'സ്വപ്നയുടെ ലോക്കറിൽ യൂണിടാക് ശിവശങ്കറിന് നൽകിയ കോഴ', ഹൈക്കോടതിയിൽ ഇഡി

By Web TeamFirst Published Dec 2, 2020, 11:45 AM IST
Highlights

കള്ളപ്പണം സൂക്ഷിക്കാൻ വേണ്ടി മാത്രമാണ് സ്വപ്ന സുരേഷിന്‍റെയും ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും പേരിൽ ഒന്നിച്ച് ലോക്കർ തുറന്നത്. വീണ്ടുമൊരു ലോക്കർ തുറപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്വപ്നയ്ക്ക് അത്രയും വരുമാനമില്ലാത്തതിനാൽ നടന്നില്ലെന്നും ഇഡി.

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന പ്രഭാ സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. സത്യവാങ്മൂലത്തിന്‍റെ പക‍ർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്. 150-ലധികം പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും ഫെഡറൽ ബാങ്കിലെയും ലോക്കറുകളിലെ ഒരു കോടി രൂപ ആരുടേതാണെന്ന ചോദ്യം ആദ്യം മുതലേ ഉയർന്നിരുന്നതാണ്. ഷാർജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് ആദ്യവും പിന്നീട് അച്ഛൻ വിവാഹസമ്മാനമായി തന്നതാണെന്ന് പിന്നീടും പരസ്പരവിരുദ്ധമായ മൊഴികളാണ് സ്വപ്ന പറഞ്ഞത്. എന്നാൽ കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്നയുടെ വിശദമായ മൊഴിയെടുത്തപ്പോൾ എവിടെ നിന്നാണ് ഈ പണം ലഭിച്ചതെന്ന് സ്വപ്ന വ്യക്തമാക്കിയെന്നാണ് ഇഡി സത്യവാങ്മൂലത്തിൽ പറയുന്നത്. 

ശിവശങ്കറിന്‍റെ പണമാണ് ഒരു കോടി രൂപയെന്നാണ് ഇപ്പോൾ സ്വപ്ന പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്സ് ശിവശങ്കറിന് നൽകിയ കമ്മീഷനാണിത്. ശിവശങ്കറിന്‍റെ പണമായതുകൊണ്ടാണ്, അദ്ദേഹത്തിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ഈ ലോക്കറിന്‍റെ ജോയന്‍റ് ഉടമയായി കാണിച്ചത്. ഇത് സംബന്ധിച്ച വാട്സാപ്പ് സന്ദേശങ്ങളടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വപ്നയെ ഉപയോഗിച്ച് മൂന്നാമത് ഒരു ലോക്കർ തുറപ്പിക്കാനും ശിവശങ്കർ ശ്രമിച്ചിരുന്നുവെന്ന് ഇഡി പറയുന്നു. എന്നാൽ യുഎഇ കോൺസുലേറ്റിലെ ജോലി മാത്രമാണ് സ്വപ്നയ്ക്ക് ഉള്ളത്. അവിടെ അറുപതിനായിരം രൂപ മാത്രമാണ് സ്വപ്നയ്ക്ക് മാസശമ്പളം. മൂന്നാമതൊരു ലോക്കർ തുറന്ന് പണം സൂക്ഷിക്കാനുള്ള വരുമാനം സ്വപ്നയ്ക്ക് ഇല്ലാത്തതിനാൽ മാത്രം ഈ പദ്ധതി നടന്നില്ല.

ലൈഫ് മിഷനിൽ ഇനി വരാനിരിക്കുന്ന 28 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്കാണെന്നും ഇഡി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ടെണ്ടർ നടപടികൾക്കിടെ ടെണ്ടർ തുറക്കുന്നതിന് മുമ്പ് തന്നെ ഈ കമ്പനികൾ ഏതൊക്കെ, അവർ കാണിച്ച തുകയെത്ര എന്നതടക്കമുള്ള വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. ഇതിന് വാട്സാപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകളുണ്ടെന്നും ഇഡി അറിയിക്കുന്നു. 

ടെണ്ടർ നടപടികളുടെ വിശ്വാസ്യത തന്നെ അട്ടിമറിക്കുന്ന തരത്തിലാണ് ശിവശങ്കർ പെരുമാറിയിരിക്കുന്നതെന്നും ഇഡി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് കേസിൽ എം ശിവശങ്കറിനായി ഹാജരാകുന്നത്.

click me!