
ടോക്കിയോ: ഇന്ത്യ പാക് അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാകുന്ന സാഹചര്യത്തില്‍ ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തമായ നടപടിയെടുക്കണമെന്ന് ജപ്പാൻ. കശ്മീരിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ അറിയിച്ചു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും ഇരു രാജ്യങ്ങളും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ജപ്പാൻ ആവശ്യപ്പെട്ടു.
ജപ്പാന് പുറമെ മറ്റ് രാഷ്ട്രങ്ങളും ഇന്ത്യ പാക് അതിര്‍ത്തിയിലെ ഭീകര നീക്കത്തെ എതിര്‍ത്തും ഭീകരാക്രമണം ചെറുക്കാന്‍ പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തി. ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടാൻ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.
ഇതിനിടെ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ വാങ് യി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഫോണിൽ വിളിച്ചുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇരു രാജ്യങ്ങളും മിതത്വം പാലിക്കുമെന്ന് വാങ് യി പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും രണ്ട് രാജ്യങ്ങളുടേയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്ഥാനോട് അമേരിക്കൻ ആഭ്യന്തര കാര്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഇന്ത്യയുടെ സിആർപിഎഫ് സൈനികർക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്. പാകിസ്ഥാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവർത്തിച്ചു. ഭീകരർക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശിച്ചു.
അതേസമയം നിലവില്‍ പാകിസ്ഥാനിലുള്ള ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam