്നതുകൊണ്ട്, ആ സാധ്യതകളെക്കുറിച്ച് ബോധവാന്മാരായി മുൻകൂട്ടി കണ്ടറിഞ്ഞു പ്രവർത്തിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. 

 

* 'Chanakyaforum' വെബ്‌സൈറ്റിൽ ആദ്യം പ്രസിദ്ധീകരിച്ചത്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!