ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചു; ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക സഹായം പരിഗണിക്കും

By Web TeamFirst Published Nov 7, 2022, 3:18 PM IST
Highlights

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാനുള്ള അന്താരാഷ്ട്രാ ചട്ടക്കൂടില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഷറം ഏല്‍ ഷെയ്ഖ് / ഈജിപ്ത് :   ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന 27 -ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (COP 27) ന് ഈജിപ്തിലെ ഷറം ഏല്‍ ഷെയ്ഖ് നഗരത്തില്‍ ഇന്നലെ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാനുള്ള അന്താരാഷ്ട്രാ ചട്ടക്കൂടില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ ലോകത്തിലെ നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നു. ആഗോള താപനം നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള നടപടികള്‍ ഈ ഉച്ചകോടി ചര്‍ച്ച ചെയ്യും. 2015 മുതല്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ചേറ്റവും ചൂടേറിയ കാലമാണ് ഇതെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കാലാവസ്ഥാ പ്രശ്നങ്ങളുടെ ആഖ്യാനമാണ് പുറത്ത് വിട്ട റിപ്പോട്ടെന്ന് യുഎന്‍ സെക്രട്ടറി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ് അഭിപ്രായപ്പട്ടു. 

വ്യവസായവിപ്ലവത്തിന് ശേഷം അന്തരീക്ഷ താപനില ശരാശരി 1.15 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നെന്ന് ഈ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. കാലവാസ്ഥാ വ്യതിയാനം ആര്‍ട്ടിക് അന്‍റാര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുക്കുമെന്നും ഉഷ്ണവാതം ശക്തമാക്കുമെന്നും കടലേറ്റം രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1993 ന് ശേഷം കടല്‍നിരപ്പ് ഇരട്ടിയായി. 2020 ജനുവരി മുതലുള്ള രണ്ടര വര്‍ഷം കൊണ്ട് മാത്രം കടല്‍ നിരപ്പ് 10 മില്ലിമീറ്റര്‍ ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കടല്‍നിരപ്പില്‍ ചെറിയൊരു വ്യത്യാസം വന്നാല്‍ പോലും അത് അതിരൂക്ഷമായ രീതിയിലാകും മനുഷ്യനെ ബാധിക്കുക. കാരണം ലോകത്തിലെ വലിയ നഗരങ്ങളില്‍ ഏറെ എണ്ണവും തീരപ്രദേശത്തിന് സമീപത്താണ്. അതോടൊപ്പം മൊത്തം ലോക ജനസംഖ്യയിലെ വലിയൊരു വിഭാഗവും തീരദേശ നഗരങ്ങളിലാണ് ജീവിക്കുന്നത്. കടല്‍ ജലം ഉയര്‍ന്നാല്‍ ലോകത്തില്‍ വലിയൊരു ജനവിഭാഗത്തെ അത് പ്രത്യക്ഷത്തില്‍ തന്നെ പ്രതിസന്ധിയിലാക്കും. ഇതിനാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ആഗോള താപനം നിയന്ത്രിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുകയാണ് എല്ലാ വര്‍ഷവും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യം. 27 -ാം കാലാവസ്ഥാ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോളസ്, യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി നൂറോളം രാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം ഗ്ലാസ് ഗോയില്‍ നടന്ന 26 -മത് കാലാവസ്ഥാ ഉച്ചകോടിയില്‍ 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 45 ശതമാനം കുറയ്ക്കുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ത്യ പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇന്ത്യയോടൊപ്പം പ്രഖ്യാപനം നടത്തിയ പല രാജ്യങ്ങളും ഇന്ന് തങ്ങളുടെ പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ട് പോയിക്കഴിഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയില്‍ ആത്മാര്‍ത്ഥതയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് അറിയിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് ഉച്ചകോടി ബഹിഷ്ക്കരിച്ചു. നവംബര്‍ 18 ന് ഉച്ചകോടി സമാപിക്കും. 

click me!