ഉദ്യോഗസ്ഥർക്ക് ശത്രുതാ മനോഭാവം, നിരന്തരം പരിശോധിച്ച് പീഡിപ്പിക്കരുത്: സർക്കാരിനെതിരെ സ്വർണവ്യാപാരികൾ

Published : Sep 07, 2021, 04:14 PM IST
ഉദ്യോഗസ്ഥർക്ക് ശത്രുതാ മനോഭാവം, നിരന്തരം പരിശോധിച്ച് പീഡിപ്പിക്കരുത്: സർക്കാരിനെതിരെ സ്വർണവ്യാപാരികൾ

Synopsis

സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതികരിച്ചു

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ സർക്കാർ കർശന നടപടികളെടുക്കുമെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി സ്വർണവ്യാപാരികൾ രംഗത്ത്. കേരളത്തിൽ ഏഴായിരം സ്വർണവ്യാപാരികൾ മാത്രമാണ് നികുതി ഘടനയ്ക്ക് അകത്ത് വരുന്നത്. ഉദ്യോഗസ്ഥർക്ക് വ്യാപാരികളോട് ശത്രുതാ മനോഭാവമാണ്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണമെന്നും അവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതികരിച്ചു. ജിഎസ്‌ടി ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ സ്വർണക്കടകളുടെ മുന്നിലാണ് നിൽക്കുന്നത്. സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പോലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷൻ ആരോപിച്ചു.

നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. കോവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ  സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി  തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു. ഏകദേശം പതിനയ്യായിരത്തോളം സ്വർണ വ്യാപാരികൾ, അയ്യായിരത്തോളം നിർമ്മാണസ്ഥാപനങ്ങൾ, നൂറുകണക്കിന് ഹോൾ സെയിൽ വ്യാപാരികൾ ഉൾപ്പെടയുള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. 40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർ ജിഎസ്ടി രജിസ്ട്രേഷന്റെ പരിധിയിൽ വരാത്തതിനാൽ ഏതാണ്ട് ഏഴായിരത്തോളം വ്യാപാരശാലകൾ ജിഎസ്‌ടി രജിസ്ട്രേഷന് പുറത്താണ്. 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി രജിസ്ടേഷൻ എടുത്തിട്ടുള്ള 7000 ഓളം സ്വർണ വ്യാപാരികൾ മാത്രമാണ് നികുതിഘടനയുടെ പരിധിയിൽ വരുന്നത്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരണമെന്നും അവർ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്. ചെറിയ പിഴവ് കണ്ടെത്തിയാൽ പോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അനതികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന  സമീപനമാണ് മാറേണ്ടത്. മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതു്. കോവിഡ് വരുത്തി വച്ച അടച്ചിടലും അതു മൂലമുള്ള സാമ്പത്തിക ബാധ്യതകളും മറികടക്കാൻ ബദ്ധപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

നികുതി പിരിവ് വാറ്റ കാലത്തേക്കാൾ കൂടുതലെന്ന്

ജി എസ് ടി നിലവിൽ വന്നതിനു ശേഷം സ്വർണാഭരണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി പിരിവ് വാറ്റ് കാലഘട്ടത്തെക്കാൾ വളരെക്കൂടുതലാണ്. സ്വർണത്തിനുള്ള 3% നികുതി കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ്. (1.5% സെൻട്രൽ GST, 1.5 % സ്റ്റേറ്റ് GST)മാത്രമല്ല സ്വർണ വ്യാപാരികൾ പകുതിയിലധികം ആഭരണങ്ങൾ വാങ്ങുന്നത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമാണ്.  സ്വർണാഭരണ നിർമ്മാണത്തിനുപയോഗിക്കുന്ന തങ്കം ( ബുള്ള്യൻ) നൂറു ശതമാനവും കേരളത്തിന് വെളിയിൽ നിന്നാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിന് ല നികുതി  ലഭിക്കുന്നതേയില്ല. കേരളത്തിന് വെളിയിൽ നിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് അതാത് സംസ്ഥാനങ്ങളിൽ നികുതി നൽകുകയും അതിന് കേരളത്തിൽ സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിൽ വിറ്റഴിക്കുന്ന സ്വർണത്തിന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന നികുതിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ സ്വർണത്തിന്റെ നികുതി തട്ടിക്കഴിച്ചാണ് ഓരോ മാസവും വ്യാപാരി നികുതി അടയ്ക്കുന്നത്. വാറ്റ് കാലഘട്ടത്തിൽ 95% സ്വർണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ് പിൻതുടർന്നുവന്നത്. ഓരോ വർഷവും മുൻവർഷത്തെക്കാൾ 25 % കൂട്ടി നികുതി അടച്ചു കൊള്ളാമെന്ന നിബന്ധനയുമുണ്ടായിരുന്നു. ജി എസ് ടി നിയമത്തിൽ അനുമാന നികുതിയും കോമ്പൗണ്ടിംഗ് രീതിയുമില്ലാത്തതിനാൽ യഥാർത്ഥ വിറ്റുവരവിൽ മാത്രമാണ് നികുതി അടയ്ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്
അത് ചിത്രപ്രിയ അല്ല, ഏറ്റവും വലിയ തെളിവ് തള്ളി ബന്ധു തന്നെ രംഗത്ത്; സിസിടിവി ദൃശ്യങ്ങൾ തള്ളി, പൊലീസ് പറയുന്നത് കളവെന്ന് ആരോപണം