‌ഓണം ബമ്പർ വിജയി; സെയ്‌തലവി മുതൽ ജയപാലൻ വരെ, സംഭവിച്ചതെല്ലാം

By Web TeamFirst Published Sep 21, 2021, 8:34 AM IST
Highlights

ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെയാണ് സസ്പെൻസ് ഒഴിവാക്കി യഥാർത്ഥ ഭാ​ഗ്യവാന്റെ രം​ഗപ്രവേശനം. 

കേരള സംസ്ഥാന സർക്കർ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഭാ​ഗ്യക്കുറിയാണ് ഓണം ബമ്പർ. വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറിക്ക് സാധിച്ചു.ഞായറാഴ്ച ആയിരുന്നു ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഫലം പുറത്തുവന്നതിന് പിന്നാലെ ആരാകും 12 കോടിയുടെ ഉടമ എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര. മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ ടിക്കറ്റിന് ആറാം സമ്മാനവും ഒരു സമാശ്വാസ സമ്മാനവും ലഭിച്ചിരുന്നു. ഇവരെല്ലാം വന്ന് പണം വാങ്ങിയെങ്കിലും പന്ത്രണ്ട് കോടിയുടെ ഭാ​ഗ്യവാൻ ആരെന്നത് സസ്പെൻസായി നിലനിന്നു. ഇതിനിടയിലാണ് തനാണ് ആ ഭാ​ഗ്യവാൻ എന്ന അവകാശവുമായി ഒരു പ്രവാസി രം​ഗത്തെത്തിയത്. 

സെയ്തലവിയുടെ എൻട്രി !

ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് സ്വദേശി സെയ്‍തലവിയാണ് തനിക്കാണ് ഓണം ബമ്പറിന്റെ 12 കോടി അടിച്ചതെന്ന അവകാശവാദവുമായി രം​ഗത്തത്തിയത്. കോഴിക്കോട്ട് നിന്ന് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്നാണ് സെയ്‍തലവി പറഞ്ഞത്. സുഹൃത്ത് ടിക്കറ്റ് ഉടന്‍ വയനാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും സെയ്‍തലവി പറഞ്ഞിരുന്നു. പിന്നാലെ സെയ്തലവിയുടെ വയനാട് പനമരത്തുള്ള വീട്ടിലേക്ക് ആളുകളുടെ ഒഴിക്കായിരുന്നു. എന്നാൽ, കോഴിക്കോട്ടുകാരനായ സുഹൃത്ത് എടുത്ത ടിക്കറ്റെന്ന സെയ്തലവിയുടെ വാദം ആശയക്കുഴപ്പം സൃഷ്ടിച്ചു. ടിക്കറ്റ് വയനാട്ടില്‍ എത്തിയതിലായിരുന്നു അവ്യക്തത. 

ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്നും ഏജന്‍സി ജീവനക്കാരും പറഞ്ഞു. തൃപ്പൂണിത്തുറയിലെ കടയിൽ നിന്ന് കോട്ടയത്ത് ഈ മാസം എട്ടിന് എത്തിച്ചതാണ് ടിക്കറ്റ്.  തങ്ങൾ വിറ്റ ടിക്കറ്റ് തന്നെയാണ് ഒന്നാം സമ്മാനം നേടിയതെന്ന നിലപാടിൽ ഉറച്ചുനിന്നു മീനാക്ഷി ലോട്ടറി ഏജൻസിക്കാർ. പിന്നീട് ആരാണ് സെയ്തലവിയുടെ ആ സുഹൃത്തെന്നും ഇയാൾ വയനാട്ടിലേക്ക് വരാനുമുള്ള കാത്തിരിപ്പിലുമായിരുന്നു കേരളക്കര. ഇതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് സെയ്തലവിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ വന്നത്. 

അഹമ്മദ് എന്ന സെയ്തലവിയുടെ സുഹൃത്ത്

ബമ്പർ ഭാ​ഗ്യവാൻ താനാകും എന്ന വിശ്വാസത്തിൽ സെയ്തലവിയിരിക്കെയാണ് സുഹൃത്ത് അഹമ്മദ് ട്വിറ്റുമായി എത്തിയത്. ഓണം ബമ്പറടിച്ച ടിക്കറ്റ് കയ്യിലില്ലെന്നും അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് അഹമ്മദ് പ്രതികരിച്ചത്. 

"എന്റെ കയ്യിൽ ടിക്കറ്റില്ല. അതിനെ പറ്റി എനിക്ക് യാതൊന്നും അറിയില്ല. എനിക്ക് ഈ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല. സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല, സെയ്തലവിയുമായി കമ്പനി ഉണ്ടെന്ന് മാത്രേയുള്ളൂ" , എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് അഹമ്മദ് സംസാരിച്ചത്. ഈ വെളിപ്പെടുത്തലായിരുന്നു പിന്നീട് കേരളത്തിലെ എല്ലാവരുടേയും ചർച്ചാ വിഷയം. ഈ ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെയാണ് സസ്പെൻസ് ഒഴിവാക്കി യഥാർത്ഥ ഭാ​ഗ്യവാന്റെ രം​ഗപ്രവേശനം. 

ജയപാലൻ എന്ന ഭാ​ഗ്യവാൻ

ജയപാലൻ എന്ന ഓട്ടോ ഡ്രൈവറാണ് ഈ വർഷത്തെ ഓണം ബമ്പർ ഭാ​ഗ്യവാൻ താനാണെന്ന് മലയാളികളോട് വിളിച്ചു പറഞ്ഞത്. തൃപ്പൂണിത്തുറ മരട് സ്വദേശിയാണ് ജയപാലൻ. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറിയതിന് ശേഷമാണ് സസ്പെൻസ് നീക്കി ജയപാലൻ രം​ഗത്തെത്തയത്. നേരത്തെ ഒമ്പതാം തിയ്യതി 5000 രൂപ അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ പറഞ്ഞു. 

കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്ന് ജയപാലൻ പറയുന്നു. ആദ്യം പറഞ്ഞ് കേട്ടപ്പോൾ വിശ്വാസമായില്ലെന്ന് മകനും കണ്ണീരോട് പറയുന്നു. വീട് പണി കഴിഞ്ഞതോടെ കടത്തിൽ മുങ്ങിയിരിക്കുകയായിരുന്നു. വലിയ ആശ്വാസവും ഭാഗ്യവുമാണ് ഈ ലോട്ടറിയെന്നും ജയപാലന്റെ അമ്മയും പറഞ്ഞു. 

സെയ്തലവി അവകാശവാദമുന്നയിച്ച് വന്നുവല്ലോ എന്ന ചോദ്യത്തിന് "ഞങ്ങൾക്ക് സന്തോഷം. ഞങ്ങളുടെ പുറകെ ആരും വരില്ലല്ലോ. സാവദാനം ബാങ്കിൽ പോയി ടിക്കറ്റ് കൈമാറി എല്ലാം ചെയ്തു വന്നു. ഇല്ലെങ്കിൽ എല്ലാവരും ഞങ്ങളുടെ പുറകെ ആയിരിക്കുമായിരുന്നു. അതോണ്ട് അങ്ങനെ പോകട്ടെ എന്ന് വിചാരിച്ചു. അതാണ് എല്ലാം കഴിഞ്ഞ് ഞങ്ങൾ പറഞ്ഞത്. ടിക്കറ്റ് കൈമാറുന്നത് വരെ ആരോടും പറഞ്ഞില്ല. എല്ലാം രഹസ്യമായി വച്ചു", എന്നായിരുന്നു ജയപാലന്റെ മകന്റെ മറുപടി. ജയപാലന്റെ വീട്ടിൽ ആഹ്ലാദാരവം മുഴുങ്ങുമ്പോൾ സെയ്തലവിയും അഹമ്മദും തമ്മിലുള്ള വിവാ​ദം പുകയുകയായിരുന്നു. 

സെയ്തലവി v\s അഹമ്മദ്

ഓണം ബമ്പർ ആർക്കെന്ന കൺഫ്യൂഷൻ അവസാനിച്ചെങ്കിലും, ഒന്നാം സമ്മാനമടിച്ചെന്ന അവകാശവാദവുമായി എത്തിയ പ്രവാസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ മാറിയിരുന്നില്ല. താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ അടിച്ചതെന്ന് വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി ആദ്യമെത്തിയ പ്രവാസി സെയ്തലവി വീണ്ടും രംഗത്തെത്തി. താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു.ഇന്നലെ അയച്ചത് മോർഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തിയ്യതി അയച്ചുതന്ന ടിക്കറ്റ്‌ ഫോണിൽ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം.  11 ന് അഹമ്മദിന് ഗൂഗിളിൽ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 

പ്രവാസിയെ പറഞ്ഞുപറ്റിച്ചെന്ന പ്രചാരത്തിൽ നാട്ടുകാർ കൂടിയതോടെ നാലാം മൈൽ സ്വദേശി അഹമ്മദ് വീട്ടിൽ നിന്ന് മാറിനിന്നെങ്കിലും വിവാദമായതോടെ അഹമ്മദും മാധ്യമങ്ങളെ കണ്ടു. താൻ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം. മുൻപ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ആർക്കും ലോട്ടറി എടുത്ത് കൊടുത്തിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. സെയ്തലവിയോട് പരിചയം മാത്രമാണുള്ളത്. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചത്. തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും  സൈബർ സെൽ പരിശോധിക്കട്ടെയെന്നും അഹമ്മദ് കൂട്ടിച്ചേർത്തിരുന്നു. എന്തായാലും വിഷയത്തിൽ ഇനി എന്താകും തുടർ നടപടികൾ ഉണ്ടാകുക എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. അഹമ്മദിന് ഫേസ്ബുക്ക് വഴി ടിക്കറ്റിന്റെ ഫോട്ടോ അയച്ച് കൊടുത്തത് ആരാണെന്നുള്ള ചോദ്യം അവശേഷിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!