'പൗരത്വബില്ല് അപകടകരം': അമിത് ഷായ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് സമിതി

By Web TeamFirst Published Dec 10, 2019, 1:01 PM IST
Highlights

ഇപ്പോൾ ലോക്സഭയിൽ പാസ്സായ ബില്ല് അനുസരിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന്ന അപേക്ഷ നൽകാമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെടുകയാണ്.

വാഷിംഗ്ടൺ: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന അമേരിക്കൻ ഫെഡറൽ കമ്മീഷൻ. പൗരത്വബില്ല് അത്യന്തം അപകടകരമാണെന്നും, ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം അമേരിക്ക ആലോചിക്കണമെന്നും യുഎസ് ഫെഡറൽ കമ്മീഷൻ ആവശ്യപ്പെട്ടു. ബില്ല് ഇന്ത്യൻ നിയമനിർമാണസഭകളിൽ പാസ്സായാൽ അത് ''തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര''യാണെന്ന് കമ്മീഷൻ വിമർശിക്കുന്നു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതവിവേചനം നേരിടുന്നതിനാൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലിങ്ങളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകാൻ അനുമതി നൽകുന്നതാണ് ലോക്സഭ പാസ്സാക്കിയ ദേശീയ പൗരത്വ നിയമഭേദഗതി ബില്ല്. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ കുടിയേറ്റക്കാർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാർസി, ക്രിസ്ത്യൻ മതസമൂഹങ്ങളുടെയെല്ലാം പേര് എടുത്ത് പറയുന്ന ബില്ലിൽ മുസ്ലിങ്ങളെ മാത്രമാണ് മാറ്റി നിർത്തിയിരിക്കുന്നത്.

ബില്ല് ലോക്സഭയിൽ പാസ്സായതിനെതിരെയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന യുഎസ് ഫെഡറൽ കമ്മീഷൻ (US Commission for International Religious Freedom) പ്രസ്താവന പുറത്തിറക്കിയത്.

''പൗരത്വബില്ല് ഇന്ത്യൻ പാർലമെന്‍റിന്‍റെ രണ്ട് സഭകളിലും പാസ്സായാൽ അമിത് ഷായ്ക്ക് എതിരെയും മറ്റ് പ്രധാനനേതാക്കൾക്ക് എതിരെയും ഉപരോധങ്ങൾ കൊണ്ടുവരുന്ന കാര്യം ആലോചിക്കണം'', പ്രസ്താവന ആവവശ്യപ്പെടുന്നു. ബില്ല് കൃത്യമായും മതത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ വിഭജിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ലോക്സഭയിൽ 311 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 80 പേർ എതിർത്ത് വോട്ട് ചെയ്തു. ബില്ല് ലോക്സഭ കടക്കുമെന്ന് ഉറപ്പായിരുന്നു. രാജ്യസഭ ബില്ല് പരിഗണിക്കാനിരിക്കുകയാണ്. 

''പൗരത്വ ബില്ല് തെറ്റായ ദിശയിലുള്ള അപകടകരമായ യാത്രയാണ്. ഇന്ത്യയുടെ മതേതരചരിത്രത്തിനും തുല്യത ഉറപ്പ് നൽകുന്ന ഭരണഘടനയ്ക്കും എതിരാണ് ഈ ബില്ല്'', പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ പ്രക്രിയയെയും, പിന്നീട് ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞതിനെയും യുഎസ് കമ്മീഷൻ രൂക്ഷമായി വിമർശിക്കുന്നു. ഇന്ത്യൻ സർക്കാർ മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വപരീക്ഷ നടത്തുകയാണ്. ഇതിലൂടെ മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന പ്രകിയയാണ് നടക്കുക. 

എന്നാൽ ഇതിന് മുമ്പും അമേരിക്കൻ ഫെഡറൽ കമ്മീഷനുൾപ്പടെയുള്ള സമിതികളുടെ ശുപാർശകൾ ഇന്ത്യ അംഗീകരിക്കാറില്ല. രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ മൂന്നാമതൊരു രാജ്യത്തിനോ സമിതിക്കോ ഇടപെടാൻ അവകാശമില്ലെന്നാണ് ഇന്ത്യ നേരത്തേയും സ്വീകരിച്ച് വന്ന നിലപാട്.

അമേരിക്കൻ ഫെഡറൽ കമ്മീഷന്‍റെ ശുപാർശ നടപ്പാക്കണമെന്ന് നിർബന്ധമില്ലാത്തതാണ്. പക്ഷേ, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന് ഈ ശുപാർശകൾ ഗൗരവമായി കണക്കിലെടുത്തേ തീരൂ. 

click me!