
ദില്ലി: രാജ്യം കാത്തിരുന്ന അയോധ്യ കേസില്‍ ഒടുവില്‍ വിധി വരുമ്പോള്‍ നിര്‍ണായകമായ വസ്തു തര്‍ക്കം ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് കോടതി പരിഹരിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും നിരീക്ഷിച്ചു.
തര്‍ക്കഭൂമിയുടെ അവകാശം നേടാനായി വിഎച്ച്പി പിന്തുണയുള്ള രാംലല്ലയും, സന്ന്യാസിമാരുടെ സംഘടനയായ നിർമോഹി അഖാഡയും, സുന്നി വഖഫ് ബോര്‍ഡും ,ഷിയാ വഖഫ് ബോര്‍ഡുമെല്ലാം വാദിച്ചെങ്കിലും ഇവരുടെ ആരുടേയും വാദം കോടതി അംഗീകരിച്ചില്ല. തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി അന്തിമവിധിയിൽ ചൂണ്ടിക്കാട്ടുന്നു. 300 - 400 വര്‍ഷങ്ങള്‍ മുന്‍പ് അയോധ്യ സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍ അവിടെ ക്ഷേത്രം നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിരുന്നുവെന്ന രാംലല്ലയുടെ അഭിഭാഷകന്‍റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
അയോധ്യയാണ് ഹിന്ദു ദൈവമായ രാമന്‍റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാബ്റി മസ്ജിദ് കാലങ്ങളായി മുസ്ലീം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിക്കുന്നില്ല. 1857 മുതല്‍ തര്‍ക്കഭൂമിയുടെ അകത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതായി സ്ഥിരീകരിക്കുന്ന കോടതി എന്നാല്‍ അതിനും മുന്‍പും ശേഷവും പ്രദേശത്ത് ഹിന്ദുമതവിശ്വാസികള്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തി വന്നിരുന്നതായി ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു.
ഈ രീതിയില്‍ അയോധ്യയിലെ തർക്കഭൂമിയിൽ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാൽ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്ന വസ്തുത അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് അവിടെ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഉപാധികളോടെ ക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവാദം നൽകിയത്. 1993-ലെ അയോധ്യ ആക്ട് പ്രകാരം മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകി പുതിയ പള്ളി നിർമ്മിക്കാൻ വേണ്ട സാഹചര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിന്. ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണം.
1993-ലെ അയോധ്യ ആക്ട് പ്രകാരമായിരിക്കണം ഭൂമികൈമാറ്റം. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി കേന്ദ്രം തയ്യാറാക്കണം. തർക്കഭൂമിയിലെ നിർമ്മിതിയുടെ അകത്തേയും പുറത്തേയും സ്ഥലം ക്ഷേത്രനിർമ്മാണത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കായി ട്രസ്റ്റിന് കൈമാറണം. ഇതിനു ശേഷം കാലക്രമേണ മറ്റു ഭൂമിയും ട്രസ്റ്റിന് കൈമാറണം. ഭൂമിയുടെ ഉടമസ്ഥാവകാശം കേസിലെ കക്ഷികൾക്കൊന്നും പൂർണമായി തെളിയിക്കാനായിട്ടില്ല. അതിനാൽ തന്നെ തർക്കഭൂമിയിലാണ് നിർമ്മിതി നിലനിൽക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam