ലോട്ടറി കച്ചവടക്കാർക്ക് നേരിയ ആശ്വാസം; കൂപ്പൺ സൗകര്യം ഒരുക്കുമെന്ന് ധനമന്ത്രി

By Web TeamFirst Published Jun 16, 2021, 6:25 PM IST
Highlights

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അടിയന്തര സഹായമായി 1000 രൂപ സർക്കാർ നൽകിയിരുന്നു. 

തിരുവനന്തപുരം: ലോട്ടറി വിൽപ്പനക്കാർക്ക് സഹായമായി കൂപ്പൺ സൗകര്യം ഒരുക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ലോട്ടറി വാങ്ങുന്നതിനാണ് സഹായം. ടിക്കറ്റുകൾ വിറ്റ ശേഷം പണം തിരികെ അടച്ചാൽ മതി. ലോക്ക്ഡൗൺ പിൻവലിച്ചാലുടൻ ലോട്ടറി പ്രവർത്തനം തുടങ്ങുമെന്നും ഏഷ്യാനെറ്റ് ന്യൂസിലെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. 

"ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്‍റെ തൊട്ടടുത്ത ആഴ്ച തന്നെ ലോട്ടറി പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് തീരുമാനം. വളരെ പാവപ്പെട്ട ആളുകളാണല്ലോ ലോട്ടറി കച്ചവടക്കാരായി ഉള്ളത്. അവര്‍ക്കെല്ലാം കച്ചവടം നടത്താനായിട്ട് നേരത്തെ പറഞ്ഞത് പോലെ കൂപ്പണ്‍ കൊടുക്കും. ആ കൂപ്പണ്‍ കൊടുത്ത് ലോട്ടറി വാങ്ങി വിറ്റതിന് ശേഷം അതിന്‍റെ തുക തിരിച്ചടച്ചാല്‍ മതിയാകും. ആ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നുണ്ട്", എന്ന് മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അടിയന്തര സഹായമായി 1000 രൂപ സർക്കാർ നൽകിയിരുന്നു. കൂടാതെ 2500 രൂപയുടെ തിരിച്ചടവില്ലാത്ത സഹായവും. ലോക്ക്ഡൗണോടെ കഴിഞ്ഞ ആഴ്ചകളിലായി നറുക്കെടുക്കേണ്ട സ്ത്രീശക്തി, അക്ഷയ, നിർമ്മൽ, കാരുണ്യ പ്ലസ്, ഭാഗ്യമിത്ര തുടങ്ങിയ ടിക്കറ്റുകൾ കടകളിൽ കെട്ടിക്കിടക്കുകയാണ്. ഇതുകൂടാതെ വിഷുബംബറും നറുക്കെടുക്കാനുണ്ട്. ഇവയുടെ എല്ലാം പുതുക്കിയ നറുക്കെടുപ്പ് തീയതികൾ പിന്നാലെ അറിയിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!