'ഭാ​ഗ്യാന്വേഷികളെ ഇതിലേ.. ഇതിലേ..'; ടിക്കറ്റ് വിൽപ്പനയ്ക്ക് വേറിട്ട തന്ത്രവുമായി ലോട്ടറി കച്ചവടക്കാരൻ

By Web TeamFirst Published Aug 26, 2020, 7:13 PM IST
Highlights

നാണുവിന്റെ ഈ പരസ്യതന്ത്രം കൂടുതൽ ആൾക്കാരെ ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുകയാണ് ഇപ്പോൾ. ചിലരാകട്ടെ ടിക്കറ്റ് വാങ്ങുന്ന കൂട്ടത്തിൽ ഒപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്യും.

തൃശ്ശൂർ: മലയാളികളിൽ വലിയൊരു വിഭാഗവും നിരന്തരം ലോട്ടറികളിൽ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ടിക്കറ്റ് എടുക്കാനായി സമ്പാദിക്കുന്നതിൽ നിന്ന് ചെറിയൊരു തുക മാറ്റി വയ്ക്കുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റിലും കാണാം. വലിയൊരു വിഭാഗം ആളുകളുടെ തൊഴിൽ മേഖല കൂടിയാണ് ലോട്ടറി. ഈ കൊവിഡ് കാലത്ത് ലോട്ടറി വിൽപ്പനയ്ക്ക് വേറിട്ട തന്ത്രം ഉപയോ​ഗപ്പെടുത്തിയിരിക്കുകയാണ് നാണു എന്ന കച്ചവടക്കാരൻ. 

തൃശ്ശൂരിലെ പാങ്ങ് എളവള്ളി സ്വദേശിയാണ് 68കാരനായ നാണു. ഓണം ബംബറിന്റെ പരസ്യം പ്രിന്റ് ചെയ്ത ബാനർ ധരിച്ചാണ് ഇദ്ദേഹം ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ഏകദേശം10 അടിയിലേറെ നീളമുള്ള ബാനറിന്റെ നടുവിൽ തല കടത്താവുന്ന വട്ടത്തിൽ കീറിയാണ് കഴുത്തിലിട്ടിരിക്കുന്നത്.

നാണുവിന്റെ ഈ പരസ്യതന്ത്രം കൂടുതൽ ആൾക്കാരെ ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുകയാണ് ഇപ്പോൾ. ചിലരാകട്ടെ ടിക്കറ്റ് വാങ്ങുന്ന കൂട്ടത്തിൽ ഒപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്യും. രാവിലെ 6 മണിക്ക് തൃശ്ശൂരിൽ പോയി ടിക്കറ്റെടുത്ത് മടങ്ങുന്ന നാണു വൈകുന്നേരം വരെയും ബാനർ അണിഞ്ഞ് വിൽപ്പനയ്ക്കിറങ്ങും. വൈകിട്ട് 5 മണിവരെയാണ് ഇദ്ദേഹം കച്ചവടം നടത്തുക. ദിവസവും ബാനർ ധരിച്ച് കിലോമീറ്ററുകൾ നടന്നാണ് ഇദ്ദേഹത്തിന്റെ ടിക്കറ്റ് വിൽപ്പന. 

click me!