അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മേയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published May 11, 2021, 2:55 PM IST
Highlights

ലക്ഷദ്വീപിന് സമീപം വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ്‌ 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മെയ് 13 അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: മേയ് പതിനാല് മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്. തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ട്. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Read more at: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ മലപ്പുറം ഇടുക്കി, ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, ജാഗ്രത ...

കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. മെയ് 13 അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

ലക്ഷദ്വീപിന് സമീപം വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ്‌ 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കിൽ മ്യാന്മാർ നൽകിയ 'ടൗട്ടെ ' Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. 

നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 12  അർദ്ധരാത്രിയോട് കൂടി തന്നെ  ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു. ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട്  ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നാണ് അഭ്യർത്ഥന.
 

ശക്തമായ മഴയ്ക്കും സാധ്യത

ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ പ്രതീക്ഷിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

2018, 2019, 2020  വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  • മൽസ്യതൊഴിലാളികൾ മെയ് 14 ന് മുന്നോടിയായി തന്നെ പൂർണ്ണമായും കടലിൽ പോകുന്നത് ഒഴിവാക്കേണ്ടതും ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്നോടിയായി തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദേശം നൽകേണ്ടതുമാണ്.
  • ന്യൂനമർദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
  • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
  • സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!