കരുവന്നൂർ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു,പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം അടക്കം രേഖകൾ ശേഖരിച്ച് ഇഡി

Published : Aug 11, 2022, 06:32 AM IST
കരുവന്നൂർ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു,പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം അടക്കം രേഖകൾ ശേഖരിച്ച് ഇഡി

Synopsis

തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിച്ചു

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന പുലർച്ചെ വരെ നീണ്ടു.  ഇന്നലെ രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അവസാനിച്ചത്. റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. 

തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിച്ചു. 75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. ബാങ്ക് പ്രസിഡന്റ്‌ ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു . കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് 

കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്‍റെ കുറ്റപത്രം ഒരു വർഷമായിട്ടും സമ‍ർപ്പിച്ചിട്ടില്ല.  

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. 

ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.  കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

പണം തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാ‍ഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില് കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഉള്ളത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം