സ്വീഡനിലെ മാല്‍മോ എന്ന പട്ടണത്തിലുണ്ടായ കലാപം; ശരിക്കും സംഭവിച്ചത് എന്താണ്.!

By Web TeamFirst Published Aug 30, 2020, 9:39 AM IST
Highlights

300 ഓളം പേര്‍ തെരുവില്‍ സംഘടിച്ച് പൊലീസിനെതിരെയും തീവ്ര വലതുപക്ഷക്കാര്‍ക്കെതിരെയും പ്രതിഷേധം നടത്തുകയും പിന്നീട് ഇത് ആക്രമസക്തമാകുന്ന കാഴ്ചയാണ് ഉണ്ടായത്. അക്രമം നടത്തിയവര്‍ പൊലീസിനെതിരെ കല്ലുകള്‍ എറിയുകയും, ടയറുകള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിക്കുകയും ഒക്കെ ചെയ്തു എന്നാണ് എഎഫ്പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 

വെള്ളിയാഴ്ച സ്വീഡനിലെ മാല്‍മോ എന്ന പട്ടണത്തിലുണ്ടായ കലാപം ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 300 ഓളം പേര്‍ തെരുവില്‍ സംഘടിച്ച് പൊലീസിനെതിരെയും തീവ്ര വലതുപക്ഷക്കാര്‍ക്കെതിരെയും പ്രതിഷേധം നടത്തുകയും പിന്നീട് ഇത് ആക്രമസക്തമാകുന്ന കാഴ്ചയാണ് ഉണ്ടായത്. അക്രമം നടത്തിയവര്‍ പൊലീസിനെതിരെ കല്ലുകള്‍ എറിയുകയും, ടയറുകള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിക്കുകയും ഒക്കെ ചെയ്തു എന്നാണ് എഎഫ്പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 

സ്വീഡനിലെ ഈ പ്രശ്നം എങ്ങനെ ആരംഭിച്ചു

വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഹാര്‍ഡ് ലൈന്‍ എന്ന അതിതീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥം ഖുറാന്‍ കത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇത്. ഈ സംഘടനയുടെ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി മല്‍മോയില്‍ നടക്കേണ്ടിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഈ റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. 'നോര്‍ഡിക് രാജ്യങ്ങളിലെ ഇസ്ലാമിക വത്കരണം 'എന്നതായിരുന്നു സമ്മേളനത്തിന്‍റെ വിഷയം തന്നെ. ഈ സമ്മേളനത്തില്‍ ഖുറാന്‍ കത്തിക്കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നു എന്നതരത്തില്‍ പ്രചരണവും നടന്നിരുന്നു. ഇത് അഫ്ടോണ്‍ബ്ലഡറ്റ് എന്ന സ്വീഡിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡാനീഷുകാരനായ റാസ്മസ് പല്വേദനിനെ മല്‍മോയിലെ യോഗത്തിലേക്ക് ക്ഷണിച്ചത് ഡാന്‍ പാര്‍ക്ക് എന്ന വ്യക്തിയാണ്. ഒരു കലാകാരനാണ് എന്ന് അവകാശപ്പെടുന്ന ഇയാള്‍ ഒരു നിയമലംഘകനാണ് എന്നാണ് സ്വീഡിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നേരത്തെയും പ്രകോപനം നടത്തിയതിന് കേസുകള്‍ ഉണ്ട്.

ആരാണ് റാസ്മസ് പല്വേദന്‍ ?

റാസ്മസ് പല്വേദന്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള രാഷ്ട്രീയക്കാരനാണ്.  വക്കീല്‍ കൂടിയായ ഇയാളാണ് അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ 2017 ല്‍ സ്ഥാപിച്ചത്. തുടര്‍ച്ചയായി യൂട്യൂബ് വഴി മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വീഡിയോകളിലൂടെയാണ് ഇയാള്‍ പ്രശസ്തനായത്. ഖുറാന്‍ കത്തിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍പും ഇയാള്‍ നടത്തിയിട്ടുണ്ട്. ഇത് അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണ് എന്നായിരുന്നു  റാസ്മസ് പല്വേദന്‍റെ വാദം.

ജൂണ്‍മാസത്തില്‍ റാസ്മസ് പല്വേദന്‍റെ പേരില്‍ വിവിധ വീഡിയോകള്‍ വഴി വിദ്വോഷം പ്രചരിപ്പിച്ചതിന് കുറ്റം കണ്ടെത്തി. ഇയാളുടെ സംഘടനയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ക്കും സമാനമായ നിയമനടപടി നേരിടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മൂന്ന് മാസത്തെ ജയില്‍ വാസം ലഭിച്ചു. 2019 ല്‍ തന്നെ വക്കീലായ ഇയാളെ പ്രാക്ടീസ് നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. മുന്‍പ് ഇയാള്‍ക്ക് വംശീയ പ്രസംഗം നടത്തിയതിന് 14 ദിവസം തടവ് ലഭിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ ഇയാള്‍ക്ക് വംശീയ വിരോധം ജനിപ്പിക്കുന്ന പ്രസംഗം അടക്കം 14 കുറ്റങ്ങള്‍ക്കാണ് മൂന്നുമാസത്തെ തടവ് ലഭിച്ചത്.

കഴിഞ്ഞ ഡാനീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇയാള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇയാള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയ മുദ്രവാക്യങ്ങള്‍ തന്നെ ഇയാളുടെ നയം വ്യക്തമാക്കുന്നതായിരുന്നു. ഡെന്‍മാര്‍ക്കില്‍ നിന്നും 3 ലക്ഷം മുസ്ലീങ്ങളെ നാടുകടത്തും, ഇസ്ലാം ഡെന്‍മാര്‍ക്കില്‍ നിരോധിക്കും തുടങ്ങിയതായിരുന്നു ഇയാളുടെ പ്രസ്താവനകള്‍.

വെള്ളിയാഴ്ച  മല്‍മോയിലെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇയാളെ സ്വീഡന്‍ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാള്‍ക്ക് സ്വീഡിഷ് സര്‍ക്കാര്‍ രണ്ട് കൊല്ലത്തേക്ക് സ്വീഡനില്‍ പ്രവേശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തി.

സ്വീഡനിലെ കുടിയേറ്റത്തിന്‍റെ അവസ്ഥ

ബ്രൂക്കിംഗ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണ് സ്വീഡന്‍. കാനഡയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2013, 2014 കാലത്ത് സ്വീഡന്‍ അവിടെ അഭയാര്‍ത്ഥികളായി എത്തിയ മുഴുവന്‍ സിറിയക്കാര്‍ക്കും റെസിഡന്‍റ് പെര്‍മിറ്റ് നല്‍കി. സിറിയന്‍ ആഭ്യന്തര യുദ്ധം ശക്തമായ ശേഷം 70,000 സിറിയക്കാര്‍ സ്വീഡനില്‍ എത്തിയെന്നാണ് കണക്ക്.

2015ലെ റിപ്പോര്‍ട്ട് പ്രകാരം സ്വീഡന് അഭയം നേടിയുള്ള 1,6200 അപേക്ഷകളാണ് സിറിയയില്‍ നിന്നും ലഭിച്ചത്. ഇതിന് പുറമേ അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അഭയം തേടി എത്തുന്ന മുസ്ലീങ്ങളുടെ എണ്ണം സ്വീഡിഷ് രാഷ്ട്രീയത്തില്‍ വിഷയമാണ്.

നിയോ നാസി ആശയങ്ങള്‍ പേറുന്ന സ്വീഡിഷ് പാര്‍ലമെന്‍റിലെ ഏറ്റവും വലിയ മൂന്നാംകക്ഷിയാണ് സ്വീഡന്‍ ഡെമോക്രാറ്റ്സ്. ഇവര്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം തന്നെ കുടിയേറ്റ് വിരുദ്ധ സമീപനത്തില്‍ നിന്നാണ്. അഭയാര്‍ത്ഥികളുടെ വരവ് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഉയരാന്‍ കാരണമായി, ലോകത്തിന് തന്നെ മാതൃകയായ സ്വീഡന്‍റെ സാമൂഹ്യ സുരക്ഷ പദ്ധതികളെ ബാധിച്ചു തുടങ്ങിയ പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വധീനം ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ് സ്വീഡന്‍ ഡെമോക്രാറ്റ്സ് പോലുള്ള പാര്‍ട്ടികളുടെ വളര്‍ച്ച വ്യക്തമാക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസില്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ രാജ്യത്തിന്‍റെ സാമ്പത്തിക മോഡലിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ലോകത്തിലെ ഏറ്റവും കൂടിയ നികുതി നിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍, എല്ലാവരും ജോലി ചെയ്യുന്നു എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാല്‍ കുടിയേറ്റക്കാര്‍ വര്‍ദ്ധിക്കുമ്പോള്‍, ഇവരില്‍ പലരും വിഗദ്ധ തൊഴിലാളികളോ, കാര്യമായ വിദ്യാഭ്യാസം ഉള്ളവരോ അല്ല എന്ന പ്രശ്നമുണ്ട്. അതിനാല്‍ ഇത്തരക്കാരുടെ ക്ഷേമം സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാകുന്നു. ഇത് സ്വീഡനില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

2018 ലെ കണക്ക് പ്രകാരം സ്വീഡനിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 3.8 ശതമാനമാണ്. എന്നാല്‍ കുടിയേറി വന്ന് സ്വീഡന്‍ പൌരന്മാരായവരില്‍ ഇത് 15 ശതമാനമാണ്. ' ഇത്തരം കണക്കുകള്‍ വച്ചാണ് സ്വീഡന്‍ ഡെമോക്രാറ്റ്സ് പോലുള്ള വലതുപക്ഷ സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തുന്നത്, കുടിയേറ്റം സ്വീഡന്‍റെ സാമ്പത്തിക നിലയില്‍ പ്രശ്നം ഉണ്ടാക്കുന്നു എന്ന വാദം അവര്‍ശക്തമാക്കുന്നു' -ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നു.

പല യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറ്റത്തിനെതിരായ വലതുപക്ഷ തീവ്ര നിലപാടുള്ള സംഘടനകള്‍ ശക്തി പ്രാപിക്കുന്നു എന്നതാണ് സത്യം. ജര്‍മ്മനിയില്‍ ആള്‍ട്ടര്‍നെറ്റീവ് ഓഫ് ജര്‍മ്മനി, സ്പെയിനില്‍ വോക്സ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. അതേ വഴിയിലാണ് സ്വീഡനും എന്ന് പറയാം.

സ്വീഡനില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ സാധാരണമോ?

2017 ല്‍ സ്റ്റോക്ക് ഹോമില്‍ ഇത്തരത്തില്‍ ഒരു സംഘര്‍ഷം അരങ്ങേറിയിട്ടുണ്ട്. അതില്‍ പൊലീസ് അന്വേഷണം ശക്തമായി നടന്നിട്ടുണ്ട്. അന്നത്തെ ബിബിസി റിപ്പോര്‍ട്ട് പ്രകാരം അന്ന് വലിയ കല്ലേറാണ് നടന്നത്. അന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് അഭയാര്‍ത്ഥി പ്രശ്നത്തില്‍ സ്വീഡനെതിരെ നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തീവയ്പ്പും, കടകള്‍ കൊള്ളയടിക്കലും അന്ന് നടന്നിട്ടുണ്ട്.  2010ല്‍  സ്റ്റോക്ക്ഹോമില്‍ തന്നെ സമാനമായ കലാപത്തില്‍ ഒരു സ്കൂള്‍ കലാപകാരികള്‍ അഗ്നിക്ക് ഇരയാക്കി. സ്കൂളിലെ ഒരു ഡാന്‍സ് പരിപാടിയില്‍ അവിടെ അടുത്ത് താമസിക്കുന്ന കുടിയേറ്റക്കാരായ യുവാക്കളെ പങ്കെടുക്കാന്‍ സമ്മതിക്കാതിരുന്നതായിരുന്നു പ്രകോപനം.

click me!