'ഐടി ചട്ടം ഉപഭോക്താക്കളെ ശാക്തീകരിക്കാൻ', യുഎൻ സമിതിക്ക് മറുപടിയുമായി കേന്ദ്രം

By Web TeamFirst Published Jun 20, 2021, 3:53 PM IST
Highlights

പുതിയ ഐടി ചട്ടങ്ങളിൽ യുഎന്നിന്‍റെ പ്രത്യേകസമിതി ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മറുപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഐടി ചട്ടം നടപ്പിലാക്കിയത് എല്ലാ കൂടിയാലോചനകൾക്കും ശേഷമാണെന്നാണ് കേന്ദ്രം പറയുന്നത്.

ദില്ലി: 2021-ലെ പുതിയ ഐടി ചട്ടം ഉപഭോക്താക്കളെ ശാക്തീകരിക്കാനാണെന്ന് കേന്ദ്രസ‍ർക്കാർ. യുഎന്നിന്‍റെ പ്രത്യേകസമിതി ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്‍റെ മറുപടി. എല്ലാ കൂടിയാലോചനകൾക്കും ശേഷമാണ് പുതിയ ഐടി ചട്ടങ്ങൾ നടപ്പാക്കിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും യുഎന്നിനുള്ള മറുപടിയിൽ കേന്ദ്രം പറയുന്നു. സ്വതന്ത്രമായ ജുഡീഷ്യറിയും ശക്തമായ മാധ്യമങ്ങളും രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു. 

അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഐടി ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിസമിതി അഭ്യര്‍ത്ഥിച്ചിരുന്നു. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്രം പിടിമുറുക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. 

ഇന്ത്യ നടപ്പാക്കുന്ന ഐടി ചട്ടങ്ങളിലെ പല നിര്‍ദ്ദേശങ്ങളും മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഇതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറിയ ഏഴുപേജുള്ള കത്തിൽ ഐക്യരാഷ്ട്ര സഭാ പ്രതിനിധികൾ വ്യക്തമാക്കുന്നു. 

വംശീയവും ജാതീയവുമായ അധിക്ഷേപം തടയൽ, ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണി സൃഷ്ടിക്കുന്ന ഉള്ളടക്കം എടുത്ത് മാറ്റൽ, ആൾമാറാട്ടം, കുട്ടികൾക്ക് ദോഷകരം തുടങ്ങിയ ചട്ടങ്ങളിലെ പ്രയോഗങ്ങളുടെ അര്‍ത്ഥവ്യാപ്തി എങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെടുമെന്നത് വ്യക്തമല്ല. എങ്ങനെയും ഇതിനെ വ്യാഖ്യാനിക്കാം. ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളിലും കടുത്ത ആശങ്കയാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെടുന്നു. 

അതേസമയം പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പുതിയ ചട്ടങ്ങൾ ഉണ്ടാക്കിയതെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് നൽകിയത്. ഐടി ചട്ടം നടപ്പാക്കിയില്ലെങ്കിൽ ട്വിറ്ററിന് രാജ്യത്ത് സംരക്ഷണമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. സര്‍ക്കാരും പാര്‍ലമെന്‍ററികാര്യ സമിതിയും സാമൂഹ്യമാധ്യമങ്ങളിൽ പിടിമുറുക്കുമ്പോൾ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലോടെ വിഷയം അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയാവുകയാണ്.

click me!