യയര്‍ ലപീഡ്, നാഫ്ടാലി ബെന്നറ്റ്; നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച രാഷ്ട്രീയ ചാണക്യന്മാര്‍

By Web TeamFirst Published Jun 3, 2021, 1:29 PM IST
Highlights

ഒരു വ്യാഴവട്ടത്തിലേറെ ഇസ്രായേലിനെ അടക്കിഭരിച്ച ബെഞ്ചമിന്‍ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ പടിയിറക്കത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. അതിന് പിന്നില്‍ ചരടുവലിച്ചതാകട്ടെ യയര്‍ ലപീഡ്, നാഫ്ടലിന്‍ ബെന്നറ്റ് എന്ന രാഷ്ട്രീയ നേതാക്കളും. ആശയപരമായി രണ്ടു വശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ നേതാക്കളുടെ തീരുമാനങ്ങളായിരിക്കും ഇനി ലോകത്തിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്ന്.
 

രാഷ്ട്രീയ അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ ഇസ്രായേലില്‍ ഭരണമാറ്റം പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഒരു വ്യാഴവട്ടത്തിലേറെ ഇസ്രായേലിനെ അടക്കിഭരിച്ച ബെഞ്ചമിന്‍ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ പടിയിറക്കത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇസ്രായേലിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു കഴിഞ്ഞ ഒന്നര ദശാബ്ദം. എന്നാല്‍ അവസാന കാലയളവിലെ അഴിമതി ആരോപണങ്ങള്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.

ബെഞ്ചമിന്‍ നെതന്യാഹു

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നാല് തെരഞ്ഞെടുപ്പാണ് ഇസ്രായേലില്‍ നടന്നത്. അവസാനം നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 52 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലു കേവല ഭൂരിപക്ഷം തൊടാനായില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യം സാധ്യമാക്കി പ്രതിപക്ഷ പാര്‍ട്ടിയായ യെഷ് അതിഡ് നേതാവായ യയര്‍ ലപീഡും തീവ്രവലതുപക്ഷ പാര്‍ട്ടിയായ യമിന പാര്‍ട്ടിയുടെ നേതാവായ നാഫ്ടാലി ബെന്നറ്റും കൈകോര്‍ത്ത് നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്തു ചാടിച്ചത്.  

യയര്‍ ലപീഡ്; ടെലിവിഷന്‍ ആങ്കറില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക്

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിനെ താഴെയിറക്കാന്‍ ചരടുവലിച്ച പ്രതിപക്ഷ നേതാവാണ് 57കാരനായ യയര്‍ ലപീഡ്. ലപീഡിന്റെ പാര്‍ട്ടിയായ യെഷ് അതിഡ് ഇസ്രായേലിലെ സെക്യുലറിസ്റ്റ് പാര്‍ട്ടിയാണ്. ടെലിവിഷനിലൂടെ നേടിയ പ്രശസ്തിയുടെ വെള്ളിവെളിച്ചം രാഷ്ട്രീയത്തിലും പ്രയോഗിക്കാനുള്ള ലപീഡിന്റെ തീരുമാനം പാളിയില്ല. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ലപീഡിന്റെ പാര്‍ട്ടി നിര്‍ണായക ശക്തിയായി.

യയര്‍ ലപീഡ്

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം പ്രസിഡന്റിനെ അറിയിക്കാനുള്ള അവസാന മണിക്കൂറുകളില്‍ ലപീഡ് നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്. ഈ സമയത്തിനുള്ളില്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ അദ്ദേഹത്തിനായി. ലപീഡിന്റെ ഇടപെടല്‍ അറബ് കക്ഷി റാആമിന്റെയും തീവ്ര വലതുകക്ഷിയായ യമിന പാര്‍ട്ടിയുടെയും പിന്തുണ നേടാന്‍ സഹായിച്ചു. യമിന പാര്‍ട്ടിയുമായി വിട്ടുവീഴ്ചക്കും ലപീഡ് സന്നദ്ധനായി. പ്രതിപക്ഷ നിരയില്‍ 17 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായിട്ടും വെറും ഏഴ് സീറ്റ് നേടിയ യമിന പാര്‍ട്ടി നേതാവ് നഫ്ടാലി ബെന്നറ്റിന് പ്രധാനമന്ത്രി പദത്തിലെ ആദ്യത്തെ രണ്ടുവര്‍ഷം അനുവദിക്കാന്‍ സമ്മതം നല്‍കി. ഈ നീക്കത്തിലാണ് യമിന പാര്‍ട്ടിയുടെ പിന്തുണ ഉറപ്പായത്.

ആദ്യത്തെ രണ്ട് വര്‍ഷം ലപീഡ് വിദേശകാര്യ മന്ത്രിയാകും. അതിന് ശേഷം പ്രധാനമന്ത്രി എന്നതാണ് ധാരണ. കടുത്ത വലതുപക്ഷവാദിയായ നാഫ്ടാലി ബെന്നറ്റിനെയും അറബ് കക്ഷികളെയും എങ്ങനെ ലപീഡ് ഒരുമിച്ച് കൊണ്ടുപോകുമെന്നതിലാണ് ഇസ്രായേലിലെ രാഷ്ട്രീയഭാവി. 

ടെലിവിഷന്‍ അവതാരകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ഇസ്രായേലില്‍ പ്രശസ്തനായിരുന്നു ലപീഡ്. മതേതര വാദിയും മുന്‍ മന്ത്രിയുമായ യോസെഫ് ടോമി ലപീഡിന്റെ മകനാണ് യയര്‍ ലപീഡ്. പിതാവും മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്. അമ്മ ഷുലാമിറ്റും എഴുത്തുകാരിയാണ്. ചാനല്‍ 2 ടിവിയുടെ അവതാരകനായതോടെയാണ് ലപീഡിന്റെ താരമൂല്യം ഉയര്‍ന്നത്. അമേച്വര്‍ ബോക്‌സറും ആയോധന കലയിലും പ്രാവീണ്യം തെളിയിച്ച യയര്‍ ഇസ്രായേലില്‍ ഏറ്റവും പ്രശസ്തനായ വ്യക്തിയായിരുന്നു.

2019ല്‍ സെന്‍ട്രിസ്റ്റ് പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു. എന്നാല്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗന്‍ഡ്‌സിന്റെ തീരുമാനം ലപീഡ് അംഗീകരിച്ചില്ല. ഈ സഖ്യത്തെ ലപീഡ് ശക്തമായ ഭാഷയില്‍ എതിര്‍ത്തു. എന്നാല്‍ ഭരണത്തിനായി ലികുഡ് പാര്‍ട്ടിയേക്കാള്‍ വലതുപക്ഷമായ യമിന പാര്‍ട്ടിയോടൊപ്പമാണ് ലപീന്‍ കൂട്ടുകൂടിയതെന്ന് മറ്റൊരുകാര്യം. 

നാഫ്ടാലി ബെന്നറ്റ്, തീവ്രവലതുപക്ഷത്തിന്റെ മുഖം

കൊവിഡ് 19, പലസ്തീനുമായുള്ള സംഘര്‍ഷം തുടങ്ങി കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് നാഫ്ടാലി ബെന്നറ്റ് എന്ന 49കാരനായ തീവ്ര വലതുപക്ഷ നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്ന് അധികാരം ഏറ്റെടുക്കുന്നത്. ഇസ്രായേലിന്റെ ഓരോ രാഷ്ട്രീയ നീക്കവും ലോകം ഉറ്റുനോക്കുന്ന സമയമാണിത്. ഇസ്രായേലിലെ കോടീശ്വരന്മാരില്‍ പ്രധാനിയാണ് ബെന്നറ്റ്. ആശയപരമായി ഒരിക്കലും യോജിക്കാത്ത യെഷ് അതിഡുമായി അവസാന നിമിഷത്തിലുള്ള സഖ്യമാണ് അപ്രതീക്ഷിതമായി ബെന്നറ്റിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നത്. നിര്‍ണായകമായ ഏഴ് സീറ്റ് നേടി കറുത്ത കുതിരയായതോടെയാണ് വിലപേശാന്‍ നാഫ്ടാലി ബെന്നറ്റിനെ സഹായിച്ചത്. ബെന്നറ്റിന്റെ സഹായമില്ലാതെ ഒരു പാര്‍ട്ടിക്കും ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല എന്നതാണ് വസ്തുത. 

നാഫ്ടാലി ബെന്നറ്റ്

ഇസ്രായേലിലെ തീവ്രവലതുപക്ഷമാണ് ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി. പലസ്തീന്റെ രാജ്യപദവിയെ ശക്തമായി എതിര്‍ക്കുന്നതോടൊപ്പം 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിന്റെ മുഴുവന്‍ ഭാഗവും ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് ശക്തമായി വാദിക്കുന്നയാളാണ് ബെന്നറ്റ്. വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കൈയടക്കല്‍ നെതന്യാഹു ആരംഭിച്ചതു തന്നെ ബെന്നറ്റിന്റെ വാദത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നായിരുന്നു. ഇറാനുമായും കടുത്ത ശത്രുത പുര്‍ത്തുന്ന സമീപനമാണ് ബെന്നറ്റിന്. 

120 അംഗ പാര്‍ലമെന്റില്‍ വെറും ഏഴ് സീറ്റ് നേടിയാണ് ബെന്നറ്റ് പ്രധാനമന്ത്രിയാകുന്നത്. ബെന്നറ്റ് കിങ് മേക്കറാകുമെന്നാണ് പ്രവചമുണ്ടായിരുന്നതെങ്കിലും ഒടുവില്‍ രാജാവ് തന്നെയായി. 13 പാര്‍ട്ടികളാണ് ഇസ്രായേലില്‍ മത്സരിച്ചത്. ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ല. നാല് തവണ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അങ്ങനെയാണ് ബെന്നറ്റിന് വഴി തുറന്നത്.

അമേരിക്കന്‍ കുടിയേറ്റ കുടുംബത്തിലാണ് നാഫ്ടാലി ബെന്നറ്റ് ജനിച്ചത്. മിലിട്ടറി കമാന്‍ഡോ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ടെക് രംഗത്തേക്ക് കാലുകുത്തി. ഇപ്പോള്‍ ഇസ്രായേലിലെ പേമെന്റ് സെക്യൂരിറ്റി കമ്പനിയായ ക്യോടോ ഐഎന്‍സിയുടെ സഹസ്ഥാപകനാണ്. 2006 മുതല്‍ 2008 വരെ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചു. 2012ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് മതകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!