K Rail : വിമര്‍ശനം ഉയര്‍ത്തുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ സിപിഎം സൈബര്‍ കമ്യൂണ്‍

By Web TeamFirst Published Jan 20, 2022, 7:16 PM IST
Highlights

 ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം സൈബര്‍ കമ്യൂണ്‍ എന്ന പേജ് രംഗത്ത് വന്നിരിക്കുന്നു. 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാന പദ്ധതിയായ കാണുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ തുടക്കം മുതല്‍ എതിര്‍ അഭിപ്രായം ഉയര്‍ത്തുന്നവരാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. എന്നും ഇടത് അനുകൂല മനോഭാവം പുലര്‍ത്തിയിരുന്ന സംഘടന പദ്ധതിക്കെതിരെ വിശദമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലെ സിപിഐഎം അണികള്‍ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഇതാ ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം സൈബര്‍ കമ്യൂണ്‍ എന്ന പേജ് രംഗത്ത് വന്നിരിക്കുന്നു. സിപിഎം നയങ്ങളെ സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുന്ന രണ്ടരലക്ഷത്തോളം ഫോളോവേര്‍സുള്ള പേജാണ് ഇത്.

ദേശീയ പാത വികസനത്തില്‍ അടക്കം ശാസ്ത്രസാഹിത്യ പരിഷത്ത് എടുത്ത നിലപാടുകള്‍ കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ട് വലിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. കെ റെയില്‍ എന്തുകൊണ്ട് ആവശ്യമാണ് എന്നും കുറിപ്പില്‍ വിവരണമുണ്ട്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഇന്ത്യ മുഴുവൻ ദേശീയ പാത 60 മീറ്റർ വീതിയിൽ ഉണ്ടാക്കിയപ്പോൾ കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സാംസ്കാരിക നായകർ എന്നു പറയുന്ന ഒരു കൂട്ടർ അത് കേരളത്തിൽ വരുന്നതിനെതിരെ ശക്തമായ നിലപാടെടുത്തു. ടോൾ കൊടുത്ത് ഇത്ര വേഗത്തിൽ ആർക്കാണ് യാത്ര ചെയ്യേണ്ടത് എന്നാരുന്നു അവരുടെ ചോദ്യം? ശക്തമായ പൊതുബോധം സൃഷ്ടിച്ചതിനെ തുടർന്ന് രാഷ്ട്രീയക്കാരും ദേശീയ പാത വിഷയത്തിൽ ഉത്സാഹം കാണിച്ചില്ല.

പിന്നെ കാണുന്നത് കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ ഗതാഗത സൗകര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നു. കേരളത്തിന്റെ സ്ഥിതി അനുദിനം മോശമായി. ഒടുവിൽ 60 മീറ്ററിന് പകരം 30 മീറ്ററിൽ ദേശീയ പാത എന്ന തീരുമാനം നിയമസഭ ഐകകണ്ഠേന പാസാക്കി. എന്നാൽ കേന്ദ്രം 45 മീറ്ററിൽ എങ്കിലും വേണം എന്ന നിലപാടിൽ ഉറച്ചു നിന്നു.

അറ്റകുറ്റ പണികൾ പോലും കേന്ദ്രം നിർത്തിവച്ചു. വാഹനങ്ങൾ കൊണ്ടു റോഡുകൾ നിറഞ്ഞു. എന്നു അപകടം എന്നും മരണങ്ങൾ റോഡുകൾ കുരുതിക്കളമായി. റോഡിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിൽ നിന്നും 30 വർഷം പിറകിലായി. നാട്ടുകാർ പ്രകാൻ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ പോകുന്ന സ്വകാര്യ ബസുകളും മറ്റും കേരള റൂട്ടിലോടാതെ തെക്കോട്ട് സഞ്ചരിച്ച് നാഗർകോവിൽ വഴി 101 Km അധികം സഞ്ചരിച്ചാണ് യാത്ര പോവാറ് എന്നാലും സമയം ലാഭം അതാണ്.

ഒടുവിൽ ഒന്നാം പിണറായി സർക്കാർ 45 മീറ്ററിൽ ദേശീയ പാത വികസിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കേന്ദ്രം സ്ഥലമേറ്റെടുപ്പിന്റെ 25% കെട്ടിവയ്ക്കാൻ കേരളത്തോട് പറഞ്ഞു. കേരളം സമ്മതിച്ചു. ഏതാണ്ട് 6000 കോടി സംസ്ഥാനത്തിന് നഷ്ടം. പക്ഷെ ദേശീയ പാത വികസിപ്പിക്കാതെ ഒരടി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലായി നാട് അപ്പോഴേക്കും.

1. ഇന്ന് കാസർഗോഡ് - തിരുവനന്തപുരം ദേശീയ പാത വികസനത്തിന് ചിലവാക്കുന്ന തുക 66000 കോടി രൂപയാണ്. ഇത് K-RAIL നേക്കാൾ കൂടുതലാണ്. 25 കൊല്ലം മുമ്പ് ചെയ്തിരുന്നെങ്കിൽ ഇത് 10000 കോടിയിൽ താഴെ നിന്നേനെ .

ഏതാണ്ട് 50000 കോടി രൂപയുടെ ഡയറക്ട് നഷ്ടത്തിന് ആരു സമാധാനം പറയും? ഇവിടുത്തെ സാംസ്കാരിക നായകർ പറയുമോ ? കവികൾ പറയുമോ ? പരിഷത്ത് പറയുമോ? ഇത് മൂലം നാടിന്റെ വികസനം സ്തംഭിച്ചത് മൂലമുണ്ടായ കോടികളുടെ നഷ്ടത്തിന് ആരു സമാധാനം പറയും? നമ്മുടെ റോഡുകളിൽ പൊലിഞ്ഞ ജീവനുകൾക്കാരു സമാധാനം പറയും ?

ഇപ്പൊ K -റെയിൽ വരുമ്പോഴും അതേ ചോദ്യങ്ങളുമായി അവർ വരികയാണ്. അനുഭവത്തിൽ നിന്ന് പാഠം പഠിക്കണ്ടേ?
എന്തുകൊണ്ട് K -റെയിൽ വേണം?
ഒന്നാമത്തെ കാരണം അടുത്ത 10-15 വർഷത്തിനുള്ളിൽ  ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായും ബന്ധിപ്പിച്ച് ഹൈ സ്പീഡ് സെമി ഹൈ സ്പീഡ് റെയിൽ നെറ്റ്വർക്ക് വരാനുള്ള പദ്ധതികൾ വിവിധ ഘട്ടങ്ങളിൽ നടക്കുകയാണ്. അതിൽ ദക്ഷിണേന്ത്യയിലെ കേരളം ഒഴികെ ഉള്ള എല്ലാ സംസ്ഥാനവുമുണ്ട്. കേരളവും ഒപ്പം നടന്നില്ലെങ്കിൽ നമ്മൾ പിന്തള്ളപ്പെട്ടു പോകും. എന്നും നമ്മൾ ഇങ്ങനെ ശരാശരി 44 Km സപീഡിൽ യാത്ര ചെയ്താൽ മതിയോ? അടിസ്ഥാന ഗതാഗത സൗകര്യമില്ലാത്തിടത്ത് ഒരു നിക്ഷേപം തന്നെ വരുമോ? ദേശീയ പാതയിൽ സംഭവിച്ച പോലെ 20 കൊല്ലം കഴിഞ്ഞ് ചെയ്യാനിരുന്നാൽ ഇപ്പോഴത്തെ 63000 കോടി 10 ലക്ഷം കോടിയായി മാറും. ഏതാണ് നമ്മളെ കടക്കെണിയിലാക്കുക?
രണ്ടാമത്തെ കാരണം വാഹന ഡെൻസിറ്റിയിൽ നമ്മൾ ഏതാണ്ട് അമേരിക്കക്ക് തുല്യമാണ്. ഇപ്പോൾ തന്നെ 6 വരി പാതയുള്ള ആലുവ - പാലക്കാട് റൂട്ടിൽ വാഹനങ്ങൾ നിറഞ്ഞു കഴിഞ്ഞു. അതായത് 45 മീറ്റർ റോഡ് ഉണ്ടാക്കിയാലും ആ റോഡ് 5 കൊല്ലം കൊണ്ട് നിറയും ? അപ്പോൾ നമ്മൾ എന്തു ചെയ്യും. ? വീണ്ടും റോഡുണ്ടാക്കുമോ? അതിന് കേ റെയിനെക്കാൾ സ്ഥലം വേണ്ടി വരും, പാറ പൊട്ടിക്കേണ്ടിവരും ചെലവു പതിന്മടങ്ങാകും. 
നമ്മളെ സംബന്ധിച്ച് ഇത് ഒരു അനിവാര്യതയാണ്. നമ്മുടെ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും ഈ വികസന വിരുദ്ധ സമീപനത്തിന് കൂട്ടുനിൽക്കരുത്.

click me!