ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ്; സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയടക്കം ക്വാറൻ്റീനിൽ പ്രവേശിച്ചു

By Web TeamFirst Published Jul 9, 2020, 8:31 AM IST
Highlights

പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത്  ജില്ലാ ഭരണകൂടത്തെ വലച്ചിരിക്കുകയാണ്. സിപിഎം നേതാവിന്റെ സമ്പർക്ക പട്ടികയും വിപുലമാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് എംഎസ്എഫും നേതാവും സിപിഎം നേതാവും ഒന്നിച്ച് ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തിരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് സ്ഥിരീച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ഉൾപ്പെടെയുള്ളവർ ക്വാറൻ്റീനിൽ പ്രവേശിച്ചു. പത്തനംതിട്ടയിൽ തുടർച്ചയായി രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളിൽ പങ്കെടുത്ത ഇവരുടെ സമ്പർക്ക പട്ടികയുണ്ടാക്കുന്നതാണ് പ്രധാന വെല്ലുവിളി.

കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത്  ജില്ലാ ഭരണകൂടത്തെ വലച്ചിരിക്കുകയാണ്. സിപിഎം നേതാവിന്റെ സമ്പർക്ക പട്ടികയും വിപുലമാണ്. കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിൽ നടന്ന പാർട്ടി ഫ്രാക്ഷൻ മീറ്റിങ്ങിൽ ഇയാൾ പങ്കെടുത്തു. ഈ യോഗത്തിൽ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും സാന്നിധ്യമുണ്ടായിരുന്നു. 

പെട്രോൾ ഡീസൽ വില വർധനക്കെതിരെ കഴിഞ്ഞ ആഴ്ചകളിൽ നടന്ന ഒന്നിലധികം സമര പരിപാടികളിലും പങ്കെടുത്തു. ഈ പരിപാടികളിലെല്ലാം നിരവധി പാർട്ടി പ്രവർത്തകരും പങ്കെടുത്തിരുന്നു. കുമ്പുഴയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിലും ഇയാൾ എത്തി. 

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് എംഎസ്എഫും നേതാവും സിപിഎം നേതാവും ഒന്നിച്ച് ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തിരുന്നു. എംഎസ്എഫ് നേതാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആയിരത്തോളം ആളുകളാണുള്ളത്. പത്തനംതിട്ട മാർക്കറ്റിലെ കച്ചവടക്കാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയിൽ നാലായി. 

കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭ കണ്ടെയ്മെന്റ് സോണാക്കി. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

ജില്ലയില്‍ ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ച ഏഴു പേരുടെ വിവരങ്ങൾ 

1)ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 32 വയസുകാരന്‍.
2)ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 28 വയസുകാരി. 
3)ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍. 
4)ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ കടപ്ര സ്വദേശിയായ 52 വയസുകാരന്‍. 
5)ജൂണ്‍ 22 ന് ഗുജറാത്തില്‍ നിന്നും എത്തിയ മൈലപ്ര, കുമ്പഴ സ്വദേശിയായ 60 വയസുകാരന്‍. 
6) പത്തനംതിട്ട, കുലശേഖരപതി സ്വദേശിയായ 42 വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു. 
7) പത്തനംതിട്ട, കുലശേഖരപതി സ്വദേശിയായ 48 വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു.

ജില്ലയില്‍ ഇതുവരെ ആകെ 400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ ജില്ലയിൽ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 218 പേർ രോഗമുക്തി നേടി. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര്‍ ചികിത്സയിലാണ്. ഇതില്‍ 169 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.  

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 74 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 64 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 32 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 200 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.  ഇന്നലെ 16 പേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.  

click me!