
വാഷിങ്ടണ്‍: സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ സംഭരിച്ചുവെക്കുന്നതായി പഠനം. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് സമ്പന്ന രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ വാങ്ങുന്നതായി കണ്ടെത്തിയത്. പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാനാണ് സമ്പന്ന രാജ്യങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ വാങ്ങുന്നതെന്നും പഠനത്തില്‍ പറയുന്നു. സമ്പന്ന രാജ്യങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ വാങ്ങി സംഭരിക്കുന്നത് വികസ്വര രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും. എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശേഷി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കില്ല.
160 കോടി ഡോസ് ഇന്ത്യ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത് ജനസംഖ്യയിലെ 59 ശതമാനം പേരിലേക്ക് എത്താനേ തികയൂ. കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തിയാല്‍ സമ്പന്ന രാജ്യങ്ങളിലേക്കാണ് കൂടുതല്‍ എത്തുകയെന്നും പഠനം കണക്കുനിരത്തി പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് ആവശ്യത്തിന് വാക്‌സിന്‍ എത്തില്ല.
ഡോസ് കണക്കില്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വാങ്ങിയത്. എന്നാല്‍ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇത് വളരെ കുറവാണ്. യൂറോപ്യന്‍ യൂണിയന്‍ ആറ് സ്ഥാപനങ്ങളില്‍ നിന്നായി 1.36 ബില്ല്യണ്‍ ഡോസുകള്‍ വാങ്ങി. അമേരിക്ക 1.1 ബില്ല്യണ്‍ ഡോസും വാങ്ങി. കാഡന ജനസംഖ്യയുടെ അഞ്ചിരട്ടിയിലധികം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ സംഭരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 601 ശതമാനമാണ് കാനഡ സംഭരിച്ചിരിക്കുന്നത്. യുഎസ് 443 ശതമാനം, യുകെ 418 ശതമാനം, ഓസ്‌ട്രേലിയ 266 ശതമാനം, യൂറോപ്യന്‍ യൂണിയന്‍ 244 ശതമാനം എന്നിങ്ങനെയാണ് വികസിത രാജ്യങ്ങള്‍ വാങ്ങിയ വാക്‌സിന്‍ ഡോസുകള്‍.
ഇന്ത്യക്ക് 59 ശതമാനം വാക്‌സിന്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. മെക്‌സിക്കോ 84, ബ്രസീല്‍ 46, കസാഖിസ്ഥാന്‍ 15 എന്നിങ്ങനെയാണ് മറ്റ് കണക്ക്. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam