ക്രൈംബ്രാ‍ഞ്ചിന് കേസെടുക്കാൻ ഡിജിപിയുടെ 'യെസ്' നിർബന്ധമല്ല, ഉത്തരവ് തിരുത്തും

By Web TeamFirst Published Aug 18, 2020, 11:27 AM IST
Highlights

ക്ലറിക്കൽ പിഴവ് സംഭവിച്ചതാണെന്നും, എല്ലാ കേസുകളും റജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി തേടണമെന്നില്ലെന്നും, എന്നാൽ ചില പ്രമാദമായ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപിയുടെ അനുമതി വേണമെന്നും പുതുക്കിയ ഉത്തരവിൽ.

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് കേസുകൾ കൈമാറാനും റജിസ്റ്റർ ചെയ്യാനും ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവ് തിരുത്തി പൊലീസ് ആസ്ഥാനം. ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ലെന്നും, സംസ്ഥാന പൊലീസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് റജിസ്റ്റർ ചെയ്യാവൂ എന്നും പറയുന്ന ഉത്തരവാണ് തിരുത്തിയത്. ക്ലറിക്കൽ പിഴവ് സംഭവിച്ചതാണെന്നും, പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു. 

ക്രൈംബ്രാഞ്ചിന് മേൽ കടുത്ത നിയന്ത്രണങ്ങൾ വരുത്തുന്നുവെന്ന് വിവാദ ഉത്തരവിനെച്ചൊല്ലി വ്യാപകമായ വിമർശനമുയർന്നിരുന്നു. ഒരു പരാതി വന്നാൽ, അതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ സംസ്ഥാന പൊലീസ് സംവിധാനം ഒട്ടും വൈകാതെ കേസെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധിയുടെ ലംഘനമാണ് ഉത്തരവെന്നാണ് വിമർശനമുയർന്നത്. 

സംസ്ഥാന ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയ്ക്ക് ഏതെല്ലാം കേസുകളാണ് കൈമാറേണ്ടത് എന്നീ മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ഇന്നലെ സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറങ്ങിയത്. ഇതനുസരിച്ച്, സംസ്ഥാന പൊലീസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് റജിസ്റ്റർ ചെയ്യാവൂ എന്നാണ് എഴുതിയിരുന്നത്. ഇവിടെ ടൈപ്പ് ചെയ്യുന്നതിൽ വന്ന പിശകാണെന്നാണ് പൊലീസ് ആസ്ഥാനം വിശദീകരിക്കുന്നത്. 

അതായത്, സംസ്ഥാന ക്രൈംബ്രാഞ്ചിന് നിലവിലുള്ളത് പോലെത്തന്നെ, നേരിട്ട് വരുന്ന പരാതികളോ, കോടതിയോ സർക്കാരോ പൊലീസ് മേധാവിയോ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നിർദേശിച്ചോ ഇറക്കുന്ന ഉത്തരവനുസരിച്ചോ കേസെടുത്ത് അന്വേഷിക്കാം. ഇത് വ്യക്തമാക്കുന്ന പുതിയ ഉത്തരവ് ഇന്നോ നാളെയോ ആയി ഇറക്കും. 

വിജിലൻസിനെ നിയന്ത്രിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്‍റെയും ചിറകരിയാൻ സംസ്ഥാനസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ഉത്തരവ് പൊലീസ് തിരുത്തുന്നത്.

പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസെടുകൾ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നും നേരത്തേയുള്ള ഉത്തരവിലുണ്ടായിരുന്നു. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങൾ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.

കേരള പൊലീസിന്റെ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ക്രൈം ബ്രാഞ്ച്. ക്രമസമാധാനമല്ല, മറിച്ച് അന്വേഷണം മാത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ ചുമതല. സിആർപിസി പ്രകാരം പൊലീസ് സ്റ്റേഷന് കേസ് രജിസ്റ്റർ ചെയ്യാം. ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. സാധാരണ കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തി, വിശദമായ അന്വേഷണം ആവശ്യമാണെങ്കിൽ ക്രൈം ബ്രാഞ്ച് കേസ് നടത്തുകയാണ് ചെയ്യുന്നത്. സോളാർ കേസ് ഇത്തരത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു.

click me!