'ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാറായില്ല'; കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 6:17 PM IST
Highlights

ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളിലെ ഇളവുകൾക്ക് സംസ്ഥാനങ്ങൾക്ക് അനുമതി വേണം. 

തിരുവനന്തപുരം: ലോക്ക്ഡൗൺ പൂർണായും പിൻവലിക്കേണ്ട സ്ഥിതി ആയില്ലെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ ഇളവ് പടിപടിയായി മാത്രം മതി. ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിലവിലുള്ള നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് നിർദ്ദേശിച്ചതായി പിണറായി വിജയൻ പറഞ്ഞു.

ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളിലെ ഇളവുകൾക്ക് സംസ്ഥാനങ്ങൾക്ക് അനുമതി വേണം. അതിഥി തൊഴിലാളികൾക്കു വേണ്ടി പ്രത്യേക നോൺസ്‌റ്റോപ് ട്രെയിൻ അനുവദിക്കണം. പ്രവാസികൾക്ക് തിരികെ മടങ്ങാനുള്ള സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം.

പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. ലേബർ ക്യാംപുകളിൽ പ്രത്യേക ശ്രദ്ധ വേണം. വിസിറ്റിംഗ് വിസയിൽ പോയവരിൽ വിസാ കാലാവധി അവസാനിച്ചവരെ  നാട്ടിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക വിമാനം അനുവദിക്കണം. മൂന്ന് മാസത്തേക്ക് പ്രവാസികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ പദ്ധതി വേണം. 

ഇഎസ്‌ഐ മാനദണ്ഡത്തിൽ കൊവിഡ് കൂടി ഉൾപ്പെടുത്തണം. മൂന്ന് മാസത്തേക്ക് കേരളത്തിന് 645000 ടൺ അരി അനുവദിക്കണം. ഇത് മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. രാജ്യത്തെ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വിശദമായ ച‍ർച്ച അവിടെ നടന്നു. കേരളത്തിൻ്റെ ആവശ്യങ്ങളെല്ലാം അവിടെ അറിയിച്ചു. ഇനിയുള്ള മൂന്ന് നാല് ആഴ്ചകൾ കൊവിഡ് പ്രതിരോധത്തിൽ നി‍ർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ലോക് ഡൗണിന് മുൻപിലെ സ്ഥിതിയിലേക്ക് തിരിച്ചു പോകാനായിട്ടില്ല എന്ന കേരളത്തിൻ്റെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരോ ഘട്ടത്തിലേയും സ്ഥിതി​ഗതികൾ സൂക്ഷമമായി നീരിക്ഷിച്ച ശേഷമേ ലോക്ക് ഡൗൺ പതുക്കേ പിൻവലിക്കാൻ പാടുള്ളൂ. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാൽ രോ​ഗം പടരാനും സാമൂഹികവ്യാപനത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാവും. ഹോട്ട് സ്പോട്ടായി കണക്കാക്കേണ്ട സ്ഥലങ്ങളിൽ നിലവിലെ സ്ഥിതി ഏപ്രിൽ മുപ്പത് വരെ തുടരണം. സ്ഥിതി​​ഗുരുതരമല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാനങ്ങൾ നി‍ർദേശിക്കുന്ന നിയന്ത്രണങ്ങളോടെയും ശാരീരിക അകലം ഉറപ്പു വരുത്തിയും ഇളവുകൾ നൽകണം ഇക്കാരത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം.

കേളത്തിൽ 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെല്ലാം നാട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നു. അവ‍ർക്ക് സ്വദേശത്ത് മടങ്ങാൻ ഏപ്രിൽ 14-ന് ശേഷം അവസരമൊരുക്കണം. ഇതിനായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ സജ്ജമാക്കാണം. സ്ഥിരവരുമാനമില്ലാത്ത ഇവർക്ക് അവരുടെ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഡയറക്ട ബെനിഫിക്ട് സ്കീം പ്രകാരം ധനസഹായം നൽകണം. 

പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണം. ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം. രോ​ഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെപ്പറ്റിയും കൃത്യമായ ഇടവേളകളിൽ എംബസി ബുള്ളറ്റിൻ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതു സഹായിക്കും. 

സന്ദർശക വിസയിലും മറ്റു പരിപാടികൾക്കുമായി വിദേശത്തേക്ക് പോയ പലരും അവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ അന്താരാഷ്ട്ര ചട്ടങ്ങളും ആരോ​ഗ്യമാനദണ്ഡങ്ങളും പ്രകാരം ഇവരെ പ്രത്യേക വിമാനത്തിൽ തിരികെ എത്തിക്കണം. അംസഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരി​ഗണിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇവർക്ക് സാമ്പത്തിക സഹായം നൽകിയാൽ അതു തിരികെ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ എത്തും. ഇഎസ്ഐ നിബന്ധന പ്രകാരം ചില സാഹചര്യങ്ങളിൽ ശമ്പളം നൽകാനുള്ള അധികാരം ഇഎസ്ഐക്കുണ്ട്. എന്നാൽ ഈ മാനദണ്ഡത്തിൽ കൊവിഡില്ല. ഈ പട്ടികയിലേക്ക് കൊവി‍ഡിനെ ഉൾപ്പെടുത്തണം.

click me!