ഇനി എല്ലാ മാസവും കോടിപതികൾ; ഒരുകോടിയുടെ ‘ഭാ​ഗ്യമിത്ര‘യുമായി ലോട്ടറി വകുപ്പ്

By Web TeamFirst Published Oct 1, 2020, 8:13 AM IST
Highlights

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്.

തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ‘ഭാഗ്യമിത്ര‘(BM) എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നതെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു.

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. 

വിജ്ഞാപനം വന്നശേഷം മാത്രമേ ഈ ലോട്ടറിയുടെ അച്ചടി ആരംഭിക്കുകയുള്ളൂ. ഒക്ടോബർ 10ന് മുമ്പ് ഭാ​ഗ്യമിത്ര വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. 

ഒന്നാം സമ്മാനത്തിന് പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും രണ്ടുലക്ഷവും 5000, 2000, 1000, 500, 300 എന്നിങ്ങനെയും ഉൾപ്പെടുത്തി ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ നൽകാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. ഇവ വിറ്റുതീരുന്ന മുറയ്ക്ക് ബാക്കി ടിക്കറ്റുകൾ വില്പനയ്‌ക്കെത്തും.

click me!